ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി സുരക്ഷിതൻ: കപ്പൽ പടയെ മിഡിൽ ഈസ്റ്റിലേക്ക് അയച്ച് അമേരിക്ക...

ഖമേനി ബങ്കറിൽ ഒളിച്ചിരിക്കുകയല്ല. ഉപരോധഭീഷണി ഉണ്ടായിരുന്നിട്ടും ഇന്ത്യയുമായി ഇറാൻ സഹകരണം തുടരാൻ ശ്രമിക്കുന്നുണ്ടെന്ന് പ്രതികരിച്ച് മുംബൈയിലെ ഇറാനിയൻ കോൺസുൽ ജനറൽ സയീദ് റെസ മൊസായബ് മൊത്ലഗ്. രാജ്യത്തെ പ്രതിഷേധങ്ങൾക്ക് പിന്നിൽ വിദേശ രഹസ്യാന്വേഷണ ഏജൻസികളാണെന്ന് അദ്ദേഹം ആരോപിച്ചു. ഇറാൻ ആഭ്യന്തരപ്രതിസന്ധി നേരിടുന്നുവെന്ന് ചിത്രീകരിക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്. ഒരു പരിധിവരെ സുരക്ഷാ സേന പ്രതിഷേധക്കാരോട് സംയമനം പാലിച്ചു. എന്നാൽ ഇറാനു പുറത്തുള്ള നേതാക്കളിൽ നിന്ന് നിർദേശം ലഭിച്ചതോടെ ഭീകരവാദ ഘടകങ്ങൾ അട്ടിമറിപ്രവർത്തനങ്ങൾ ആരംഭിച്ചു. പൊതുമുതലിനും പൗരന്മാരുടെ സ്വത്തുക്കൾക്കും നാശമുണ്ടാക്കി. ചെറുതും വലുതുമായ നഗരങ്ങളിൽ സംഘർഷമുണ്ടാക്കി. നിർഭാഗ്യവശാൽ 3117 പേർ കൊല്ലപ്പെട്ടു. ഇതിൽ 2427 പേർ സാധാരണക്കാരും സുരക്ഷാസേനാംഗങ്ങളുമാണ്. 690 ഭീകരവാദികളും കൊല്ലപ്പെട്ടു- അദ്ദേഹം അവകാശപ്പെട്ടു.
പ്രതിഷേധക്കാരിൽ ഭൂരിഭാഗവും വിദേശ രഹസ്യാന്വേഷണ ഏജൻസികളിൽ നിന്ന് പരിശീലനം ലഭിച്ചവരോ അവരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നവരോ ആണെന്നും സയീദ് റെസ മൊസായബ് മൊത്ലഗ് അഭിമുഖത്തിനിടെ അവകാശപ്പെട്ടു. ഏതെങ്കിലും ശക്തി ഇറാനെതിരേ ആക്രമിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ പ്രതിരോധിക്കാൻ പൂർണ്ണമായും തയ്യാറാണ്. പൂർണ്ണശക്തിയോടെ അത് ചെയ്യും. ഇതുവരെ കണ്ടിട്ടുള്ള ഏതൊരു ആക്രമണത്തേയും ചെറുക്കാനുള്ള ശക്തി ഇറാന് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രയേലിനെതിരേ 12 ദിനം നീണ്ട യുദ്ധം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം ഇക്കാര്യം ഓർമ്മിപ്പിച്ചത്. ഒരു വിദേശശക്തികളേയും ഇറാന് പേടിയില്ല. ചിലർ കിംവദന്തികൾ പ്രചരിപ്പിക്കുന്നു. മറ്റേതൊരു രാജ്യത്തേയും പോലെ നേതാവിന് സുരക്ഷാ ഉദ്യോഗസ്ഥർ സംരക്ഷണമൊരുക്കുന്നത് സ്വാഭാവികമാണ്.
അദ്ദേഹം ബങ്കറിലോ അഭയകേന്ദ്രത്തിലോ ഒളിച്ചിരിക്കുകയാണെന്ന് ആരും കരുതരുതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇറാനെ ലക്ഷ്യം വെച്ച് യുഎസ് സൈന്യം നീങ്ങുന്നതായി ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഏത് വിധേനയുള്ള ആക്രമണവും പൂർണ്ണയുദ്ധമായി കണക്കാക്കുമെന്നും എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് ശക്തമായി തിരിച്ചടിക്കുമെന്നും അമേരിക്കയ്ക്ക് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു.
https://www.facebook.com/Malayalivartha























