പിതാവ് അമ്മയെയും ബന്ധുക്കളെയും വെടിവച്ചതായി 12 വയസ്സുള്ള കുട്ടിയുടെ ഫോൺ കോൾ: വീട്ടിലെത്തിയ പൊലീസ് സംഘം കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന നാല് മൃതദേഹങ്ങൾ; ജോർജിയയിൽ കുടുംബ വഴക്കിനെ തുടർന്നുണ്ടായ കൊലപാതകങ്ങളിൽ ഇന്ത്യക്കാരനെ പോലീസ് പിടികൂടി: മൂന്ന് മക്കളും രക്ഷപെട്ടത് അലമാരയിൽ ഒളിച്ചിരുന്നതിനാൽ

ജോർജിയയിൽ കുടുംബ വഴക്കിനെ തുടർന്നുണ്ടായ വെടിവയ്പ്പിൽ ഇന്ത്യൻ വംശജരായ നാല് പേർ കൊല്ലപ്പെട്ടു. ജോർജിയയിലെ ലോറൻസ്‌വില്ലിൽ ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. ഭാര്യ മീമു ഡോഗ്ര (43), ഗൗരവ് കുമാർ (33), നിധി ചന്ദർ (37), ഹരീഷ് ചന്ദർ (38) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ വിജയ് കുമാറിനെ (51) അതിവേഗം പൊലീസ് സംഘം പിടികൂടുകയായിരുന്നു. പിതാവ് അമ്മയെയും ബന്ധുക്കളെയും വെടിവച്ചതായി പ്രതിയുടെ മകനായ 12 വയസ്സുള്ള കുട്ടിയാണ് എമർജൻസി നമ്പറിൽ വിളിച്ച് അറിയിച്ചത്. വിവരം അറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും പ്രതി വീട്ടിൽ നിന്ന് രക്ഷപ്പെട്ടിരുന്നു.
വീട്ടിലെത്തിയ പൊലീസ് സംഘം കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന നാല് മൃതദേഹങ്ങളായിരുന്നു. തുടർന്ന് വീടും പരിസരവും പൊലീസ് സംഘം പരിശോധിച്ചു. പ്രതിയുടെ വാഹനം സമീപത്ത് തന്നെ കിടക്കുന്നത് കണ്ടതോടെ വിജയ് കുമാർ പ്രദേശത്ത് തന്നെ ഉണ്ടാകുമെന്ന് പൊലീസ് ഊഹിച്ചു. അതിവേഗം കെ9 ഡോഗ് സ്ക്വാഡിനെ സംഭവസ്ഥലത്ത് എത്തിച്ച് പരിശോധിച്ചു.
പൊലീസ് നായ മണം പിടിച്ച് വീടിന് സമീപത്ത് തന്നെയുള്ള സ്ഥലത്ത് മരങ്ങൾക്കിടയിൽ ഒളിച്ചിരുന്ന വിജയ് കുമാറിന്റെ അടുത്ത് എത്തിയതായാണ് പ്രാഥമികമായി പുറത്ത് വരുന്ന വിവരം. വിജയ് കുമാർ കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകങ്ങൾ നടത്തിയത്.വീട്ടിൽ സംഭവസമയം വിജയ് കുമാറിന്റെ 12 വയസ്സുള്ള കുട്ടി, ഏഴും പത്തും വയസ്സുള്ള മറ്റ് രണ്ട് കുട്ടികൾ എന്നിവരും ഉണ്ടായിരുന്നു. ഏഴും പത്തും വയസ്സുള്ള കുട്ടികൾ ബന്ധുക്കളുടെ കൂടെ വന്നവരാണ്. കുട്ടികൾ അലമാരയിൽ കയറി ഒളിച്ചതിനാലാണ് രക്ഷപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ.
https://www.facebook.com/Malayalivartha























