സിറാജ് യൂണിറ്റ് ചീഫ് ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: ശ്രീറാമും വഫ നജീമും ആഗസ്റ്റ് 9 ന് ഹാജരാകാൻ സെഷൻസ് കോടതി ഉത്തരവ്:

സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് ആയ കെ. എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ നരഹത്യ കേസിൽ ഒന്നാം പ്രതിയായ ഐ എ എസുകാരനായ ശ്രീറാം വെങ്കിട്ടരാമനും കൂട്ടു പ്രതി കാറുടമയും പരസ്യ മോഡലും ശ്രീറാമിൻ്റെ പെൺ സുഹൃത്തുമായ വഫാ നജീമും അഗസ്റ്റ് 9 ന് ഹാജരാകാൻ സെഷൻസ് കോടതി ഉത്തരവിട്ടു.
തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണുത്തരവ്. കുറ്റപത്രത്തിൻ്റെ പകർപ്പുകൾ ഇരു പ്രതികളുടെയും അഭിഭാഷകർക്ക് മജിസ്ട്രേട്ട് കോടതി ഫെബ്രുവരി 24 ന് നൽകിയിരുന്നു. സി ഡികൾ ഉൾപ്പെടെയുള്ള രേഖകളുടെ പകർപ്പ് പ്രതികൾക്ക് നൽകിയ ശേഷം കേസ് വിചാരണക്കായി സെഷൻസ് കോടതിയിലേക്ക് കമ്മിറ്റ് ചെയ്യുകയായിരുന്നു.
2020 ഫെബ്രുവരി മാസം 3 ന് പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രം മജിസ്ട്രേട്ട് കോടതി അംഗീകരിച്ചിരുന്നു. കുറ്റപത്രവും അനുബന്ധ രേഖകളായ സാക്ഷിമൊഴികൾ , മെഡിക്കൽ പരിശോധന റിപ്പോർട്ട് , ഫോറൻസിക് റിപ്പോർട്ടുകൾ എന്നിവയുടെ പരിശോധനയിൽ നരഹത്യ കുറ്റത്തിന്റെ വകുപ്പായ 304 (ii) ശ്രീറാമിനെ പ്രഥമദൃഷ്ട്യാ നില നിൽക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു.
പത്തു വർഷം വരെ തടവും പിഴയും ശിക്ഷിക്കാവുന്ന സെഷൻസ് കുറ്റമായതിനാൽ സെഷൻസ് കോടതി വിചാരണ ചേയ്യേണ്ടതായ 304 (ii) നിലനിൽക്കുന്നതായി കണ്ടെത്തിയതിനാൽ കേസ് കമ്മിറ്റ് ചെയ്ത് വിചാരണക്കായി സെഷൻസ് കോടതിക്കയക്കുകയായിരുന്നു.
2019 ഓഗസ്റ്റ് 3 ന് പുലർച്ചെ 1 മണിയ്ക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ച് വാഹനമോടിക്കാൻ പാടില്ലായെന്ന നിയമം നിലവിലിരിക്കെ ആയതിന് വിപരീതമായി ഒന്നാം പ്രതിയായ ശ്രീറാം മദ്യ ലഹരിയിൽ രണ്ടാം പ്രതിയായ വഫാ ഫിറോസെന്ന പെൺ സുഹൃത്തിനൊപ്പം വഫയുടെ വക കെ എൽ 01-ബി എം 360 നമ്പർ വോക്സ് വാഗൺ കാർ മനുഷ്യജീവന് ആപത്തു വരത്തക്കവിധം അപകടമായ രീതിയിലും അമിത വേഗതയിലും ഓടിച്ച് താൻ ചെയ്യുന്ന പ്രവൃത്തി മറ്റൊരാളുടെ മരണത്തിന് ഇടയാക്കുമെന്ന അറിവോടെ പ്രവർത്തിച്ച് കവഡിയാർ ഭാഗത്തു നിന്നും കാറോടിച്ചു വരവേ മ്യൂസിയം പബ്ലിക്ക് ഓഫീസ് മുൻവശം റോഡിൽ വച്ച് കെഎൽ 01 സി സി 881 നമ്പർ ബൈക്ക് യാത്രികനായ ബഷീറിനെ ബൈക്കിൻ്റെ പുറകുവശം കാറിടിപ്പിച്ച് കൊലപ്പെടുത്തി നരഹത്യാ കുറ്റം ചെയ്തതായും കാർ ബൈക്കിലിടിപ്പിച്ച് ബൈക്കിനെയും കൊണ്ട് 17 മീറ്റർ നിരങ്ങി നീങ്ങി ഫുട്പാത്തിനുള്ളിലേക്ക് മതിലിൽ ഇടിച്ചു കയറ്റുകയും ഇടിയുടെ ആഘാതത്തിൽ ഫുട്പാത്ത് ക്രാഷ് ബാരിയറായ ലോഹ ബാരിക്കേഡിനും ഒരു ഇലക്ട്രിക് പോസ്റ്റിനും നാശനഷ്ടം സംഭവിപ്പിച്ചതിലൂടെ സർക്കാരിന് 27, 847 രൂപയുടെ സാമ്പത്തിക നഷ്ടം വരുത്തിയതായും ഒന്നാം പ്രതി പരിശോധനക്കായി രക്തസാമ്പിൾ നൽകാതെ വൈകിപ്പിച്ച് തെളിവുകൾ നശിപ്പിച്ചതായും പ്രതികൾ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ കളവായ വിവരം നൽകിയെന്നും വഫാ ഫിറോസ് ശ്രീറാമിനെ മദ്യപിച്ച് വാഹനമോടിക്കാനും അപകടകരമായ രീതിയിലും അമിത വേഗതയിലും വാഹനമോടിക്കാൻ പ്രേരിപ്പിക്കുകയും സഹായിക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്ത് പ്രതികൾ കൃത്യത്തിന് പരസ്പരം ഉത്സാഹികളും സഹായികളുമായി നിന്ന് പ്രവർത്തിച്ച് ശിക്ഷാർഹമായ കുറ്റങ്ങൾ മനസ്സാലെ ചെയ്തുവെന്നാണ് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച പോലീസ് കുറ്റപത്രത്തിൽ പറയുന്നത്. ഇതേ റോഡിലൂടെ അമിതവേഗതയിൽ കാറോടിച്ചതിന് വഫയ്ക്ക് മൂന്നു തവണ പിഴ ചുമത്തിയതായും കുറ്റപത്രത്തിലുണ്ട്.
https://www.facebook.com/Malayalivartha