ഒരേ വാക്‌സിന് മൂന്ന് വില നിശ്ചയിക്കുന്നത് ഭ്രാന്തന്‍ നയം; എല്ലാ പൗരന്മാര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കണം; കേന്ദ്രസർക്കാരിന്റെ വാക്‌സിൻ നയത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്രത്തിന് വന്ന വീഴ്‌ചയ്‌ക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരേ വാക്‌സിന് മൂന്ന് വില നിശ്ചയിക്കുന്നത് ഭ്രാന്തന്‍ നയമാണ്. സമൂഹത്തില്‍ അസമത്വം സൃഷ്‌ടിക്കുന്നതാണിത്. ഈ നയം തിരുത്തി എല്ലാ പൗരന്മാര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
വാക്‌സിനുകളുടെ വില നോക്കിയാല്‍ 150 രൂപയ്‌ക്ക് കേന്ദ്രം നല്‍കുന്ന വാക്‌സന് സംസ്ഥാനങ്ങള്‍ 400 രൂപയും സ്വകാര്യ ആശുപത്രികളില്‍ എത്തുമ്ബോള്‍ പിന്നെയും വിലകൂടുന്ന അവസ്ഥയാണ് പുതിയ നയത്തിലുണ്ടാകുന്നത്. ഇത് എന്തു തരം നയമാണെന്ന് ചെന്നിത്തല ചോദിച്ചു. ഓക്‌സിജന്‍ ക്ഷാമത്തെ കുറിച്ചുളള മുന്നറിയിപ്പ് നല്‍കിയിട്ടും കേന്ദ്രം മതിയായ രീതിയില്‍ പ്രവര്‍ത്തിക്കാതെ വന്നതോടെ പല സംസ്ഥാനങ്ങളിലും ഓക്‌സിജന്‍ കിട്ടാതെ ജനങ്ങള്‍ മരിക്കുന്ന അവസ്ഥയാണ് ഉണ്ടായത്. ആപത്ഘട്ടത്തില്‍ പൗരന്മാരെ സംരക്ഷിക്കുക എന്നതാണ് ഏതൊരു ഭരണകൂടത്തിന്റെയും കടമ. എന്നാല്‍ അത് നിറവേറ്റാതെ വാക്‌സിന്‍ കമ്ബനികള്‍ക്ക് കൊളളയടിക്കാന്‍ പൗരന്മാരെ എറിഞ്ഞുകൊടുത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളുടെ നികുതിപ്പണം കൊണ്ട് പ്രവര്‍ത്തിക്കുന്നതാണ്. ആ രണ്ട് സര്‍ക്കാരുകള്‍ക്കുമിടയില്‍ വിവേചനം ഉണ്ടാക്കുന്നൊരു നയം കേന്ദ്രം എങ്ങനെ ആവിഷ്‌കരിച്ചുവെന്ന് ചെന്നിത്തല ചോദിച്ചു. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണ് ഈ നയം. വാക്‌സിന്‍ വിതരണത്തെ കുറിച്ചും ദൗര്‍ലഭ്യത്തെ കുറിച്ചും പരാതി ഉയരുമ്ബോള്‍ കേന്ദ്രം ആ ചുമതല സംസ്ഥാന സര്‍ക്കാരുകളുടെ തലയില്‍ കെട്ടിവച്ച് ഒളിച്ചോടുന്നു. കേന്ദ്ര നയം അനാരോഗ്യപരമായ വടംവലിയ്‌ക്ക് സംസ്ഥാനങ്ങളെ എറിഞ്ഞുകൊടുക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
രണ്ടാം തരംഗമുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും ഓക്‌സിജന്‍ ഉല്‍പാദനത്തിന് വേണ്ട നടപടികളൊന്നും കേന്ദ്രം സ്വീകരിച്ചില്ല. രോഗബാധയുണ്ടായാല്‍ ചികിത്സ ലഭിക്കാനുളള പൗരന്റെ അവകാശത്തെ നിഷേധിക്കരുതെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha