മെഡിക്കല്‍ കോളജിലെ മുന്‍ വകുപ്പുമേധാവിക്കെതിരെ ലൈംഗികാതിക്രമ ആരോപണം; വിദ്യാര്‍ത്ഥിനിയുടെ ആരോപണം വിരമിച്ച അധ്യാപകനെതിരെ; പ്രിന്‍സിപ്പലിന് പരാതി എസ്.എഫ്.ഐ

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഒരു മുന്‍ വകുപ്പു മേധാവി ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയുമായി വിദ്യാര്‍ത്ഥിനി. വകുപ്പുമേധാവി ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചെന്ന വെളിപ്പെടുത്തലാണ് വിദ്യാര്‍ത്ഥിനി നടത്തിയിരിക്കുന്നത്. എസ്എഫ്‌ഐ മെഡിക്കല്‍ കോളജ് യൂണിറ്റ് സംഘടിപ്പിച്ച ലൈംഗികാതിക്രമങ്ങള്‍ക്കെതിരായ ബോധവല്‍ക്കരണ പരിപാടിയിലാണ് വിദ്യാര്‍ഥിനിയുടെ വെളിപ്പെടുത്തല്‍.
മറ്റു വിദ്യാര്‍ത്ഥിനികള്‍ക്കും സമാനമായ അനുഭവമുണ്ടായതായി അറിഞ്ഞതിനെ തുടര്‍ന്ന് എസ്എഫ്‌ഐ പ്രിന്‍സിപ്പലിന് പരാതി നല്‍കി. ആരോപണവിധേയന്‍ വിരമിച്ചതിന് പിന്നാലെയാണ് വിവരം പുറത്തു വരുന്നത്. എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ നടന്ന പ്രചാരണപരിപാടിയുടെ ഭാഗമായാണ് പേരുവെളിപ്പെടുത്താതെ ഒരു വിദ്യാര്‍ഥിനി ഇയാളുടെ മോശം പെരുമാറ്റത്തെ പറ്റി എഴുതിയത്.
ഹൗസ് സര്‍ജന്‍സി കഴിഞ്ഞ് പ്രാക്ടീസ് തുടങ്ങാന്‍ ട്രാവന്‍കൂര്‍ മെഡിക്കല്‍ കൗണ്‍സില്‍ റജിസ്‌ട്രേഷന്‍ വേണം. അതിന് ഹൗസ് സര്‍ജന്‍സി ചെയ്ത വകുപ്പുകളുടെ തലവന്‍മാരുടെ ഒപ്പ് ആവശ്യമാണ്. ഈ ഒപ്പുവാങ്ങാന്‍ ചെന്നപ്പോള്‍ മോശം പെരുമാറ്റമുണ്ടായെന്നാണ് വിദ്യാര്‍ഥിനി വെളിപ്പെടുത്തിയത്. 2015 ബാച്ചിലുണ്ടായിരുന്ന, നിലവില്‍ ഹൗസ് സര്‍ജനായ പെണ്‍കുട്ടിയാണ് വെളിപ്പെടുത്തിയതെന്ന് പിന്നീട് എസ്എഫ്‌ഐ നേതാക്കള്‍ക്ക് ബോധ്യപ്പെട്ടു. തുടര്‍ന്ന് സംഘടന നടത്തിയ അന്വേഷണത്തില്‍ മറ്റു പലര്‍ക്കും ഈ വകുപ്പുമേധാവിയില്‍നിന്ന് സമാനമായ അനുഭവമുണ്ടായതായി അറിഞ്ഞു.
ഇതേ തുടര്‍ന്നാണ് കഴിഞ്ഞമാസം 30ന് എസ്എഫ്‌ഐ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന് പരാതി നല്‍കിയത്. ഈ മാസം ഒന്നിന് ആരോപണവിധേയന്‍ വിരമിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ പ്രിന്‍സിപ്പല്‍ വിളിച്ച യോഗത്തില്‍ സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ചില തീരുമാനങ്ങളെടുത്തു. പരാതിയില്‍ സാധ്യമായ നടപടികളെടുക്കും, എല്ലാ വകുപ്പുകളിലും യോഗം വിളിച്ച് സാഹചര്യത്തിന്റെ ഗൗരവം അറിയിക്കും, വിദ്യാര്‍ത്ഥികള്‍ക്ക് അധികാരികളെ ഭയപ്പെടാതെ പരാതികള്‍ അറിയിക്കാനുള്ള വേദിയായി ഇന്റേണല്‍ കമ്മിറ്റിയെ മെച്ചപ്പെടുത്തും എന്നിവയാണ് തീരുമാനങ്ങള്‍. ഇതുവരെ പൊലീസിന് പരാതി നല്‍കയിട്ടില്ല. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലും വിഷയത്തില്‍ ഇതുവരെ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha
























