മലങ്കര സഭ ഭിന്നിക്കരുതെന്ന പ്രധാനമന്ത്രിയുടെ നിലപാട് സ്വാഗതാർഹം എന്ന് ഓർത്തഡോക്സ് സഭ.

മലങ്കര സഭ ഭിന്നിക്കരുതെന്ന പ്രധാനമന്ത്രിയുടെ നിലപാട് സ്വാഗതാർഹം എന്ന് ഓർത്തഡോക്സ് സഭ. ഡൽഹി നടന്ന ചർച്ച നല്ലതെന്നും സഭ അധ്യക്ഷൻ മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പ്രതികരിച്ചു.
സഭാതർക്കത്തിലെ 1958, 1995, 2017 കോടതി വിധികളെല്ലാം ഇക്കാര്യം തന്നെയാണ് പറയുന്നത്. വട്ടശേരിൽ തിരുമേനിയുടെ കാലം മുതൽ മലങ്കര സഭയുടെയും നിലപാട് ഇതു തന്നെയെന്നും കാതോലിക്കാ ബാവാ പറഞ്ഞു. ഒന്നായി മുന്നോട്ട് പോകണമെന്ന നിലപാട് മലങ്കര സഭ കേന്ദ്ര - സംസ്ഥാന സർക്കാരുകളെ അറിയിച്ചിട്ടുള്ളതാണ്.
പൗരാണിക പാരമ്പര്യമുള്ള യഥാർത്ഥ ഭാരതീയ സഭയെന്ന വിശേഷണമാണ് സഭയ്ക്ക് ബിജെപിയും ആർഎസ്എസും നൽകിയിട്ടുള്ളത്. ഭാഗിക്കണമെന്ന ആവശ്യത്തോട് പ്രധാനമന്ത്രി സമ്മതം മൂളുമെന്ന് കരുതുന്നില്ല.
മലങ്കര സഭയുടെ അസ്ഥിത്വത്തിനെതിരായുള്ള നിലപാട് ആരും സ്വീകരിക്കില്ല. നിഖ്യാ സുന്നഹദോസ് വിളിച്ചു കൂട്ടിയ കുസ്തന്തീനോസ് ചക്രവർത്തിയും സഭകളുടെ യോജിപ്പാണ് ചർച്ച ചെയ്തത്.
സഭാ സമാധനത്തിന് മറ്റെങ്ങും പോകേണ്ടതില്ല. സ്വത്വവും സത്യവും മനസിലാക്കിയാൽ മാത്രം മതിയെന്നും കാതോലിക്കാ ബാവാ പറഞ്ഞു.
അതേസമയം, യാക്കോബായ സഭ നേതൃത്വവുമായുള്ള ചർച്ചയിൽ അഭിമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചിരുന്നു. മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയനെ നേരിൽ കാണാൻ സാധിച്ചതിൽ ഏറെ അഭിമാനമുണ്ടെന്നും കൂടിക്കാഴ്ചയിൽ വിവിധ വിഷയങ്ങൾ ചർച്ചയായെന്നും മോദി എക്സിൽ കുറിച്ചു.
https://www.facebook.com/Malayalivartha

























