ഉഡായിപ്പ് നടക്കില്ല ... അപേക്ഷിക്കുന്നവര്‍ക്കെല്ലാം യാത്രാപാസ് നല്‍കാനാകില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ...സത്യവാങ്മൂലം അത്യാവശ്യത്തിന് പുറത്തിറങ്ങാന്‍ മാത്രം

സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇനി യാത്രയ്ക്കായി പോലീസ് പാസ് നിര്‍ബന്ധമാക്കിയിരിക്കുകയാണ് . പോലീസ് പാസിന് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കണം. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാനുള്ള സംവിധാനം നിലവില്‍ വന്നതോടെ യാത്രാപാസിനായി വന്‍തിരക്കാണ്. ഒരു രാത്രികൊണ്ട് അപേക്ഷിച്ചത് നാല്‍പതിനായിരത്തോളം പേരാണ്.
അതേസമയം അപേക്ഷിക്കുന്നവര്‍ക്കെല്ലാം യാത്രാപാസ് നല്‍കാനാകില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു . അത്യാവശ്യത്തിന് പുറത്തിറങ്ങാന്‍ സത്യവാങ്മൂലം ആവശ്യമാണ്. ജോലിക്ക് പോകാന്‍ പാസ് നിർബന്ധമെന്നും അദ്ദേഹം പറഞ്ഞു. അപേക്ഷകരില്‍ ഭൂരിഭാഗവും അനാവശ്യയാത്രക്കാരാണെന്നും ഒഴിവാക്കാനാകാത്ത യാത്രക്ക് മാത്രമേ പാസ് ഉള്ളൂവെന്നുമാണ് പൊലീസ് നിലപാട്.
മൊബൈലിലോ ഇ മെയിലോ യാത്രാപാസ് ലഭിക്കും. കൂലിപ്പണിക്കാര്‍ക്കും ദിവസ വേതനക്കാര്‍ക്കും ജോലിക്ക് പോകാനാണ് പാസ്. തൊഴിലാളിയോ തൊഴിലുടമയോ ഇതിനായി അപേക്ഷ നല്‍കണം. ലോക്ഡൗണില്‍ ഇളവ് നല്‍കിയിരിക്കുന്ന തൊഴില്‍ മേഖലയിലുള്ളവര്‍ക്കും പാസ് നല്‍കും.
ഇതോടൊപ്പം അടിയന്തര യാത്ര വേണ്ടവര്‍ക്കും പാസിനായി അപേക്ഷിക്കാം. മരണം, ആശുപത്രി, അടുത്ത ബന്ധുവിന്റെ വിവാഹം പോലെ ഒഴിച്ച് കൂടാനാവാത്ത ആവശ്യങ്ങള്‍ക്ക് മാത്രമേ പാസ് നല്‍കൂ. അവശ്യ വിഭാഗത്തില്‍ വരുന്നവര്‍ പാസ് വേണ്ട, തിരിച്ചറിയല്‍ രേഖ മാത്രം മതി.
പേര്, സ്ഥലം, യാത്രയുടെ ഉദ്ദേശം എന്നിവ ഓണ്‍ലൈനില്‍ പാസിനായി അപേക്ഷിക്കുമ്പോള്‍ രേഖപ്പെടുത്തണം. ഇത് പരിശോധിച്ചാണ് യാത്രാനുമതി നല്‍കുക. അനുമതി ലഭിച്ചാല്‍ അപേക്ഷിക്കുന്നയാളുടെ മൊബൈല്‍ ഫോണിലേക്ക് ഒടിപി വരും. അനുമതി പത്രം ഫോണില്‍ ലഭ്യമാകും. ഇതുപയോഗിച്ച് മാത്രമാണ് യാത്ര നടത്താനാവുക. ആശുപത്രി ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി അവശ്യ സേവന വിഭാഗങ്ങള്‍ക്ക് പാസില്ലാതെ യാത്ര ചെയ്യാം.
നാളെ മുതല്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കേണ്ടിവരും. നിര്‍മാണ മേഖലയിലെ ആളുകളെ ഉടമ പ്രത്യേക വാഹനത്തിലാണ് ജോലിക്കെത്തിക്കേണ്ടത്. കൂടാതെ, ലോക്ഡൗണ്‍ ഡ്യൂട്ടിക്കിറങ്ങുന്ന പൊലീസുകാർക്ക് സുരക്ഷയൊരുക്കാന്‍ നടപടിയെടുക്കുമെന്ന് ഡിജിപി ഉറപ്പുനൽകി. പൊലീസുകാര്‍ക്കിടയില്‍ കോവിഡ് വര്‍ധിക്കുന്നുവെന്ന വാര്‍ത്തയെത്തുടര്‍ന്നാണ് നടപടി .
https://www.facebook.com/Malayalivartha


























