സസ്‌പെന്‍സ് പൊട്ടിക്കുമ്പോള്‍... ചരിത്രം കുറിച്ച് വീണ ജോര്‍ജ് സ്പീക്കര്‍ ആകുമോയെന്ന് ഇന്നറിയാം; സ്പീക്കര്‍ പദവിയിലേക്കു പരിഗണിക്കുന്നവരില്‍ ആറന്മുള എംഎല്‍എ വീണ ജോര്‍ജിന് മുന്‍ഗണന; മാധ്യമ പ്രവര്‍ത്തകയില്‍ നിന്നും എംഎല്‍എയായി തിളക്കമാര്‍ന്ന പ്രകടനം നടത്തിയത് അനുകൂലം

പുതുമുഖങ്ങളെ അണിനിരത്തി രണ്ടാം പിണറായി മന്ത്രിസഭ രൂപവത്കരണ നടപടിയിലേക്ക് സി.പി.എം. കടന്നു കഴിഞ്ഞു. ഭരണത്തുടര്‍ച്ചയെന്ന ചരിത്രനേട്ടത്തിനൊപ്പം ആദ്യ വനിതാ സ്പീക്കറെ അവതരിപ്പിക്കുന്ന ചരിത്രംകൂടി രണ്ടാം പിണറായി സര്‍ക്കാരിലുണ്ടാകുമോയെന്നതും ഇന്നറിയാം.
പുതിയ നിയമസഭയില്‍ വനിതയെ സ്പീക്കര്‍ ആക്കണമെന്ന നിര്‍ദേശം സിപിഎം നേതൃത്വത്തിന്റെ സജീവ പരിഗണനയിലാണുള്ളത്. ആറന്മുള എംഎല്‍എ വീണ ജോര്‍ജിനെയാണ് സ്പീക്കര്‍ പദവിയിലേക്കു പരിഗണിക്കുന്നത്.
മന്ത്രിസഭയില്‍ വനിതാ പ്രാതിനിധ്യം കൂട്ടുക, വനിതയെ സ്പീക്കര്‍ ആയി നിയോഗിക്കുക എന്നീ നിര്‍ദേശങ്ങള്‍ സിപിഎം നേതൃത്വം സജീവമായി പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും തുടര്‍ന്നു നടക്കുന്ന സംസ്ഥാന സമിതിയിലുമാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക.
കെകെ ശൈലജ ടീച്ചര്‍ ഒഴികെ കഴിഞ്ഞ മന്ത്രിസഭയില്‍നിന്ന് ആരും ഇക്കുറി ഉണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ശൈലജ ടീച്ചര്‍ക്ക് പുറമേ രണ്ടാമത്തെ വനിതാ മന്ത്രിയായി വീണാ ജോര്‍ജിനെ പരിഗണിക്കുന്നതായി നേരത്തെ തന്നെ സൂചനകള്‍ വന്നിരുന്നു. എന്നാല്‍ വനിതാ സ്പീക്കര്‍ എന്ന നിര്‍ദേശത്തിനു പ്രാമുഖ്യം ലഭിച്ചാല്‍ വീണയെ അതിലേക്കു പരിഗണിക്കും. സിപിഎമ്മിന്റെ മന്ത്രിസ്ഥാനം കഴിഞ്ഞ തവണത്തേക്കാള്‍ ഒന്നു കുറവാണ് എന്നതിനാല്‍ വനിതാ പ്രാതിനിധ്യം കൂട്ടുന്നത് പ്രായോഗിക തടസമുണ്ടാക്കുമെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. സാമുദായിക പ്രാതിനിധ്യം, മേഖലാ പ്രാതിനിധ്യം തുടങ്ങിയവ ഒക്കെ പരിഗണിച്ചുകൊണ്ടായിരിക്കും മന്ത്രിസഭാംഗങ്ങളെ തെരഞ്ഞെടുക്കുക.
സ്പീക്കര്‍ സ്ഥാനത്തേക്ക് വനിതയെ നിയോഗിച്ചാല്‍ അത് മുന്നണിക്കു തന്നെ ബഹുമതിയായി മാറുമെന്നാണ് ഈ ആശയം മുന്നോട്ടുവച്ചവര്‍ ചൂണ്ടിക്കാട്ടുന്നത്. മാധ്യമ പ്രവര്‍ത്തന രംഗത്തുനിന്നു വന്ന വീണ ഇതിനു യോജ്യയാണെന്നും അവര്‍ പറയുന്നു. സെക്രട്ടേറിയറ്റ് ഈ നിര്‍ദേശം അംഗീകരിച്ചാല്‍ സംസ്ഥാന സമിതിക്കു മുന്നില്‍ വയ്ക്കും.
മാധ്യമ പ്രവര്‍ത്തകയായിരുന്ന വീണാ ജോര്‍ജ് ആറന്മുളയില്‍നിന്നുള്ള ജനപ്രതിനിധിയാണ്. പത്തനംതിട്ട ജില്ല പൂര്‍ണമായി ഇടതുപക്ഷത്തിനൊപ്പം നിന്നപ്പോള്‍, വീണയ്ക്ക് സ്പീക്കര്‍ പദവിയില്ലെങ്കില്‍ മന്ത്രിസ്ഥാനവും പരിഗണിച്ചേക്കും. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തുതുടങ്ങിയ സഭാ ടി.വി. കൂടുതല്‍ കാര്യക്ഷമമാക്കുക എന്ന ഉദ്ദേശ്യംകൂടി വീണയെ സ്പീക്കറാക്കുന്നതിലുണ്ട്.
1976 ആഗസ്റ്റ് 03ന് പത്തനംതിട്ട കുമ്പഴവടക്കിലാണു വീണ ജോര്‍ജ്ജ് ജനിച്ചത്.തിരുവനന്തപുരം വിമന്‍സ് കോളേജില്‍ നിന്ന് ഫിസിക്‌സില്‍ ബിരുദവും, ബിരുദാനന്തര ബിരുദവും നേടി. കൈരളി ടി.വി., മനോരമ ന്യൂസ്, ഇന്ത്യാവിഷന്‍ ചാനലുകളില്‍ വാര്‍ത്ത അവതാരകയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
മികച്ച വാര്‍ത്താ അവതാരകയ്ക്കുള്ള ജേസി ഫൗണ്ടേഷന്‍ അവാര്‍ഡ്, 2011ലെ മികച്ച ടെലിവിഷന്‍ അവതരണത്തിനുള്ള പുരസ്‌കാരം, ഏഷ്യവിഷന്‍ വാര്‍ത്താ വിശകലനത്തിനുള്ള പുരസ്‌കാരം, മികച്ച വാര്‍ത്താ അവതരണത്തിനുള്ള '2010ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്, നീലേശ്വരം സുരേന്ദ്രന്‍ സ്മാരക പുരസ്‌ക്കാരം, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക മികച്ച വാര്‍ത്താവതാരക. തുടങ്ങിയ പുരസ്‌കാരങ്ങളും വീണ ജോര്‍ജിനെ തേടിയെത്തിയിട്ടുണ്ട്.
മികച്ച മാധ്യമ പ്രവര്‍ത്തക എന്ന ലേബലില്‍ നില്‍ക്കുന്ന സമയത്താണ് വീണ ജോര്‍ജിനെ അപ്രതീക്ഷിതമായി സിപിഎം ആറന്മുളയില്‍ കോണ്‍ഗ്രസിന്റെ തട്ടകത്തില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. സഭയുടെ പൂര്‍ണ പിന്തുണയോടെ വീണ ജോര്‍ജ് ജയിച്ച് കയറി. പിന്നീട് നിയമസഭയിലും മികച്ച പ്രകടനമാണ് വീണ ജോര്‍ജ് നടത്തിയത്. ഇപ്പോഴത്തെ മിന്നുന്ന വിജയം കൂടിയായപ്പോള്‍ എല്ലാം ഓക്കെയായി.
"
https://www.facebook.com/Malayalivartha























