മണ്‍സൂണ്‍ കാലത്ത് മീന്‍ പിടിക്കുന്നത് കുറ്റകരം; ആറുമാസം തടവും 15000 രൂപ പിഴയും ലഭിക്കാം

മത്സ്യങ്ങളുടെ പ്രജനനകാലമായ മണ്‍സൂണ്‍ കാലത്ത് മീൻ പിടിക്കുന്നത് ആറുമാസം തടവും 15000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റം. മണ്‍സൂണ്‍ കാലത്ത് പുഴയിലും പാടത്തും തോട്ടിലും നാടന്മീനുകളെ പിടിക്കുന്നത് നിയമ വിരുദ്ധമായിട്ടും വന്‍തോതില്‍ മീന്‍വേട്ട തുടരുന്നു. വംശനാശഭീഷണി മൂലവും മൽസ്യ സമ്പത്ത് കുറയുന്നതിനാലുമാണ് മണ്‍സൂണ്‍കാലത്ത് മീന്‍പിടിത്തം നിരോധിച്ചത്.
പുതു മഴയില്‍ പുഴയില്‍ നിന്നും മറ്റു ജലാശയങ്ങളില്‍ നിന്നുമായി മീനുകള്‍ വെള്ളം കുറഞ്ഞ വയലുകളിലേക്കും ചെറു തോടുകളിലേക്കും അരുവികളിലേക്കും കൂട്ടത്തോടെ കയറിവരും.
പ്രജനനത്തിനായി ഇങ്ങനെ കയറിവരുന്നവയെ ഊത്ത എന്നാണ് വിളിക്കുന്നത്. പൂര്‍ണഗര്‍ഭാവസ്ഥയില്‍ ശരീരം നിറയെ മുട്ടകളുമായി വെള്ളം കുറഞ്ഞ ഭാഗത്തേക്ക് മീനുകള്‍ വരുമ്പോൾ ഇവയെ പിടിക്കാന്‍ എളുപ്പമാണ്. അതാണ് ഈ സമയത്ത് ആളുകള്‍ കൂട്ടത്തോടെ മീന്‍പിടിത്തത്തിന് ഇറങ്ങുന്നത്. പലയിടങ്ങളിലും ആഘോഷംപോലെയാണ് ഇത് നടക്കുന്നത്.
ഏകദേശം 60 ഇനം ഭക്ഷ്യയോഗ്യമായ മത്സ്യങ്ങളും 19 ഇനം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങളും ഊത്തപിടിത്തം വഴി വംശനാശഭീഷണിയിലാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹാമിദലി വാഴക്കാട് പറഞ്ഞു. ആദ്യകാലങ്ങളില്‍ കൈകള്‍ കൊണ്ട് നെയ്ത അകന്ന കണ്ണികളുള്ള വലകള്‍ ആയിരുന്നുവെങ്കില്‍ ഇന്ന്
ഫാക്ടറിയില്‍ നിന്ന് നിര്‍മ്മിച്ചെടുക്കുന്ന കൊതുകു വലയ്ക്ക് സമാനമായ വലകളാണ് ഉപയോഗിക്കുന്നത്. ചെറിയ മീനുകളെപ്പോലും നശിപ്പിക്കുന്ന ഈ വലകള്‍ നിരോധിച്ചതാണെങ്കിലും വ്യാപകമായി ഉപയോഗിക്കുന്നു.
പ്രജനന സമയങ്ങളില്‍ മത്സ്യങ്ങളെ പിടിക്കുന്നത് കേരള അക്വാകള്‍ച്ചര്‍ ആന്‍ഡ് ഇന്‍ലാന്‍ഡ് ഫിഷറീസ് ആക്‌ട് 2010 ചട്ടങ്ങള്‍ പ്രകാരം നിരോധിച്ചിട്ടുണ്ട്. നിയമം ലംഘിച്ചാല്‍ 15,000 രൂപ പിഴയും ആറുമാസം തടവുമാണ് ശിക്ഷ. ഫിഷറീസ്, റവന്യൂ, പൊലീസ് വകുപ്പിനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും ഇതില്‍ നടപടികള്‍ സ്വീകരിക്കാം.
https://www.facebook.com/Malayalivartha























