സുരേന്ദ്രനെതിരെ കേസെടുത്തു... അപ്രതീക്ഷിത നീക്കം കോടതി ഉത്തരവിനെ തുടർന്ന്... ആഴകയത്തിൽ ബിജെപി...

നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ കോഴ നല്‍കിയെന്ന ബിഎസ്പി സ്ഥാനാർത്ഥി കെ. സുന്ദരയുടെ മൊഴിയുടെ പശ്ചാത്തലത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ കേസെടുത്തു.
ഐപിസി 171 (B), 171 (E) വകുപ്പുകള്‍ അനുസരിച്ച് ബദിയടുക്ക പൊലീസാണ് കേസെടുത്തിരിക്കുന്നത്. ബിജെപി നേതാക്കൾ വീട്ടിലെത്തി രണ്ടരലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്ന് സുന്ദര കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു.
ഇതിന് തൊട്ട് പിന്നാലെ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ ആവശ്യപ്പെട്ട് മഞ്ചേശ്വരത്ത് ഇടത് സ്ഥാനാർഥിയായിരുന്ന വി. വി. രമേശൻ കാസർകോട് കോടതിയിൽ അപേക്ഷ നൽകിയിരുന്നു.
പരാതിക്കാരന്‍റെ വാദം കേട്ട കോടതി സുരേന്ദ്രനെതിരെ കേസെടുക്കാൻ അനുമതി നൽകുകയായിരുന്നു. നിലവിലെ എഫ്ഐആറിൽ സുരേന്ദ്രനെതിരെ മാത്രമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഐപിസി 172 (B) വകുപ്പ് പ്രകാരം സുരേന്ദ്രനെ അറസ്റ്റ് ചെയ്യാൻ പൊലീസിന് സാധിക്കില്ല.
അതിന് കോടതിയുടെ പ്രത്യേക അനുമതി വേണം. എന്നാൽ ബദിയടുക്ക പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ പത്രിക പിൻവലിക്കാനാവശ്യപ്പെട്ട് ബിജെപി നേതാക്കൾ തട്ടിക്കൊണ്ട് പോയെന്നും ഭീഷണിപ്പെടുത്തിയെന്നും സുന്ദര ഈ അവസരത്തിൽ മൊഴി നൽകിയിട്ടുണ്ട്.
ഇതുൾപ്പെടുന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൂടി എഫ്ഐആറിനൊപ്പം ചേർക്കുമ്പോൾ കേസിൽ തട്ടിക്കൊണ്ടു പോകൽ, തടങ്കലിൽ വക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ കൂടി ഉൾപ്പെടുത്തുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
സുന്ദരയുടെ മൊഴിയനുസരിച്ച് പണം നൽകാൻ വീട്ടിലെത്തിയ ബിജെപി സംഘത്തിലുണ്ടായിരുന്ന സുനിൽ നായ്ക്, സുരേഷ് നായക്, അശോക് ഷെട്ടി എന്നിവരെയും പ്രതി ചേർക്കാനാണ് പൊലീസിന്റെ നീക്കം. പ്രതിചേർക്കപ്പെടുന്ന സാധ്യത നിലനില്‍ക്കെ ബിജെപിയെ കൂടുതൽ പ്രതിരോധത്തിലാക്കുകയാണ് കോഴ കേസ്.
എന്നാൽ, മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വം പിൻവലിക്കാൻ ബി.ജെ.പി. നേതാക്കൾ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയതിനു ശേഷം ബി.ജെ.പി. പ്രവർത്തകരുടെ ഭീഷണിയുണ്ടെന്ന് കെ.സുന്ദര വെളിപ്പെടുത്തിയിരുന്നു.
പണം വാങ്ങിയിട്ടില്ലെന്ന് അമ്മയോട് പറയാൻ ബി.ജെ.പി. പ്രവർത്തകർ ആവശ്യപ്പെട്ടതായും സുന്ദര പറഞ്ഞു. അതിനിടെ, ഇടതുസ്ഥാനാർഥി വി.വി.രമേശന്റെ പരാതിയിൽ പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി.
ഇന്നലത്തെ തുറന്നു പറച്ചിലിന് ശേഷവും നിൽക്കുന്ന സ്ഥലം പറയാൻ ആഗ്രഹിക്കാത്ത കെ.സുന്ദര ഇന്ന് മനോരമ ന്യൂസിനോട് കൂടുതൽ കാര്യങ്ങൾ വെളിപ്പടുത്തി. പണം വാങ്ങിയിട്ടില്ലെന്ന് പറയാൻ കുത്താജെയിലുള്ള വീട്ടിലെത്തി ബിജെപി പ്രവർത്തകർ അമ്മയെ ഭീഷണിപ്പെടുത്തി.
പൊലീസ് ചോദിച്ചാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താം. മഞ്ചേശ്വരത്ത് നാമനിർദേശ പത്രിക പിൻവലിക്കാൻ പണം വാങ്ങിയത് തെറ്റാണ് എന്ന് ബോധ്യമുണ്ട്. എന്നാൽ തിരികെ കൊടുക്കാൻ ഇപ്പോൾ കയ്യിൽ പണമില്ല.
പണവും ഫോണും വാങ്ങിയത് ഇപ്പോൾ തുറന്നുപറയുന്നത് ആരുടേയും സമ്മർദത്തിനോ പ്രല്ലോഭനത്തിനോ വഴങ്ങിയല്ല. അന്ന് ഇക്കാര്യങ്ങൾ പുറത്തു പറയാതിരുന്നത് ബിജെപി പ്രവർത്തകർ പറഞ്ഞിട്ടാണെന്നും സുന്ദര പറയുന്നു.
അതിനിടെ മഞ്ചേശ്വരത്തെ ഇടത് സ്ഥാനാർഥി വി.വി. രമേശന്റെ പരാതിയിൽ ബദിയടുക്ക പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. കോടതി അനുമതിയോടെ എഫ്.ഐ.ആർ. റജിസ്റ്റർ ചെയ്യും.
https://www.facebook.com/Malayalivartha