മകരവിളക്ക്... പർണശാലയിൽ ഭക്ഷണം എത്തിച്ച് നൽകുമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ.

മകരവിളക്കിനോടനുബന്ധിച്ച് പർണശാലയിൽ ഭക്ഷണം എത്തിച്ച് നൽകുമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ. പർണശാലയിൽ പാചകംചെയ്യുന്നത് അപകടമുണ്ടാക്കുമെന്നതിനാലാണ് ഈ തീരുമാനം. മകരജ്യോതി ദർശനത്തിനായി തീർഥാടകർ മരച്ചില്ലകളിൽ കയറുന്നത് കർശനമായി തടയുമെന്നും മകരവിളക്ക് തീർഥാടനം സുഗമവും സുരക്ഷിതവുമായി നടത്തുമെന്നും മന്ത്രി പറഞ്ഞു.
പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തിൽ അവലോകന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. വിശുദ്ധി സേനാംഗങ്ങളുടെ വേതനം കൂട്ടി നൽകുമെന്നും അരവണ പ്രസാദം ഉത്‌പാദനം വർധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. മകരവിളക്ക് ദിവസം കൂടുതൽ പോലീസിനെ നിയോഗിക്കും.
വ്യൂ പോയിന്റുകളിൽ സുരക്ഷാവേലി സ്ഥാപിക്കും. കഴിഞ്ഞ മകരവിളക്ക് ദിവസം കെഎസ്ആർടിസി 800 ബസ് സർവീസ് നടത്തി. ഇത്തവണ കൂടുതൽ ബസുകൾ സജ്ജമാക്കും.
തമിഴ്‌നാട്ടിൽനിന്നെത്തുന്ന വാഹനങ്ങൾക്ക് കുമളിയിൽ പാർക്കിങ് ഒരുക്കാൻ തമിഴ്‌നാട് വനംവകുപ്പിന്റെ സഹായം തേടും. കോട്ടയം, കോന്നി മെഡിക്കൽ കോളേജ് ആശുപത്രികളിൽ തീർഥാടകർക്കായി പ്രത്യേകം സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. പന്തളം കൊട്ടാരത്തിൽ നിന്നാരംഭിക്കുന്ന തിരുവാഭരണ ഘോഷയാത്ര സംഘത്തിന് സുഗമമായ പാതയൊരുക്കും. പാതയിൽ തടസ്സമായി നിൽകുന്ന മരച്ചില്ലകൾ വനംവകുപ്പ് മുറിച്ചുമാറ്റും.
മകരവിളക്കിനുശേഷം സംഘത്തിന്റെ തിരികെയുള്ള യാത്രയിൽ വന്യജീവികൾ എത്തുന്നത് തടയാൻ നടപടി സ്വീകരിക്കും. എരുമേലി പേട്ടതുള്ളലിന് കോട്ടയം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
"
https://www.facebook.com/Malayalivartha



























