സീതാറാം യെച്ചൂരി തുടരും.... കേരള ഘടകം പിന്‍തുണച്ചാല്‍ സിപിഎം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി മൂന്നാം തവണയും നേതൃപദവിയിലെത്തും

കേരള ഘടകം പിന്‍തുണച്ചാല്‍ സിപിഎം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി മൂന്നാം തവണയും നേതൃപദവിയിലെത്തും.
കോവിഡ് നിയന്ത്രണം തുടരുന്ന സാഹചര്യത്തില്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മുന്നോട്ടുവയ്ക്കുകയാണ്. 2020ല്‍ നടക്കേണ്ടിയിരുന്ന പാര്‍ട്ടി കോണ്‍ഗ്രസ് 2022ല്‍ നടക്കാനേ നിലവില്‍ സാധ്യയുള്ളു.
മൂന്നു തവണ വരെ സിപിഎമ്മില്‍ ഒരേ വ്യക്തിക്ക് ജനറല്‍ സെക്രട്ടറി സ്ഥാനം വഹിക്കാമെന്നിരിക്കെ നിലവിലെ സാഹചര്യത്തില്‍ ബംഗാള്‍ ഘടകത്തിന്റയും വിവ്ിധ സംസ്ഥാനങ്ങളുടെയും പ്രതിനിധികള്‍ യെച്ചൂരിയെ പിന്തുണയ്ക്കാനാണ് സാധ്യത. കേരളത്തില്‍ നിന്നൊരാള്‍ വന്നാല്‍ ബംഗാള്‍ ഘടകം ഇല്ലാതാകുമെന്ന സാഹചര്യത്തിലാണ് ആന്ധ്രാക്കാരനായ ബ്രാഹ്മണല്‍ യെച്ചൂരിയെ വീണ്ടും ഈ പദവിയില്‍ അവരോധിക്കപ്പെടുക.
ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ സിപിഎമ്മിന് കരുത്തുപകരുന്നതില്‍ സീതാറാം യെച്ചൂരി തെല്ലും വിജയിച്ചില്ല എന്ന വിമര്‍ശനം നിലനില്‍ക്കെയാണ് പകരക്കാരനില്ലാത്ത സാഹചര്യത്തില്‍ യെച്ചൂരിയെ മൂന്നാമൂഴവും പരിഗണിക്കുന്നത്. ബിജെപിയെ ഭരണത്തില്‍ നിന്നും പുറത്താക്കുകയാണ് സിപിഎം അജണ്ട എന്നു പറഞ്ഞ് ഹൈദരാബാദില്‍ രണ്ടാമൂഴവും ജനറല്‍ സെക്രട്ടറി പദമേറ്റ യെച്ചൂരിയുടെ കാലം പാര്‍ട്ടിയുടെ സുവര്‍ണകാലമായിരുന്നില്ല.
മുന്‍പ് ലോക് സഭയില്‍ 42 അംഗങ്ങളെ വരെ എത്തിച്ച പാര്‍ട്ടിക്ക് ഇന്നുള്ളത് മൂന്ന് അംഗങ്ങള്‍ മാത്രം. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലും ബംഗാളിലും തൃപുരയിലും പാര്‍ട്ടി തരിപ്പണമായി. തമിഴ് നാട്ടില്‍ ഡിഎംകെയുടെ പിന്തുണയില്‍ ഒരാളെ മാത്രം ജയിപ്പിക്കാനായി.
തൃപുര, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ ഭരണം തുടച്ചുനീക്കപ്പെട്ടിരിക്കുന്നു. 24 സംസ്ഥാനങ്ങളില്‍ സിപിഎമ്മിന് ഇന്ന് ഒരു എംഎല്‍എ പോലുമില്ല. കേരളത്തില്‍ മാത്രമാണ് സിപിഎം ഇന്ന് ഒരു സംസ്ഥാന പാര്‍ട്ടിയുടെ വിലാസത്തില്‍ നിലകൊള്ളുന്നത്. ഇത്രയേറെ വന്‍തകര്‍ച്ചകളെ നേരിടുകയും ദേശീയ തലത്തിലെ ജനകീയ പ്രശ്നങ്ങളില്‍ ഇടപെടുന്നതില്‍ പരാജയപ്പെടുകയും ചെയ്ത പാര്‍ട്ടിയില്‍ യെച്ചൂരിക്കു പകരമൊരാള്‍ വേണമെന്ന അഭിപ്രായമുയരാനും സാധ്യതയുണ്ട്.
എന്നാല്‍ ആരാണ് എല്ലാവര്‍ക്കും യോജ്യനായ പകരക്കാരന്‍ എന്നതാണ് പാര്‍ട്ടി നേരിടുന്ന പരിമിതി. കേരള ഘടകത്തില്‍ വിഭാഗീയത കൊടികുത്തി വാണിരുന്ന കാലത്ത് വിഎസ് അച്യുതാനന്ദനോട് സീതാറാം യെച്ചൂരി മൃദുസമീപനം സ്വീകരിച്ചുവെന്നതിന്റെ പേരില്‍ യെച്ചൂരിയോട് പിണറായി വിജയനനും പിണറായി ഗ്രൂപ്പിലെ ഒരു വിഭാഗത്തിനും അതൃപ്തിയുണ്ട്. യെച്ചൂരിക്കു പകരം എംഎം ബേബിയോ കേരള ഘടകത്തില്‍ നിന്ന് മറ്റൊരാളോ ജനറല്‍ സെക്രട്ടറി പദത്തില്‍ എത്തുന്നതിനോട് ബംഗാളിലെ സിപിഎം ഘടകത്തിന് യോജിപ്പില്ല.
നിലവിലെ കോവിഡ് സാഹചര്യത്തിന് ശമനമുണ്ടായാല്‍ അടുത്ത സെപ്റ്റംബറില്‍ ലോക്കല്‍, ഏരിയ സമ്മേളനങ്ങള്‍ തുടങ്ങാനും അടുത്ത വര്‍ഷം ജനുവരിയില്‍ കേരളത്തില്‍വെച്ച് പാര്‍ട്ടി ദേശീയ സമ്മേളനം നടത്താനുമാണ് തീരുമാനം.
സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍പിള്ള, ബിമന്‍ ബസു, മണിക് സര്‍ക്കാര്‍, വൃന്ദ കാരാട്ട്, പിണറായി വിജയന്‍, ഹനന്‍ മുള്ള,കോടിയേരി ബാലകൃഷ്ണന്‍, സുര്‍ജ്യകാന്ത മിശ്ര, മുഹമ്മദ് സലീം, സുഭാഷിണി അലി, ബിവി രാഘവുലു, എംഎ ബേബി, ജി രാമകൃഷ്ണന്‍, തപന്‍ സിന്‍ഹ, നീലോത്പല്‍ ബാസു എന്നിവരാണ് നിലവില്‍ പോളിറ്റ് ബ്യൂറോയിലുള്ളത്.
നിലവിലെ പോളിറ്റ് ബ്യൂറോയില്‍ നിന്ന് എസ് രാമചന്ദ്രന്‍പിള്ള,ബിമല്‍ ബാസു, സുഭാഷിണി അലി, മണിക് സര്‍ക്കാര്‍ തുടങ്ങി ഏഴു പേര്‍വരെ ഇത്തവണ പോളിറ്റ് ബ്യൂറോയില്‍ നിന്ന് ഒഴിവാകുകയാണ്. നിലവില്‍ സീതാറാം യെച്ചൂരിക്കു പകരം എംഎ ബേബിയല്ലാതെ മറ്റൊരാള്‍ക്ക് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സാധ്യതയില്ലാതിരിക്കെ ഭൂരിപക്ഷം പേരുടെ പിന്തുണയും ആന്ധ്രയില്‍ നിന്നുള്ള യച്ചൂരിക്കു തന്നെ ലഭിക്കാനാണ് സാധ്യത. മാത്രവുമല്ല പിണറായിക്കു മുകളില്‍ എംഎ ബേബി ജനറല്‍ സെക്രട്ടറി പദത്തില്‍ എത്തുന്നതിന് നിലവില്‍ കേരളം അടക്കി വാഴുന്ന പിണറായിക്ക് താല്‍പര്യവുമില്ല. മുന്‍പ് പിണറായി-വിഎസ് ഗ്രൂപ്പുകള്‍ക്കു പിന്നാലെ എംഎ ബേബിയും തോമസ് ഐസക്കും ചേര്‍ന്നൊരു ഗ്രൂപ്പ് പാര്‍ട്ടിയില്‍ ഉയര്‍ന്നുവന്നതും പിണറായിയെ ചൊടിപ്പിച്ചിരുന്നു.
അതേ സമയം വിഎസ് അച്യുതാനന്ദന്‍ വിഭാഗീയ നീക്കങ്ങളുമായി മുന്നേറിയ കാലത്ത് പോളിറ്റ് ബ്യൂറോയില്‍നിന്ന് അച്യുതാനന്ദനെ പുറത്താക്കാന്‍ പിണറായി പക്ഷം നടത്തിയ നീക്കങ്ങളെ കാലങ്ങളോളം ചെറുത്തു പോന്നത് യെച്ചൂരിയായിരുന്നു. പോളിറ്റ് ബ്യൂറോയില്‍ നിന്നു മാത്രമല്ല പാര്‍ട്ടിയില്‍നിന്നു തന്നെ വിഎസിനെ പുറത്താക്കാന്‍ പിണറായി പക്ഷം പ്രകാശ് കാരാട്ടിനെ കൂട്ടുപിടിച്ചു നടത്തിയ കരുനീക്കങ്ങളെ കാലങ്ങളോളം ചെറുത്തതും യെച്ചൂരിയാണ്.
മാത്രമല്ല പോളിറ്റ് ബ്യൂറോയില്‍ നിന്ന് പുറത്താക്കിയ വിഎസിനെ കേന്ദ്ര കമ്മിറ്റിയില്‍ ക്ഷണിതാവായി തുടരാന്‍ അനുവദിച്ചതും യെച്ചൂരിയുടെ താല്‍പര്യമായിരുന്നു. ആലപ്പുഴയില്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ വിഎസിനെതിരെ പിണറായി പക്ഷം ആഞ്ഞടിച്ചപ്പോള്‍ സമ്മേളനം ബഹിഷ്‌കരിച്ച് ആലപ്പുഴയിലെ വീട്ടിലേക്ക് മടങ്ങിയ അച്യുതാനന്ദനെ അനുനയിപ്പിക്കാന്‍ പോയതും യെച്ചൂരിയായിരുന്നു.
ആലപ്പുഴ സമ്മേളനത്തിനു പിന്നാലെ സീതാറാം യെച്ചൂരി രണ്ടാം വട്ടവും ജനറല്‍ സെക്രട്ടറിയാകുമെന്ന ധൈര്യത്തിലാണ് വിഎസ് ഹൈദരാബാദില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതും അവിടെ താരമായി തിളങ്ങിയതും. നിലവിലുള്ള കേന്ദ്രകമ്മിറ്റിയിലും പിബിയിലും പ്രകാശ് കാരാട്ട് പക്ഷത്തിന് മൂന്‍തൂക്കമുണ്ടെങ്കിലും യെച്ചൂരിക്ക് പകരം അനുയോജ്യനായ മറ്റൊരാളെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് കണ്ടെത്താനുള്ള സാഹചര്യമില്ല. അടുത്ത പിബിയില്‍ കേരളത്തില്‍ നിന്നും മൂന്ന് പുതിയ അംഗങ്ങള്‍കൂടി ഉണ്ടാകുമെന്നാണ് സൂചന.
നിലവിലുള്ള 95 അംഗ സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് 20 പേരോളം അടുത്ത പാര്‍ട്ടി കോണ്‍ഗ്രസോടെ വിരമിക്കേണ്ടിവരും. ഈ സാഹചര്യത്തില്‍ കേരളത്തില്‍ നിന്ന് പുതിയ പത്ത് അംഗങ്ങള്‍കൂടി കേന്ദ്ര കമ്മിറ്റിയില്‍ അംഗങ്ങളായി എത്തും.
സിപിഎം പോളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും എക്കാലവും സമഗ്രാധിപത്യം പുലര്‍ത്തിയിരുന്ന ബംഗാള്‍ ഘടകം തീര്‍ക്കും
ദുര്‍ബലരാവുകയാണ്. ബംഗാളില്‍ നിന്നുള്ള നീലോത്പല്‍ ബസുവും തപന്‍ സിന്‍ഹയും ഒഴികെ ബിമന്‍ ബാസു ഉള്‍പ്പെടെ 80 വയസുകഴിഞ്ഞ അംഗങ്ങളെല്ലാം പിബിയിലും സെന്‍ട്രല്‍ കമ്മിറ്റിയിലും നിന്ന് ഒഴിവാകുകയാണ്. പാര്‍ട്ടിയുടെ ശക്തിദുര്‍ഗമായിരുന്ന ബംഗാളില്‍ നിന്ന് അടുത്ത നിരയെ വളര്‍ത്തിയെടുക്കാന്‍ പറ്റാത്ത വിധം പാര്‍ട്ടി അവിടെ ദുര്‍ബലമായിക്കഴിഞ്ഞു.
ജില്ലാ കമ്മിറ്റികള്‍ക്കു താഴെ ബംഗാളില്‍ ലോക്കല്‍ കമ്മിറ്റിയും ഏരിയാ കമ്മിറ്റികളും നിലവില്ലാത്ത വിധം സിപിഎം അവിടെ
ദുര്‍ബലമായിക്കഴിഞ്ഞിരിക്കുന്നു. തൃപുരയിലും സിപിഎം നാമാവശേഷമായി. തൃപുരയില്‍ ജില്ലാ കമ്മിറ്റികള്‍പോലുമില്ലാത്ത സാഹചര്യത്തിലേക്ക്
വിപ്ലവപ്രസ്ഥാനം ദുര്‍ബലമായി.
ആന്ധ്രയിലും പഞ്ചാബിലും തമിഴ് നാട്ടിലും മഹാരാഷ്ട്രയിലും സംസ്ഥാന കമ്മിറ്റിയൊഴികെ സംവിധാനം സപിഎമ്മിന് നിലവിലില്ല. ആറു സംസ്ഥാനങ്ങളില്‍ ശക്തമായ സ്റ്റേറ്റ് കമ്മിറ്റിപോലും നിലവില്ലാത്ത വിധം സിപിഎം ഒരു സംസ്ഥാന പാര്‍ട്ടിയായി ചുരുങ്ങിയ വേളയിലാണ് അടുത്ത പാര്‍ട്ടി കോണ്‍ഗ്രസിന് സിപിഎം കോപ്പുകൂട്ടുന്നത്.
നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തില്‍ തന്നെ നടക്കുമെന്ന് വ്യക്തമാണ്. സമ്മേളനം തിരുവനന്തപുരത്ത് നടത്താന്‍ പ്രാഥമിക ആലോചനകളും കേരള ഘടത്തില്‍ നടന്നു വരുന്നുണ്ട്.
"
https://www.facebook.com/Malayalivartha