പ്ലസ് വണ്‍ പരീക്ഷ പൂര്‍ത്തിയാകാതെ പ്ലസ് ടു ക്ലാസുകള്‍; വിദ്യാര്‍ഥികളുടെ ആശങ്കയ്ക്ക് മറുപടിയുമായി കൈറ്റ് സിഇഒ രംഗത്തെത്തി

പ്ലസ് വണ്‍ പരീക്ഷ പൂര്‍ത്തിയാകാതെ പ്ലസ് ടു ക്ലാസുകള്‍ ആരംഭിച്ച വിഷയത്തില്‍ പ്രതികരണവുമായി കൈറ്റ് സിഇഒ അന്‍വര്‍ സാദത്ത്. പ്ലസ് വണ്‍ പരീക്ഷ പൂര്‍ത്തിയാകാതെ പ്ലസ് ടു ക്ലാസുകള്‍ ആരംഭിച്ചതിനെക്കുറിച്ച് വിദ്യാര്‍ഥികള്‍ ആശങ്ക അറിയിച്ച സാഹചര്യത്തിലാണ് അന്‍വര്‍ സാദത്തിന്‍റെ പ്രതികരണം.
കഴിഞ്ഞ ദിവസം മുതലാണ് ട്രയല്‍ അടിസ്ഥാനത്തില്‍ പ്ലസ് ടു ഡിജിറ്റല്‍ ക്ലാസുകള്‍ ആരംഭിച്ചത്. എന്നാല്‍ പ്ലസ് വണ്‍ പൊതു പരീക്ഷക്ക് ഒരു മാസം മുമ്പ് ഈ ക്ലാസുകള്‍ നിര്‍ത്തുമെന്നാണ് അന്‍വര്‍ സാദത്ത് അറിയിച്ചിരിക്കുന്നത്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം പൊതുപരീക്ഷ എഴുതിയ പത്താം ക്ലാസിലെയും പ്ലസ് ടുവിലേയും കുട്ടികള്‍ക്ക് നല്‍കിയപോലെ പ്ലസ് വണ്‍ പൊതുപരീക്ഷയ്ക്ക് ഫോക്കസ് ഏരിയ
അടിസ്ഥാനമാക്കിയുള്ള റിവിഷന്‍ ക്ലാസുകളും സംശയ നിവാരണത്തിനുള്ള ലൈവ് ഫോണ്‍-ഇന്‍-പരിപാടികളുമായിരിക്കും ഈ കുട്ടികള്‍ക്കായി കൈറ്റ് വിക്ടേഴ്സില്‍ സംപ്രേഷണം ചെയ്യുക. പ്ലസ് വണ്‍ പൊതുപരീക്ഷയ്ക്ക് ഒരു മാസം മുമ്പ് ആരംഭിക്കുന്ന റിവിഷന്‍ ക്ലാസുകളും പരീക്ഷാ കാലയളവും കഴിഞ്ഞതിന് ശേഷം മാത്രമായിരിക്കും തുടര്‍ന്ന് പ്ലസ് ടു ക്ലാസുകള്‍ സംപ്രേഷണം ചെയ്യുക.
ജൂണ്‍ മാസം തന്നെ പ്ലസ് ടു ക്ലാസുകളുടെ സംപ്രേഷണം ആരംഭിച്ചത് കൂടുതല്‍ പഠന ദിനങ്ങള്‍ കുട്ടികള്‍ക്ക് ലഭിക്കാനാണെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. അതോടൊപ്പം ഈ ആഴ്ചയിലെ ട്രയലും ജൂണ്‍ 14 മുതല്‍ 18 വരെയുള്ള പുനഃസംപ്രേഷണവും കഴിഞ്ഞ ശേഷം കുട്ടികള്‍ക്ക് ക്ലാസുകള്‍ കാണാന്‍ അവസരം ഉണ്ട് എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ തുടര്‍ ക്ലാസുകള്‍ സംപ്രേഷണം ചെയ്യൂ. ഇക്കാര്യങ്ങളില്‍ കുട്ടികള്‍ യാതൊരുവിധേനയും ആശങ്കപ്പെടേണ്ട അവസ്ഥയില്ല എന്നാണ് പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം മുതലാണ് സംസ്ഥാനത്തെ പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കായി ഡിജിറ്റല്‍ ക്ലാസുകള്‍ ആരംഭിച്ചത്. രാവിലെ 8.30 മുതല്‍ 10 വരെയും വൈകിട്ട് 5 മുതല്‍ 6 മണി വരെയുമാണ് ക്ലാസുകള്‍ സംപ്രേഷണം ചെയ്യുക. കൈറ്റ് വിക്ടേഴ്സ് ആപ്പിലൂടെയും ക്ലാസ്സുകള്‍ കാണാന്‍ സാധിക്കും. തിങ്കള്‍ മുതല്‍ വെള്ളിവരെ സംപ്രേഷണം ചെയ്യുന്ന ക്ലാസ്സുകളുടെ പുനഃസംപ്രേഷണമായിരിക്കും അടുത്തയാഴ്ച നടക്കുക.
ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്ന് ആപ് സ്‌റ്റോറില്‍ നിന്നും KITE VICTERS എന്ന് നല്‍കി ഡൗണ്‍ലോഡ് ചെയ്യാവുന്ന മൊബൈല്‍ ആപ്പിലൂടെ ഇനി കൈറ്റ് വിക്ടേഴ്‌സ് പരിപാടികളോടൊപ്പം ഫസ്റ്റ്‌ബെല്‍ 2.0 ക്ലാസുകളും കാണാനാവുമെന്ന് കൈറ്റ് സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത് പറഞ്ഞു.
https://www.facebook.com/Malayalivartha