ഇന്ന് ലോകസമുദ്രദിനം! കൊച്ചിയിൽ കടലിനടിത്തട്ടില്‍ തെളിയുന്നു പുതിയ ദ്വീപ്; മണല്‍ നിക്ഷേപം ദ്വീപായി രൂപാന്തരപ്പെടുന്നതിന്റെ സാദ്ധ്യതകള്‍ പഠിക്കാനൊരുങ്ങി കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാല

കൊച്ചി തുറമുഖത്തു പുതിയ ദ്വീപ് തെളിയുന്നതായി കണ്ടെത്തല്‍. തുറമുഖ കവാടത്തിന് ഏഴു കിലോമീറ്റര്‍ പടിഞ്ഞാറു മാറി ഏകദേശം എട്ടു കിലോമീറ്റര്‍ നീളവും 3.5 കിലോമീറ്റര്‍ വീതിയും വരുന്ന മണല്‍ത്തിട്ടയാണ് കണ്ടെത്തിയത്. കുമ്പളങ്ങിക്കരയുടെ അഞ്ചിരട്ടി വലിപ്പമാണിത്.
മണല്‍ നിക്ഷേപം ദ്വീപായി രൂപാന്തരപ്പെടുന്നതിന്റെ സാദ്ധ്യതകള്‍ പഠിക്കാനൊരുങ്ങുകയാണ് കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാല (കുഫോസ്). സംസ്ഥാന സര്‍ക്കാരിന്റെ ചെല്ലാനം മത്സ്യഗ്രാമ പദ്ധതിയുടെ ഭാഗമായി മണല്‍ നിക്ഷേപത്തെ കൂടി ഉള്‍പ്പെടുത്തി പഠനം നടത്താനാണ് കുഫോസ് ലക്ഷ്യമിടുന്നത്.
ഓഖി ചുഴലിക്കാറ്റിന് ശേഷമാണു മണല്‍ത്തിട്ട രൂപപ്പെട്ടതെന്നാണ് കരുതുന്നത്. ഇതുവഴി കടന്നു പോകുന്ന മത്സ്യത്തൊഴിലാളികളാണ് ആദ്യമിത് ശ്രദ്ധിക്കുന്നത്. സാധാരണ നിലയില്‍ സമുദ്രത്തിന്റെ പലഭാഗങ്ങളിലും മണല്‍ത്തിട്ടകള്‍ രൂപം കൊള്ളാറുണ്ടെങ്കിലും അവ നിശ്ചിത കാലയളവിനുള്ളില്‍ ഇല്ലാതാകുന്നതാണു പതിവ്. എന്നാല്‍ ഈ മണല്‍നിക്ഷേപം സമുദ്രനിരപ്പില്‍ നിന്ന് 21 അടി താഴ്ച വരെ ഉയര്‍ന്നു വന്നതോടെയാണു ഇക്കാര്യം പഠനവിധേയമാക്കുന്നത്.
കഴിഞ്ഞ നാലു വര്‍ഷമായി തിട്ടയുടെ വിസ്തീര്‍ണത്തില്‍ ഇടിവ് സംഭവിച്ചിട്ടില്ലെന്നു പരമ്പരാഗത മത്സ്യത്തൊഴിലാളികളും വ്യക്തമാക്കുന്നു. നിലവില്‍ ഇത് കടലിനടിയിലാണെങ്കിലും മണല്‍ത്തിട്ട ഉയര്‍ന്നു വന്നാല്‍ കപ്പല്‍ ഗതാഗതത്തിനുള്‍പ്പെടെ ഭാവിയില്‍ ഭീഷണിയായേക്കുമെന്ന ആശങ്കയുമുണ്ട്.
വ്യാവസായിക സാദ്ധ്യതയും ഖനനത്തിനു പറ്റുന്ന മണല്‍നിക്ഷേപമാണോ രൂപപ്പെട്ടിരിക്കുന്നതെന്നും പരിശോധിക്കും. അങ്ങനെയെങ്കില്‍ കോടികളുടെ ഖനനത്തിനു സാധ്യതകള്‍ ഏറെയാണ്. പക്ഷേ പാരിസ്ഥിതിക പഠനത്തെ അടിസ്ഥാനമാക്കി മാത്രമേ ഖനനം സാധ്യമാകൂ.
ചെളിയോടു കൂടിയ മണ്ണാണ് അടിഞ്ഞിട്ടുള്ളതെങ്കില്‍ അത് ദ്വീപായി രൂപപ്പെടുന്നതിനുള്ള സാദ്ധ്യതകളും തള്ളിക്കളയാനാവില്ല. മുന്‍പു കൊച്ചി തീരത്ത് ഇത്തരം മണല്‍ത്തിട്ടകളും തുരുത്തുകളും രൂപപ്പെട്ടിട്ടുണ്ട്. അത്തരമൊരു പ്രദേശമാണ് കൊച്ചി തുറമുഖ നിര്‍മാണത്തിന് ഡ്രഡ്ജിങ് നടത്തിയപ്പോള്‍ മണ്ണിട്ടു വില്ലിങ്ടണ്‍ ഐലന്‍ഡാക്കി മാറ്റിയത്.
https://www.facebook.com/Malayalivartha