അപര സ്ഥാനാർഥിക്ക് കോഴകൊടുത്തെന്ന ആരോപണത്തിൽ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പ്രതിയായ കേസിന്റെ അന്വേഷണം ഇനി ക്രൈം ബ്രാഞ്ചിന്

അപര സ്ഥാനാർഥിക്ക് കോഴകൊടുത്തെന്ന ആരോപണത്തിൽ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പ്രതിയായ കേസിന്റെ അന്വേഷണംഇനി ക്രൈം ബ്രാഞ്ചിന്. കാസർകോട് ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുവാൻ വരുന്നത്.
ഇന്നലെ ബദിയടുക്ക പോലീസ് സുരേന്ദ്രനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമം 171(ബി) പ്രകാരമുള്ള കേസ് ആയിരുന്നു സുരേന്ദ്രന് എതിരെ ആദ്യം രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ രാത്രിയോടെ മറ്റു വകുപ്പുകൾ കൂടി ചേർത്ത് കേസെടുക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോകൽ, തടങ്കലിൽവെച്ച് ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് സുരേന്ദ്രനെതിരെ ചേർത്തിട്ടുള്ളത് എന്ന കാര്യം ശ്രദ്ധേയം.
നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബി.എസ്.പി. സ്ഥാനാർഥി കെ. സുന്ദരയ്ക്ക് പത്രിക പിൻവലിക്കാൻ കൈക്കൂലി നൽകിയെന്ന പരാതിയിലാണ് സുരേന്ദ്രന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സുന്ദരയ്ക്ക് രണ്ടരലക്ഷം രൂപയും മൊബൈൽ ഫോണും നൽകിയെന്നാണ് കേസ്. സുരേന്ദ്രനെതിരെ സുന്ദര നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് കൂടുതൽ വകുപ്പുകൾ ചുമത്തിയത്.
ബി.ജെ.പി. പ്രവർത്തകർ തന്നെ ബലംപ്രയോഗിച്ച് വീട്ടിൽനിന്ന് പിടിച്ചു കൊണ്ടുപോയിരുന്നെന്നും ദിവസങ്ങളോളം തടങ്കലിൽവെച്ചെന്നും സ്ഥാനാർഥിത്വം പിൻവലിക്കാൻ സമ്മർദം ചെലുത്തിയെന്നും സുന്ദര മൊഴി നൽകിയിരുന്നു.
https://www.facebook.com/Malayalivartha