ദാ വരുന്നു കേന്ദ്രം... കുഴല്‍പ്പണ വിവാദത്തിലും കോഴപ്പണ വിവാദത്തിലും പെട്ട ബിജെപിക്ക് രക്ഷപ്പെടാനുള്ള വഴിയായി മുട്ടില്‍ മാറ്റിയെടുക്കാന്‍ ശ്രമം; മരംകൊള്ളയില്‍ രാഷ്ട്രീയപ്പോര് മുറുകുന്നു; മുട്ടില്‍ ഇടപെട്ട് കേന്ദ്ര മന്ത്രി വി. മുരളീധരനും; റിപ്പോര്‍ട്ട് തേടുമെന്ന് വനം മന്ത്രി ജാവദേക്കര്‍

കുഴല്‍പ്പണ വിവാദത്തിലും കോഴപ്പണ വിവാദത്തിലും പെട്ട ബിജെപിയെ രക്ഷിക്കാനായി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഡല്‍ഹിയിലാണ്. അതിനിടയിലാണ് മുട്ടില്‍ മര വിവാദം വരുന്നത്. പൊടുന്നനെ പ്രശ്‌നത്തിലിടപെട്ട് കേന്ദ്ര മന്ത്രി വി മുരളീധരന്‍.
ഇതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉത്തരവിന്റെ മറവില്‍ വയനാട് മുട്ടില്‍ നടന്ന മരംകൊള്ളയെച്ചൊല്ലി രാഷ്ട്രീയവിവദം കനക്കുന്നതിനിടെ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് റിപ്പോര്‍ട്ട് തേടുമെന്ന് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. മരംകൊള്ളയില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഉള്‍പ്പെടെ പങ്കുണ്ടെന്നു സംശയിക്കുന്നതായി കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ തന്നെ ഹൈക്കോടതിയില്‍ പറഞ്ഞതിനു പിന്നാലെയാണ് കേന്ദ്ര ഇടപെടല്‍.
സംസ്ഥാനത്ത് ഇടതു സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന മുട്ടില്‍ കേസില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഇന്നലെ പ്രകാശ് ജാവദേക്കറെ കണ്ട് കത്തു നല്‍കിയിരുന്നു. ഉന്നത ഗൂഢാലോചന സംശയിക്കപ്പെടുന്ന കേസില്‍ പ്രതികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കം നടക്കുന്നതായി മുരളീധരന്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുവരാന്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഒഫ് ഫോറസ്റ്റിനെയും വകുപ്പ് മേധാവിയെയും വിളിച്ചുവരുത്തണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് സംസ്ഥാനത്തോട് റിപ്പോര്‍ട്ട് തേടാനുള്ള കേന്ദ്ര നീക്കം. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരായ കുഴല്‍പ്പണ വിവാദം കത്തിനില്‍ക്കുന്നതിനിടെ, സി.പി.എമ്മിനെയും പിണറായി സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കുന്ന മുട്ടില്‍ മരംമുറി കേസില്‍ കേന്ദ്ര ഇടപടെലിനുള്ള തീരുമാനം വിഷയത്തിന് രാഷ്ട്രീയ പ്രാധാന്യമേറ്റുന്നു.
അതിനിടെ, തൃശൂരിലെ മൂന്ന് വനം റേഞ്ചുകളില്‍ നിന്നായി അഞ്ചു കോടിയോളം വിലവരുന്ന തേക്കും ഈട്ടിയും വെട്ടിക്കടത്തിയതായി വനം വകുപ്പിന്റെ അന്വേഷണത്തില്‍ പുറത്തുവന്നു. റവന്യൂ വകുപ്പിന്റെ വിവാദ ഉത്തരവ് പിന്‍വലിച്ച ശേഷവും മരം മുറി നടന്നതായി ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. വടക്കാഞ്ചേരിയിലെ മച്ചാട് റേഞ്ചിലെ പുലാക്കോട് മേഖലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മരം മുറിച്ചു കടത്തിയത്. 33 പാസിന്റെ മറവില്‍ അഞ്ഞൂറോളം മരങ്ങള്‍ കടത്തിയതായാണ് റിപ്പോര്‍ട്ട്.
അഴിമതി ആരോപണങ്ങള്‍ക്ക് വ്യാപ്തി കൂട്ടി, മുട്ടില്‍ മരങ്ങള്‍ മുറിക്കാന്‍ വനം വകുപ്പിലെ ഉന്നതോദ്യോഗസ്ഥര്‍ക്ക് ലക്ഷങ്ങള്‍ കൈക്കൂലി നല്‍കിയതായി പ്രതി റോജി അഗസ്റ്റിന്‍ ഇന്നലെ വെളിപ്പെടുത്തി. പണം കൊടുത്തിട്ടും രേഖകള്‍ ശരിയാക്കാത്തതിന്റെ പേരില്‍ സൗത്ത് വയനാട് ഡി.എഫ്.ഒയോട് റോജി ഫോണില്‍ രോഷം കൊള്ളുന്നതിന്റെ ഓഡിയോ ക്ലിപ്പും പുറത്തുവന്നു.
സംസ്ഥാന വ്യാപകമായി നടന്ന മരംകൊള്ളയില്‍ അന്വേഷണം വിപുലമാക്കാന്‍ വിവിധ ജില്ലകളിലായി വനംവകുപ്പ് അഞ്ച് പ്രത്യേക സ്‌ക്വാഡുകളെ നിയോഗിച്ചു. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഒഫ് ഫോറസ്റ്റ്‌സ് (വിജിലന്‍സ്) ആണ് അന്വേഷണ മേധാവി. ഒരു സംഘത്തില്‍ ഡി.എഫ്.ഒയുടെ നേതൃത്വത്തില്‍ രണ്ടു റേഞ്ച് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ ഉണ്ടാകും. കണ്ണൂര്‍, വയനാട് ,കാസര്‍കോട് ജില്ലകളുടെ ചുമതല തിരുവനന്തപുരം ഡി.എഫ്.ഒ യ്ക്കാണ്. കോഴിക്കോട് മലപ്പുറം, പാലക്കാട് ജില്ലകളുടെ ചുമതല എറണാകുളം ഡി.എഫ്.ഒ ക്കും, തൃശൂര്‍, എറണാകുളം ജില്ലകളുടെ ചുമതല കോഴിക്കോട് ഡി.എഫ്.ഒയ്ക്കുമാണ്. ഇടുക്കി, കോട്ടയം ജില്ലകളിലെ കേസുകള്‍ കണ്ണൂര്‍ ഡി.എഫ്.ഒ അന്വേഷിക്കും. പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ അന്വേഷണ ചുമതല പാലക്കാട് ഡി.എഫ്.ഒ യ്ക്ക്. 22 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
https://www.facebook.com/Malayalivartha