അമ്പരന്ന് മറ്റ് നേതാക്കള്‍... വിവാദത്തിലായ കെ സുരേന്ദ്രനെ രണ്ടു കൈ നീട്ടി സഹായിക്കാനുറച്ച് വി മുരളീധരന്‍; രാജിയ്ക്കായി മാനസികമായി ഒരുങ്ങിയിരുന്ന സുരേന്ദ്രനെ മുരളീധരന്‍ പിന്തിരിപ്പിച്ചു; രാഷ്ട്രീയമായി നേരിടാന്‍ കേന്ദ്ര നിര്‍ദ്ദേശമെന്ന് സുരേന്ദ്രന്‍

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ഇത്രയേറെ പ്രിസന്ധിയിലായ മറ്റൊരു ദിനങ്ങളില്ല. കേന്ദ്ര നേതാക്കളെ കണ്ട് ഏതാണ്ട് രാജിവയ്ക്കാനായാണ് സുരേന്ദ്രന്‍ ഡല്‍ഹിക്ക് പോയത്. അതിനിടെ സുരേന്ദ്രനെ രാജിവയ്പ്പിക്കാന്‍ ഡല്‍ഹിയില്‍ വിളിച്ചെന്ന വാര്‍ത്തയും വന്നു. എന്നാല്‍ ഡല്‍ഹിയിലെത്തിയ സുരേന്ദ്രനെ കേന്ദ്ര മന്ത്രി വി മുരളീധരന്‍ ആത്മാര്‍ത്ഥമായി സഹായിക്കുകയാണ് ചെയ്തത്.
കേരളത്തില്‍ ബി.ജെ.പിക്കെതിരെ നടക്കുന്ന നീക്കങ്ങളെ രാഷ്ട്രീയമായി നേരിടാന്‍ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതായി ഡല്‍ഹിയില്‍ ദേശീയ അദ്ധ്യക്ഷന്‍ ജെ.പി.നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. കേന്ദ്രമന്ത്രി വി. മുരളീധരനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
കേരളത്തില്‍ ബി.ജെ.പിയെ ദുര്‍ബ്ബലമാക്കാന്‍ ലക്ഷ്യമിട്ടുള്ള വിവാദങ്ങളെ രാഷ്ട്രീയമായി നേരിടാന്‍ കേന്ദ്രനേതൃത്വം എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ സമരപരിപാടികള്‍ പൂര്‍വാധികം ശക്തിയോടെ മുന്നോട്ടു കൊണ്ടുപോകാന്‍ നദ്ദ നിര്‍ദ്ദേശിച്ചതായും സുരേന്ദ്രന്‍ പറഞ്ഞു.
രണ്ടു ദിവസമായി ഡല്‍ഹിയിലുള്ള സുരേന്ദ്രന്‍ വിവിധ കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തി. തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തില്‍ സംസ്ഥാന ഘടകത്തിന് ജാഗ്രതക്കുറവുണ്ടായെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇക്കാര്യങ്ങളില്‍ നദ്ദയ്ക്ക് വിശദീകരണം നല്‍കിയതായി അറിയുന്നു.
വിവാദങ്ങള്‍ മാദ്ധ്യമ സൃഷ്ടിയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. താന്‍ ഡല്‍ഹിയിലെത്തിയത് സംസ്ഥാന അദ്ധ്യക്ഷന്‍ എന്ന നിലയില്‍ ചില പാര്‍ട്ടി പരിപാടികളുമായി ബന്ധപ്പെട്ടാണെന്നും, നേതൃത്വം വിളിപ്പിച്ചതല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. തന്റെ വരവിന് ഇപ്പോഴുള്ള വിവാദങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം, പണമിടപാട് വിവാദം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന ബി.ജെ.പി. ആരോപണങ്ങളുടെ നിഴലിലാണ്. വിവാദങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര നേതൃത്വം വിവിധതലങ്ങളില്‍ അന്വേഷണം നടത്തിവരികയാണ്. ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം നല്‍കാനാണ് സുരേന്ദ്രന്‍ ഡല്‍ഹിയില്‍ എത്തിയിരിക്കുന്നതെന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ബി ജെ പിയുടെ കേന്ദ്ര നേതാക്കളുമായും, കേന്ദ്രമന്ത്രിമാരുമായും ആദ്ദേഹം കൂടിക്കാഴ്ച നടത്തി.
അതേസമയം സുരേന്ദ്രന്‍ വനം കൊള്ളയ്‌ക്കെതിരെ രംഗത്ത് വരികയും ചെയ്തു. വനം കൊള്ളക്കാര്‍ക്ക് മരം വെട്ടാന്‍ ഒത്താശ ചെയ്തു കൊടുത്തത് ഈ സര്‍ക്കാരാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു. സര്‍ക്കാര്‍ ബി.ജെ.പിയെ അവഹേളിക്കുകയും നേതാക്കളെ കള്ളക്കേസില്‍ കുടുക്കുകയും ചെയ്യുകയാണെന്ന് ആരോപിച്ച് തൃശൂര്‍ പൊലീസ് ക്ലബിന് മുന്നില്‍ ബി.ജെ.പി നടത്തിയ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വനം മന്ത്രി അറിയാതെ ഈ കൊള്ള നടക്കില്ല. പി.ജയരാജനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പ്രസീത ആരോപണം ഉന്നയിച്ചതെന്ന വിവരം നിഷേധിക്കാന്‍ ജയരാജന്‍ തയ്യാറായിട്ടില്ല. എല്ലാം തിരക്കഥയാണ്. കള്ളപ്പണമൊഴുക്കിയത് സി.പി.എമ്മും കോണ്‍ഗ്രസും ലീഗുമാണ്.
കോണ്‍ഗ്രസിനെക്കൊണ്ട് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ലെന്ന് പിണറായിക്കറിയാം. അഴിമതിക്കെതിരെ പോരാടാന്‍ ബി.ജെ.പിക്ക് മാത്രമേ ശേഷിയുള്ളൂയെന്നതിനാലാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ ആരംഭത്തില്‍ തന്നെ ആക്രമണം നടത്തുന്നത്.കൊടകര കവര്‍ച്ചാക്കേസില്‍ പൊലീസുകാര്‍ക്കും ബന്ധമുണ്ടെന്ന വിവരം പുറത്ത് വരുന്നുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha



























