പ്രതിഷേധങ്ങൾക്ക് ചെവികൊടുക്കാതെ പ്രഫുൽ പട്ടേൽ വീണ്ടും ലക്ഷദ്വീപിലേക്ക്! സുപ്രധാന തീരുമാനങ്ങളും പരിഷ്‌കരണങ്ങളുമുണ്ടാകുമെന്ന് സൂചന, അഡ്‌മിനിസ്‌ട്രേറ്ററെ നേരിൽ കണ്ട് പ്രതിഷേധം അറയിക്കാൻ ദ്വീപ് നിവാസികൾ

ലക്ഷദ്വീപിൽ പ്രതിഷേധങ്ങൾ തുടരുന്നതിനിടെ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ നാളെ ദ്വീപിലെത്തും. കരിദിനം ആചരിക്കാനാണ് സേവ് ലക്ഷദ്വീപ് ഫോറത്തിന്‍റെ തീരുമാനം. നാളെ പന്ത്രണ്ടരയ്‌ക്ക് അഗതി യിലെത്തുന്ന അഡ്‌മിനിസ്ട്രേറ്റർ ഈ മാസം 20 വരെ ദ്വീപിൽ തുടരും.
വിവിധ മേഖലയിലെ സ്വകാര്യവത്ക്കണരണം, ടൂറിസം അടക്കമുള്ള വിഷയങ്ങളിൽ പ്രധാന തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. അഡ്‌മിനിസ്‌ട്രേറ്ററെ നേരിൽ കണ്ട് പ്രതിഷേധം അറയിക്കാൻ സേവ് ലക്ഷദ്വീപ് ഫോറം ശ്രമിക്കുമെന്ന് ഭാരവാഹികൾ അറിയിക്കുകയും ചെയ്തു.
അതേസമയം, ഐഷ സുൽത്താനയ്‌ക്കെതിരെ രാജ്യദ്രോഹ കേസ് നൽകിയതിനെ ചൊല്ലി, ബി ജെ പി ലക്ഷദ്വീപ് ഘടകത്തിൽ പൊട്ടിത്തെറി തുടരുകയാണ്. കേസ് കൊടുത്തതിനെ ന്യായീകരിച്ച് എ പി അബ്‌ദുള്ളക്കുട്ടി പാർട്ടി കമ്മിറ്റിയിൽ നടത്തിയ സംഭാഷണം പുറത്തുവന്നു. ബി ജെ പി ലക്ഷദ്വീപ് സംസ്ഥാന നേതാക്കളുമായി പ്രഭാരി എ പി അബ്‌ദുള്ളക്കുട്ടി വാട്‌സാപ്പ് വഴി നടത്തിയ മീറ്റിംഗിലെ സംഭാഷണമാണ് പുറത്തുവന്നത്.
ഐഷ സുൽത്താനയ്ക്കെതിരെ കേസ് കൊടുക്കാനുള്ള തീരുമാനം നേതൃത്വം ആലോചനകളില്ലാതെ നടത്തിയതാണെന്നും ലക്ഷദ്വീപിൽ പാർട്ടിയ്ക്കെതിരായ വികാരം ശക്തമാണെന്നും നേതാക്കൾ യോഗത്തിൽ ആവശ്യപ്പെടുന്നുണ്ട്. അഡ്‌മിനിസ്ട്രേറ്ററുടെ തീരുമാനം പുനഃപരിശോധിക്കാമെന്ന് കേന്ദ്രം ഉറപ്പ് നൽകിയെന്ന അബ്ദുള്ളക്കുട്ടിയുടെ പ്രസ്‌താവനയിലും നേതാക്കൾ യോഗത്തിൽ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
ചർച്ചയ്ക്ക് മറുപടി നൽകിയ അബ്‌ദുള്ളക്കുട്ടി കേസ് പിൻവലിക്കാനാകില്ലെന്ന് നേതാക്കളെ അറിയിക്കുന്നുണ്ട്. അബ്‌ദുള്ളക്കുട്ടി നടത്തിയ ഈ മീറ്റിംഗിന് പിറകെയാണ് വിവിധ ദ്വിപുകളിൽ നിന്ന് പ്രധാന ഭാരവാഹികളടക്കം കൂട്ടത്തോടെ രാജിവച്ചത്.
എന്നാൽ, ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അനുമതി നല്‍കാത്ത അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ ഇടത് എംപിമാര്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും അവകാശലംഘന നോട്ടീസ് നല്‍കി. എളമരം കരീം, ബിനോയ് വിശ്വം, എം. വി. ശ്രേയാംസ് കുമാര്‍, ഡോ. വി. ശിവദാസന്‍, കെ. സോമപ്രസാദ്, ജോണ്‍ ബ്രിട്ടാസ് എന്നീ ഇടത് രാജ്യസഭാoഗങ്ങള്‍ സഭാ ചട്ടം 187 പ്രകാരം രാജ്യസഭയിലും എ. എം. ആരിഫ്, തോമസ് ചാഴികാടന്‍ എന്നിവര്‍ സഭാ ചട്ടം 222 പ്രകാരം ലോകസഭയിലും അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.
കോണ്‍ഗ്രസ് എംപിമാരും അഡ്മിനിസ്ട്രേഷന്‍ നടപടിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. പാര്‍ലമെന്റ് അംഗങ്ങള്‍ക്കുള്ള അവകാശങ്ങള്‍ തടയപ്പെട്ടതായും സഭയുടെ മഹത്വം ചോദ്യം ചെയ്യപ്പെട്ടതായും ചൂണ്ടിക്കാണിക്കുന്നു.
കഴിഞ്ഞ മാസം 28 മുതല്‍ നിരവധി തവണ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍, അഡ്മിനിട്രേറ്ററുടെ ഉപദേഷ്ടാവ്, കൊച്ചിയിലുള്ള ലക്ഷദ്വീപ് റീജിയണല്‍ അഡ്മിനിസ്ട്രേറ്റര്‍, ലക്ഷദ്വീപ് ജില്ലാ കളക്ടര്‍ തുടങ്ങിയവര്‍ക് ഫോണിലും ഇമെയിലിലും ബന്ധപ്പെട്ടുവെങ്കിലും യാത്രക്ക് അനുമതി നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് എംപിമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha