സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് കെ സുരേന്ദ്രന്‍ പുറത്തേക്കോ?, എം.ടി രമേശിന് സാധ്യത?ഊഴം കാത്ത് ശോഭാ സുരേന്ദ്രനും, എ.എന്‍ രാധാകൃഷ്ണനും

സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് കെ സുരേന്ദ്രനെ മാറ്റിയെക്കുമെന്ന തരത്തിലുള്ള സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പുതിയ അധ്യക്ഷ സ്ഥാനത്തേക്ക് എം.ടി രമേശിനെ പരിഗണിക്കാനാണ് പാര്‍ട്ടി ദേശീയ നേതൃത്വം ആലോചിക്കുന്നത്. ഇതിന് മുന്നോടിയായി എംടി രമേശിന്റെ അധ്യക്ഷതയില്‍ സംസ്ഥാന സമിതി യോഗം ചേര്‍ന്നു.
വിവാദ വിഷയങ്ങളില്‍ കേന്ദ്രനേതൃത്വത്തിന്റെ പിന്തുണ ഉറപ്പാക്കാന്‍ കെ സുരേന്ദ്രന് കഴിയാതെ വന്നതോടെയാണ് അധ്യക്ഷ സ്ഥാനത്ത് നിന്ന് സുരേന്ദ്രനെ മാറ്റാന്‍ നീക്കങ്ങള്‍ നടക്കുന്നത്. ദേശീയ തലത്തില്‍ മറ്റെതെങ്കിലും ചുമതലകളിലേക്ക് സുരേന്ദ്രനെ മാറ്റുമെന്നാണ് സൂചന.
തിരഞ്ഞെടുപ്പിലെ കനത്ത പരാജയവും, കൊടകര കുഴല്‍പ്പണ കേസില്‍ കെ സുരേന്ദ്രനെതിരെ കൂടുതല്‍ ആരോപണവും ഉയരുന്ന സാഹചര്യത്തിലാണ് പുതിയ സ്ഥാനമാറ്റ നടപടികള്‍.
സംസ്ഥാനത്ത് പാര്‍ട്ടിക്കുണ്ടായ കോട്ടം ഒഴിവാക്കാനാണ് ദേശീയ നേതൃത്വം ഇപ്പോള്‍ ശ്രമിക്കുന്നത്. വിവാദ വിഷയങ്ങളില്‍ നിയമപരമായി നടപടികള്‍ നേരിടുന്നത് വരെ കെ സുരേന്ദ്രന് അധ്യക്ഷസ്ഥാനത്ത് ഉപാധികളോടെ തുടരാം എന്നതായിരുന്നു ദേശീയ നേതൃത്വം മുന്നോട്ട് വച്ച നിര്‍ദേശം.
പാര്‍ട്ടിക്കെതിരായ സിപിഎം നീക്കത്തിനും മുട്ടില്‍ മരംമുറിക്കേസിലെ നടപടികള്‍ക്കും വേണ്ടി ശക്തമായ പ്രക്ഷോഭങ്ങള്‍ തീരുമാനിച്ചാണ് സംസ്ഥാന നേതൃയോഗം പിരിഞ്ഞത്. ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റിയംഗങ്ങള്‍ 15ന് തിരുവനന്തപുരം രക്തസാക്ഷിമണ്ഡപത്തില്‍ സത്യഗ്രഹമിരിക്കും.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജില്ലാ, മണ്ഡലം തലങ്ങളില്‍ മുട്ടില്‍ മരം മുറിയില്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. ലോക്ഡൗണ്‍ തീര്‍ന്നാലുടന്‍ ബിജെപി സംസ്ഥാന ഭാരവാഹിയോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.
സമീപകാലത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ 2 ദിവസത്തെ യോഗമാണ് ചേരുന്നത്. ശനിയാഴ്ച ചേര്‍ന്ന ദേശീയ ഭാരവാഹിയോഗത്തിലും കെ.സുരേന്ദ്രന്‍ പങ്കെടുത്തിട്ടില്ല. കേരളത്തില്‍ നിന്ന് എ.പി.അബ്ദുല്ലക്കുട്ടി പങ്കെടുത്തു.
സംസ്ഥാന ബിജെപിയില്‍ ഉയര്‍ന്നുവന്ന വിവാദങ്ങളില്‍ കേന്ദ്രനേതൃത്വത്തിന്റെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമത്തിലായിരുന്നു കഴിഞ്ഞ മൂന്ന് ദിവസമായി ഡല്‍ഹിയില്‍ തുടരുന്ന കെ സുരേന്ദ്രന്‍.
അതേസമയം സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് എതിര്‍വിഭാഗം. ഉപാധികളോടെ സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനത്ത് തുടരുന്നതിനോട് മുരളീധരവിരുദ്ധ വിഭാഗം പ്രതിഷേധമറിയിച്ചിരുന്നു.
" f
https://www.facebook.com/Malayalivartha