കാക്കിക്കുള്ളിലെ വേദന... ജീവിതത്തിലെ പരാജയങ്ങള്‍ വിജയമാക്കിയെടുത്ത അനുഭവങ്ങള്‍ ഒന്നൊന്നായി പറഞ്ഞ് ഋഷിരാജ് സിംഗ്; 16 വയസു വരെ സ്ഫുടമായി ഉച്ചരിക്കാന്‍ പറ്റാത്ത അവസ്ഥയും കുട്ടികളുടെ പരിഹാസവും ഇരട്ടപ്പേര് വിളിയും വല്ലാതെ വേദനിപ്പിച്ചു; ആ മറുപടിയാണ് ജീവിതത്തില്‍ വെളിച്ചമായത്

മലയാളികള്‍ ഏറെ ബഹുമാനിക്കുന്ന പോലീസ് ഉദ്യോഗസ്ഥനാണ് ഋഷിരാജ് സിംഗ്. കള്ളന്‍മാര്‍ക്കും അഴിമതിക്കാര്‍ക്കും ഋഷിരാജ് സിംഗ് പേടിസ്വപ്നമാണ്. താന്‍ ഇരുന്ന കസേരകളിലെല്ലാം തന്നെ മികവ് പ്രകടിപ്പിക്കാന്‍ അദ്ദേഹത്തിനായി. തന്റെ ജീവിതാനുഭവങ്ങള്‍ അടിസ്ഥാനമാക്കി 'വൈകും മുന്‍പേ.' എന്ന പുസ്തകം രചിച്ചിരിക്കുകയാണ് അദ്ദേഹം.
16 വയസു വരെ സ്ഫുടമായി ഉച്ചരിക്കാന്‍ പറ്റാത്ത അവസ്ഥയും കുട്ടികളുടെ പരിഹാസവും ഇരട്ടപ്പേര് വിളിയും ഋഷിരാജ് സിംഗിന് സമ്മാനിച്ച നിരാശ ചെറുതല്ലായിരുന്നു. ഒരിക്കല്‍ തന്റെ എല്ലാമായ അമ്മയോടു സങ്കടം പറഞ്ഞപ്പോള്‍ മകന്‍ പറയുന്നത് മുഴുവനായി തനിക്കു മനസിലാകുന്നുവെന്ന അമ്മയുടെ ഒറ്റ മറുപടി അദ്ദേഹത്തില്‍ ജനിപ്പിച്ച ആത്മവിശ്വാസം ജീവിതത്തില്‍ പുതിയ ദിശബോധം സൃഷ്ടിക്കുകയായിരുന്നു.
സ്വന്തം ജീവിതാനുഭവങ്ങളും എക്‌സൈസ് കമ്മിഷണര്‍ ആയിരിക്കെ 650 തോളം സ്‌കൂളുകളിലും കോളേജുകളിലും നടത്തിയ ബോധവത്കരണ ക്ലാസുകളിലും അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും മറ്റുമായി നടത്തിയ അഭിമുഖങ്ങളിലും ഉരുത്തിരിഞ്ഞുവന്ന ആശയങ്ങളും ചിന്താശലകങ്ങളും കോര്‍ത്തിണക്കിയതാണ് പുസ്തകം.
രാജസ്ഥാനിലെ ബിക്കാനെര്‍ എന്ന ചെറു ഗ്രാമത്തില്‍ ജനിച്ച് ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി കേരളത്തിലെത്തി മലയാള ഭാഷയെയും ഹൃദയത്തോട് ചേര്‍ത്തു പിടിച്ച ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ഋഷിരാജ് സിംഗ്.
ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തിനും ദൃഢതയ്ക്കും സമ്മര്‍ദ്ദമില്ലാത്ത ബാല്യം നല്‍കുന്ന സംഭാവന ചെറുതല്ലെന്നും, വ്യക്തമായ ലക്ഷ്യബോധത്തോടെയും കൃത്യമായ മാര്‍ഗത്തിലൂടെയും വേണം കുട്ടികളെ നയിക്കേണ്ടതെന്നും തന്റെ അനുഭവങ്ങളിലൂടെ അദ്ദേഹം സമര്‍ത്ഥിക്കുന്നു. പ്ലസ് ടു പാസായ ഏകമകന്‍ തുടര്‍പഠനത്തിനായി അനിമേഷന്‍ ഡിപ്ലോമ കോഴ്‌സ് മതിയെന്നു പറഞ്ഞപ്പോള്‍ പഠിത്തത്തില്‍ ഗോള്‍ഡ് മെഡലിസ്റ്റും ഐ.പി.എസ് ഉദ്യോഗസ്ഥനുമായ പിതാവ് സമ്മതം മൂളുകയാണുണ്ടായത്.
ഇന്നു ചത്രസാന്‍ സിംഗ്, അനിമേഷന്‍ ആര്‍ട്ടിസ്റ്റ് എന്ന് ഗൂഗിളില്‍ തിരഞ്ഞാല്‍ തനിക്ക് തെറ്റുപറ്റിയില്ലെന്ന് കാലം തെളിയിച്ചതായി അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. കുട്ടികളിലെ മാനസിക സംഘര്‍ഷങ്ങള്‍ സ്വബോധത്തോടെയുള്ള ശ്രമങ്ങളാല്‍ പരിഹരിക്കപ്പെടുകയും സമ്മര്‍ദ്ദങ്ങള്‍ ലഘൂകരിക്കപ്പെടുകയും ചെയ്യുന്ന ' കോപ്പിങ് മെക്കാനിസം ' ഫലവത്താണെന്നു സ്വന്തം ജീവിതാനുഭവങ്ങളിലൂടെ അദ്ദേഹം ശരിവയ്ക്കുന്നു.
കൗമാര പ്രായത്തിലുള്ള ഒരു കുട്ടിയോട് കാണിക്കുന്ന ഏറ്റവും വലിയ ക്രൂരത അവനെ അയല്‍പ്പക്കത്തെ കുട്ടികളോടോ ബന്ധുക്കളുടെ കുട്ടികളോടോ സഹോദരങ്ങളോടോ താരതമ്യം ചെയ്യുകയാണ്. അടുത്തിടെ നടത്തിയ നാഷണല്‍ മെന്റല്‍ ഹെല്‍ത്ത് സര്‍വേയില്‍ ഇന്ത്യയില്‍ 13 നും 17 നുമിടയില്‍ ഒരു കോടിയോളം കുട്ടികള്‍ക്ക് വിഷാദരോഗമുണ്ടെന്നും ആരോടെങ്കിലും പങ്കുവച്ചാല്‍ തീരുന്നതാണ് പ്രശ്‌നങ്ങളില്‍ അധികവുമെന്നും അടിവരയിട്ട് രേഖപ്പെടുത്തുന്നു.
സ്‌കൂള്‍ തലത്തില്‍ പി.ടി.എ മീറ്റിംഗുകളിള്‍ ചര്‍ച്ചചെയ്തു പരിഹരിക്കാന്‍ പര്യാപ്തമായ ഒരുപാടു സന്ദേശങ്ങള്‍ ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച ചെയ്ത് ഹൈസ്‌കൂള്‍ ക്ലാസുകളില്‍ സാമൂഹ്യപാഠത്തിന്റെ ഭാഗമാക്കാന്‍ തയാറായാല്‍ യുവതലമുറയെ കാര്‍ന്നുതിന്നുന്ന മഹാവിപത്തിനെ നേരിടാന്‍ കൈത്താങ്ങാകും ഈ പുസ്തകം. ഋഷിരാജ് സിംഗിന്റെ വീക്ഷണം എല്ലാവര്‍ക്കും പ്രചോദനമാകുന്ന കാര്യത്തില്‍ സംശയമില്ല.
https://www.facebook.com/Malayalivartha
























