കൊല്ലല്ലേ ജീവിച്ചോട്ടെ... പുതിയ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എ, ഐ ഗ്രൂപ്പുകളെ അവഗണിച്ച് ഏകപക്ഷീയ തീരുമാനമെടുക്കുന്നതായി പരാതി; സുധാകരന്റെ പ്രഖ്യാപനങ്ങള്‍ക്ക് എതിരെ എ, ഐ വികാരം പരസ്യമാകുന്നു; പുന:സംഘടനയില്‍ ഏകപക്ഷീയ മനോഭാവം തുടര്‍ന്നാല്‍ സ്വരം കടുപ്പിക്കും

പുതിയ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ തന്റെ ഭരണം ആരംഭിച്ചപ്പോള്‍ എ, ഐ ഗ്രൂപ്പുകള്‍ക്ക് കടുത്ത നിരാശ. ഇങ്ങനെ പോയാല്‍ ഗ്രൂപ്പുകളുടെ നിലനില്‍പ് തന്നെ പ്രശ്‌നമാകും. സുധാകരന്‍ വന്നതോടെ ഗ്രൂപ്പുകളിലെ അസംതൃപ്തര്‍ സുധാകര പക്ഷത്തോട് ചേരുമെന്നും വാര്‍ത്തകളുണ്ട്. സംഘടനാ കാര്യങ്ങളില്‍ ഏകപക്ഷീയ പ്രഖ്യാപനങ്ങള്‍ നടത്തുന്നുവെന്ന അമര്‍ഷത്തിലാണ് എ, ഐ ഗ്രൂപ്പുകള്‍. ഇതിനെതിരെ ഹൈക്കമാന്‍ഡിനു യോജിച്ചു പരാതി നല്‍കാന്‍ നീക്കമുണ്ട്. തല്‍ക്കാലം പരസ്യ പ്രതികരണം വേണ്ടെന്നാണ് എ, ഐ ധാരണ. പുന:സംഘടനയില്‍ ഏകപക്ഷീയ മനോഭാവം തുടര്‍ന്നാല്‍ സ്വരം കടുപ്പിക്കാനാണ് ഒരുക്കം.
ഡിസിസി പുന:സംഘടനയ്ക്കായി അഞ്ചംഗ സമിതികള്‍ രൂപീകരിക്കുമെന്നും കെപിസിസി തലത്തില്‍ 51 അംഗ സമിതിക്ക് രൂപം നല്‍കുമെന്നുമെല്ലാമുള്ള പ്രഖ്യാപനങ്ങളാണ് ഗ്രൂപ്പുകളെ ചൊടിപ്പിച്ചത്. ചുമതലയേല്‍ക്കും മുന്‍പ് പാര്‍ട്ടിയുടെ ഏതു തലത്തില്‍ ചര്‍ച്ച ചെയ്താണ് ഈ പ്രഖ്യാപനങ്ങള്‍ എന്നാണു ചോദ്യം. അതേസമയം പ്രസിഡന്റായി നിയോഗിക്കപ്പെട്ട സാഹചര്യത്തില്‍ തന്റെ ചില ആശയങ്ങള്‍ മാധ്യമങ്ങളോടു പങ്കു വയ്ക്കുന്നതാണ് എന്നാണ് സുധാകരന്റെ നിലപാട്.
അതേസമയം നിയുക്ത കെപിസിസി പ്രസിഡന്റ് കെ.സുധാകരന് ബിജെപിയുമായി ബന്ധമുണ്ടെന്ന് സിപിഎം ആരോപണമുയര്‍ന്നു. ബിജെപിയോടുള്ള കെപിസിസി സമീപനത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
ബിജെപി മുഖ്യശത്രു അല്ലെന്നും അതിനാല്‍ എതിര്‍ക്കപ്പെടേണ്ടെന്നും ഉള്ള സുധാകരന്റെ പ്രതികരണത്തെ ചോദ്യം ചെയ്താണ് സിപിഎം രംഗത്തെത്തിയത്. ബിജെപിയോടുള്ള സൗഹാര്‍ദ സമീപനം സുധാകരന്റെ മുഖമുദ്രയാണെന്നും സിപിഎം ആരോപിച്ചു. ബിജെപിയുടെ കുഴല്‍പണ, കോഴ ഇടപാടുകളോട് ശക്തമായി പ്രതികരിക്കാന്‍ യുഡിഎഫ് തയാറല്ലെന്നും സിപിഎം അഭിപ്രായപ്പെട്ടു.
സിപിഎമ്മാണ് മുഖ്യ ശത്രുവെന്ന കെ സുധാകരന്റെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് നേതൃത്വമാണ് പറയേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. ജനം ഇതെല്ലാം വിലയിരുത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപി അല്ല സിപിഎമ്മാണ് മുഖ്യ എതിരാളി എന്നായിരുന്നു കെ സുധാകരന്റെ പരാമര്‍ശം.
സിപിഎമ്മാണോ ബിജെപിയാണോ മുഖ്യശത്രുവാണെന്ന് പറയേണ്ടത് കോണ്‍ഗ്രസാണ്. രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ വന്നപ്പോള്‍ തന്നെ ഇക്കാര്യം താന്‍ പറഞ്ഞതാണ്. അതിന്റെ തുടര്‍ച്ചയായി വന്നതാണ് നിയുക്ത കെപിസിസി പ്രസിഡന്റിന്റെ ഭാഗത്ത് നിന്നുണ്ടായ പരാമര്‍ശം. രാജ്യം സ്വീകരിക്കുന്ന പൊതുനിലപാടിന് വ്യത്യസ്തമായ ഒന്നാണാണിത്. കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ നേതൃത്വത്തിന്റെ നിലപാടാണോ ഇതെന്നും മുഖ്യമന്ത്രി ചോദിച്ചു. നിയമസഭ തെരഞ്ഞെടുപ്പിന്റെ സമയത്ത് ബിജെപിയും കോണ്‍ഗ്രസും ചേര്‍ന്ന് സിപിഎമ്മിനെയും ഇടതുമുന്നണിയെയും ലക്ഷ്യമിട്ടാണ് നീങ്ങിയത്. ആ കാര്യത്തില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാട് ഔദ്യോഗികമാണോയെന്ന് പറയേണ്ടത് അവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപിയോടുള്ള സൗഹൃദ സമീപനമാണ് എക്കാലത്തും കെ സുധാകരന്റെ മുഖമുദ്രയെന്ന് സിപിഎമ്മും ആരോപിച്ചു. ബിജെപി മുഖ്യ ശത്രുവല്ലെന്നും എതിര്‍ക്കപ്പെടേണ്ട കാര്യമില്ലെന്നുമാണ് നിയുക്ത കെപിസി പ്രസിഡന്റ് പരസ്യമായി പ്രഖ്യാപിച്ചത്. വര്‍ഗീയതയോട് ഏത് അവസരത്തിലും കേരളത്തിലെ കോണ്‍ഗ്രസ് സന്ധിചേരുമെന്നതിന്റെ വ്യക്തമായ സൂചനയാണിത്. ബിജെപിയോടുള്ള കെപിസിസി സമീപനത്തില്‍ ഹൈക്കമാന്റും സോണിയ ഗാന്ധിയും നിലപാട് വ്യക്തമാക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























