ലോക രക്തദാതാ ദിനാചരണം: സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു

ലോക രക്തദാതാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. രക്തദാനത്തിന്റെ ആവശ്യകത, അതിന്റെ മഹത്വം, അത് സമൂഹത്തില്‍ സൃഷ്ടിക്കുന്ന ഗുണപരമായ മാറ്റങ്ങള്‍ എന്നിവ സംബന്ധിച്ച് ബോധവത്ക്കരണം നടത്തുന്നതിനും കൂടുതല്‍ പേരെ രക്തദാനം നടത്തുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് രക്തദാതാ ദിനം ആചരിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
കേരളത്തില്‍ രക്തദാതാക്കളായ ധാരാളം വീരനായകര്‍ നമ്മുടെ ഇടയിലുണ്ട്. അവര്‍ പേരറിയാത്ത എത്രയോ പേര്‍ക്ക് രക്തം ദാനം നല്‍കിയിട്ടുണ്ട്. ഇത് ഒരുപാട് ജീവനുകള്‍ രക്ഷിക്കുന്നതിന് കാരണമായി. ഒരുപാട് സംഘടനകള്‍ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ രക്തദാതാക്കള്‍ക്കും സല്യൂട്ട് അര്‍പ്പിക്കുന്നതായും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് പ്രതിവര്‍ഷം ശരാശരി 4 ലക്ഷം യൂണിറ്റ് രക്തമാണ് ആവശ്യമായി വരുന്നത്. എന്നാല്‍ ഇതില്‍ 70 ശതമാനം മാത്രമാണ് സന്നദ്ധ രക്തദാനത്തിലൂടെ ലഭിച്ചിരിക്കുന്നത്. ഇത് നൂറു ശതമാനത്തിലേയ്ക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം. ഇതിനായി മുന്‍കൈയ്യെടുക്കുന്ന സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയേയും, മറ്റ് സന്നദ്ധ രക്തദാന സംഘടനകളേയും അഭിനന്ദിക്കുന്നു. 'രക്തം ദാനം ചെയ്യൂ, ലോകത്തിന്റെ സ്പന്ദനം നിലനിര്‍ത്തൂ' എന്ന സന്ദേശം എല്ലാവരിലും എത്തിക്കാന്‍ ശ്രമിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
കേരള ബ്ലഡ് ഡോണേഴ്‌സ് സൊസൈറ്റി പ്രസിഡന്റ് ലിഡാ ജേക്കബ്, സ്റ്റേറ്റ് നോഡല്‍ ബ്ലഡ് സെന്റര്‍ ഡയറക്ടര്‍ ഡോ. മായാ ദേവി തുടങ്ങിയവര്‍ പങ്കെടുത്തു. ആരോഗ്യ വകുപ്പ് ഡയറക്ടറും കേരള സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ പ്രോജക്ട് ഡയറക്ടറുമായ ഡോ. ആര്‍. രമേഷ് സ്വാഗതവും ജോ. ഡയറക്ടര്‍ രശ്മി മാധവന്‍ കൃതജ്ഞതയും പറഞ്ഞു.
https://www.facebook.com/Malayalivartha
























