കെ. സുരേന്ദ്രന്റെ പടം പൊളിക്കുമെന്ന് പറഞ്ഞ സി. വി. ആനന്ദബോസും ജേക്കബ് തോമസും ഇ ശ്രീധരനും; അവസാനം കേന്ദ്ര ബി ജെ പി നേതൃത്വത്തെ ഭയന്ന് കണ്ടം വഴിയോടി, ആരോടും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടില്ലെന്നും അവലോകനത്തിനും വിലയിരുത്തലിനും ബിജെപിക്ക് സ്വന്തം സംവിധാനങ്ങളുണ്ടെന്നും ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ്

കെ. സുരേന്ദ്രന്റെ പടം പൊളിക്കുമെന്ന് പറഞ്ഞ സി. വി. ആനന്ദബോസും ജേക്കബ് തോമസും ഇ ശ്രീധരനും കേന്ദ്ര ബി ജെ പി നേതൃത്വത്തെ ഭയന്ന് കണ്ടം വഴിയോടി. ബി ജെ പിയുടെ കേരളത്തിലെ തോൽവിയെ കുറിച്ച് പഠിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിട്ടാണെന്ന് അവകാശപ്പെട്ട് സ്വയം അവരോധിത അന്വേഷണ കമ്മിഷനായി മാറിയ ആനന്ദ ജേക്കബ് ശ്രീധരൻമാരെയാണ് ബി ജെ പിയുടെ കേന്ദ്ര നേതൃത്വം തള്ളിപറഞ്ഞത്.
സി.വി ആനന്ദബോസ്, ജേക്കബ് തോമസ്, മെട്രോമാൻ ഇ ശ്രീധരൻ എന്നിവരെ തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്തുന്നതിനായി നിയോഗിച്ചു എന്ന വെളിപ്പെടുത്തലുകളാണ് ബി ജെ പി പാർട്ടി ആസ്ഥാനത്തിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് തള്ളിയത്. ആരോടും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടില്ലെന്നും അവലോകനത്തിനും വിലയിരുത്തലിനും ബിജെപിക്ക് സ്വന്തം സംവിധാനങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ പുറത്താക്കണമെന്ന് ആനന്ദബോസ് എഴുതി നൽകി എന്ന വാർത്തയാണ് പുറത്തു വന്നത്. കെ.സുരേന്ദ്രനെ മാത്രമല്ല കേരളത്തിലെ എല്ലാ ബി ജെ പി നേതാക്കളെയും പിരിച്ചുവിടണമെന്നാണ് ജേക്കബ് തോമസ് ആവശ്യപ്പെട്ടതെന്നായിരുന്നു വാർത്തകൾ. ഇ ശ്രീധൻറെ റിപ്പോർട്ടിനെ കുറിച്ച് വിവരങ്ങൾ പുറത്തു വന്നിട്ടില്ലെങ്കിലും ആനന്ദ ബോസിൻറെയും ജേക്കബ് തോമസിൻറെയും നിലപാടിന് സമാനമാണ് എന്നാണറിവ്.
ആരാണ് ആനന്ദ ബോസ് ? കെ.കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിൻറെ സെക്രട്ടറിയും വിശ്വസ്തനുമായിരുന്നു. കരുണാകരൻറെ അടുപ്പകാരനാണെങ്കിലും പിണറായിയുമായും അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്. ജേക്കബ് തോമസ് പിണറായിയുടെ വിശ്വസ്തൻ ആയിരുന്നു. കെ. എം. മാണി പ്രതിയായ ബാർ കേസിൽ ജേക്കബ് തോമസിനെ ഉപയോഗിച്ച് കളിച്ചത് ഇടതുമുന്നണിയാണ്. ഇ ശ്രീധരൻ എല്ലാവരുടെയും ആളായിരുന്നു. ഇത്തരം എക്സ് കോൺഗ്രസ് , ഇടതു അനുഭാവികളെ ഉപയോഗിച്ച് ബി ജെ പി അന്വേഷണം നടത്തുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ?
ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് എല്ലാ പിന്തുണയും നൽകുന്നു എന്ന് വ്യക്തമാക്കുന്നതാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. തിരഞ്ഞെടുപ്പ് തോൽവി അടക്കമുള്ളവയെപ്പറ്റി പഠിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവരോട് റിപ്പോർട്ട് ആവശ്യപ്പെട്ടുവെന്നുമുള്ള റിപ്പോർട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നത്. ഇതിൽ രണ്ടുപേർ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. റിപ്പോർട്ട് നൽകി എന്ന തരത്തിലുള്ള സ്ഥിരീകരണവും വന്നിരുന്നു. എന്നാൽ ആരോടും റിപ്പോർട്ട് ചോദിച്ചില്ല എന്നാണ് ഇപ്പോൾ കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിട്ടുള്ളത്.
ചില വ്യക്തികൾ അത്തരത്തിൽ അവകാശവാദം ഉന്നയിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മാധ്യമ വാർത്തകളും വന്നിരുന്നു. എന്നാൽ, പാർട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. അവലോകനം നടത്തുന്നതിനും റിപ്പോർട്ട് തയ്യാറാക്കുന്നതിനും പാർട്ടിക്ക് സ്വന്തമായ സംവിധാനങ്ങളുണ്ട്. അതിനാൽ മൂന്നംഗ സമിതിയെ നിയോഗിച്ചുവെന്ന തരത്തിൽ പുറത്തുവന്ന വാർത്തകളെപ്പറ്റി സംസ്ഥാന നേതൃത്വത്തോട് ചോദിച്ച് സ്ഥിരീകരിക്കാൻ തയ്യാറാകണമെന്നാണ് ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് ചൂട്ടിക്കാട്ടിയിട്ടുള്ളത്.
കഴിഞ്ഞ ദിവസം ഡൽഹിയിൽ ഉണ്ടായിരുന്ന സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷിനെ കണ്ടതിന് പിന്നാലെ അരുൺ സിങ്ങുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ ഇത്തരത്തിലുള്ള റിപ്പോർട്ട് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടില്ലെന്ന് ബി.എൽ സന്തോഷ് വ്യക്തമാക്കിയിരുന്നു.
മൂന്നംഗ സമിതിയെ നിയോഗിച്ചുവെന്ന വെളിപ്പെടുത്തലുകൾ സംസ്ഥാന ബിജെപിയിൽ വിഭാഗീയ വിഷയംകൂടി ആയി മാറിയിരുന്നു. കെ സുരേന്ദ്രനെതിരെ നിൽക്കുന്ന ഒരു വിഭാഗം റിപ്പോർട്ടിൻറെ വെളിച്ചത്തിൽ സുരേന്ദ്രനെതിരായ നീക്കങ്ങളും ശക്തിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നാണ് സുരേന്ദ്രൻ ഡൽഹി കേന്ദ്രീകരിച്ച് നടത്തിയ പ്രവർത്തനങ്ങളിലൂടെയാണ് കേന്ദ്ര നേതൃത്വം നിഷേധിച്ചത് . വിഷയത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ പൂർണ പിന്തുണ സുരേന്ദ്രന് ഉണ്ടെന്നാണ് വ്യക്തമായിരിക്കുന്നത്.
അതിനിടെ പ്രധാനമന്ത്രിയാണ് തങ്ങളെ നിയോഗിച്ചതെന്ന് അന്വേഷണ വിശാരദൻമാർ രഹസ്യമായി അവർത്തിക്കുന്നുണ്ട്. പ്രധാനമന്ത്രിക്ക് വേറെ പണിയൊന്നുമില്ലേ എന്ന് ആരെങ്കിലും ചോദിച്ചാൽ അവരെ കുറ്റം പറയാനാവുമോ?
https://www.facebook.com/Malayalivartha
























