ഒന്നാം പിണറായി മന്ത്രിസഭയിലെ രണ്ട് സി പി ഐ മന്ത്രിമാർ വെട്ടിൽ; റവന്യു,വനം ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണ് തങ്ങൾ സ്വർണ്ണത്തിൻറെ വിലയുള്ള മരങ്ങൾ മുറിച്ചതെന്ന വാദം ഹൈക്കോടതിയിലെത്തി, ഇനി സംഭവിക്കാൻ പോകുന്നത്

റവന്യു,വനം ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണ് തങ്ങൾ സ്വർണ്ണത്തിൻറെ വിലയുള്ള മരങ്ങൾ മുറിച്ചതെന്ന വാദം ഹൈക്കോടതിയിലെത്തിയതോടെ ഒന്നാം പിണറായി മന്ത്രിസഭയിലെ രണ്ട് സി പി ഐ മന്ത്രിമാർ വെട്ടിലായി. വയനാട് മുട്ടിൽ മരം കൊള്ളക്കേസിലെ പ്രതികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി സിംഗിൾ ബഞ്ച് ഇന്ന് പരിഗണിക്കാനിരിക്കെയാണ് പ്രതികളായ ആന്‍റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, റോജി അഗസ്റ്റിൻ എന്നിവരുടെ സത്യവാങ്മൂലം സർക്കാരിനെ പ്രതിസന്ധിയിലാക്കിയത്.
വനം വകുപ്പുദ്യോഗസ്ഥരിൽ നിന്നും അനുമതി വാങ്ങിയതിനു ശേഷമാണ് മരം മുറിച്ചതെന്നാണ് പ്രതികളുടെ വാദം. വിവരങ്ങൾ റവന്യൂ ഉദ്യോഗസ്ഥരെയും കൽപ്പറ്റ കോടതിയെയും അറിയിച്ചിരുന്നുവെന്നും പ്രതികൾ പറയുന്നു. വില്ലേജ് ഓഫീസറുടെ അനുമതി ലഭിച്ചിരുന്നതായും ജാമ്യാപേക്ഷയിൽ പറയുന്നു. ഈ സാഹചര്യത്തിൽ മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലുള്ള വകുപ്പുകൾ നിലനിൽക്കില്ലെന്നാണ് ഹർജിക്കാരുടെ വാദം. കേസിൽ അന്വേഷണം സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.
അതായത് റവന്യു വനം ഉദ്യോഗസ്ഥരുടെ കൃത്യമായ ഉത്തരവിൻറെ അടിസ്ഥാനത്തിലാണ് പ്രതികൾ പ്രവർത്തിച്ചിട്ടുള്ളതെന്ന് ചുരുക്കം. ഇതിനാവശ്യമുള്ള രേഖകൾ പ്രതികൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.രേഖകൾ കൃത്യമാണെങ്കിൽ മിണ്ടാ പൂച്ച കളിക്കുന്ന സർക്കാരിന് അഴിമതിക്കുള്ളിൽ കൃത്യമായ പങ്കുണ്ടെന്ന് വേണം മനസിലാക്കേണ്ടത്.
മുഖ്യമന്ത്രി വിളിച്ചുചേർത്ത കർഷകരുടെ യോഗത്തിലാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന സർക്കാർ വാദം പ്രതികളുടെ ആരോപണം ശരിവയ്ക്കുന്നു. സർക്കാരാകട്ടെ കർഷകർക്ക് വേണ്ടിയാണ് ഇത്തരം ഒരു തീരുമാനമെടുത്തതെന്ന് വാദിക്കുന്നു. കർഷകരുടെ മറവിൽ സർക്കാർ വൻതോതിൽ തടികടത്തിന് കൂട്ടുനിന്നു എന്ന ആരോപണം തള്ളാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
അതേ സമയം മുഖ്യമന്ത്രി വിളിച്ച യോഗത്തിൻറെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തതെന്ന് റവന്യു വകുപ്പ് ഇതുവരെയും സമ്മതിച്ചിട്ടില്ല. അവരും പറയുന്നത് തങ്ങളുടെ നിർദ്ദേശം കർഷകർക്ക് വേണ്ടിയാണെന്നാണ്.എന്നാൽ ഇത്തരം കള്ളങ്ങൾ കേരളം വിശ്വസിക്കുന്നില്ലെന്നതിൻറെ തെളിവാണ് ഇപ്പോൾ ഉണ്ടായ വിവാദങ്ങൾ.
മുട്ടിലിൻറെ മറവിൽ കേരളമെമ്പാടു നിന്നും മരങ്ങൾ മുറിച്ചു കടത്തിയിരുന്നു. കോടി കണക്കിന് രൂപയുടെ ഉരുപ്പിടികളാണ് കടത്തിയത്. സർക്കാർ എന്തു തന്നെ പറഞ്ഞാലും വിവിധ വകുപ്പുകൾ അഴിമതിയിൽ പങ്കാളികളാണ്. അതിനെ എങ്ങനെ ന്യായീകരിക്കുമെന്നറിയാതെ പരക്കം പായുകയാണ് സർക്കാർ.
നിങ്ങൾ അറിഞ്ഞില്ലേ എന്ന ഒറ്റ ചോദ്യം കൊണ്ട് ഹൈക്കോടതി സർക്കാരിനെ നേരിട്ടാൽ കമാന്ന് ഒരക്ഷരം മിണ്ടാതെ നിൽക്കാൻ മാത്രം സർക്കാരിന് കഴിയുകയുള്ളു.കാരണം കടലാസാണ് ഹൈക്കോടതിയിൽ സംസാരിക്കുക. അതിന് ആയിരം മനുഷ്യജീവനുകളെക്കാൾ ശക്തിയുണ്ടെന്ന് മനസിലാക്കണം.
https://www.facebook.com/Malayalivartha
























