ഐഷ സുല്‍ത്താന നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി വ്യാഴാഴ്ചത്തേക്ക് മാറ്റി; ലക്ഷദ്വീപ് പൊലീസിനോട് വിശദീകരണം തേടി; പരാമര്‍ശങ്ങള്‍ ബോധപൂര്‍വ്വം ആയിരുന്നില്ലെന്നും മാപ്പ് പറഞ്ഞതായും ഐഷ സുല്‍ത്താന

ആക്ടിവിസ്റ്റും ചലച്ചിത്രപ്രവര്‍ത്തകയുമായ ഐഷ സുല്‍ത്താന നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി വ്യാഴാഴ്ചത്തേക്ക് കേരളാ ഹൈക്കോടതി മാറ്റി. ഒരു ചാനല്‍ ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ 'ബയോ വെപ്പണ്‍' പരാമര്‍ശം നടത്തിയെന്നതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ചോദ്യം ചെയ്താണ് ഐഷ സുല്‍ത്താന ഹര്‍ജി നല്‍കിയത്. ഹര്‍ജിക്കാരിയുടെ കൂടി ആവശ്യപ്രകാരമാണ് ഹര്‍ജി മാറ്റിയത്. ഈ മാസം 20-ന് ഹാജരാകാനാണ് പൊലീസ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും പൊലീസിനോട് കൂടി മറുപടി തേടി കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റണമെന്നും ഹര്‍ജിക്കാരി ആവശ്യപ്പെടുകയായിരുന്നു.
ഇത് പരിഗണിച്ച കോടതി, ലക്ഷദ്വീപ് പൊലീസിനോട് എന്തെല്ലാം കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജ്യദ്രോഹക്കുറ്റം - 124 എ - ചുമത്തിയതെന്ന് ആരാഞ്ഞു. അടുത്ത സിറ്റിംഗിന് മുമ്പ് മറുപടി നല്‍കാനും നിര്‍ദേശം നല്‍കി. തന്റെ പരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചാണ് കവരത്തി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നതെന്നും, ടിവി ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ബോധപൂര്‍വ്വം ആയിരുന്നില്ലെന്നും ഐഷ സുല്‍ത്താന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. പരാമര്‍ശം വിവാദമായതോടെ സമൂഹമാധ്യമങ്ങളിലൂടെ മാപ്പ് പറഞ്ഞതായും ഐഷാ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ പ്രതീഷ് വിശ്വനാഥന്‍ കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് കാട്ടി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. അതേസമയം ലക്ഷദ്വീപില്‍ ലോക് ഡൗണ്‍ കഴിയും വരെ ഭക്ഷ്യധാന്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയും ഇന്ന് കോടതി പരിഗണിക്കും. കഴിഞ്ഞ ദിവസം ദ്വീപിലെത്തിയ അഡ്മിനിസ്ട്രറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഇന്ന് വിവിധ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. സേവ് ലക്ഷദ്വീപ് ഫോറം ഭാവി പ്രക്ഷോഭ പരിപാടികള്‍ ആലോചിക്കാന്‍ ഇന്ന് ഓണ്‍ലൈന്‍ മീറ്റിംഗ് നടക്കുന്നുണ്ട്.
https://www.facebook.com/Malayalivartha