വിവാദ പ്രകൃതി ചികിത്സകൻ മോഹനൻ വൈദ്യർ മരണപ്പെട്ടു... കുഴഞ്ഞു വീണായിരുന്നു അന്ത്യം സംഭവിച്ചത്...

വിവാദ പ്രകൃതി ചികിത്സകനും നാട്ടുവൈദ്യനുമായ മോഹനൻ വൈദ്യർ അന്തരിച്ചു. കുഴഞ്ഞു വീണ ശേഷമായിരുന്നു അദ്ദേഹം മരിച്ചത്. 65 വയസ്സായിരുന്നു. തിരുവനന്തപുരം കാലടിയിലെ ബന്ധുവീട്ടിൽ വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു.
മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ആലപ്പുഴ സ്വദേശിയാണ് ഇദ്ദേഹം. ശ്വാസം മുട്ടൽ സംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെ മുതൽ തന്നെ പനിപോലുള്ള ലക്ഷണങ്ങൾ മോഹനൻ വൈദ്യർ പ്രകടിപ്പിച്ചിരുന്നതായാണ് വിവരം.
കൊവിഡ് പരിശോധന അടക്കം നടത്തിയ ശേഷമായിരിക്കും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുക എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. നാട്ടുമരുന്നുകള്‍ പ്രചരിപ്പിച്ചിരുന്ന മോഹനന്‍ വൈദ്യരുടെ ചികിത്സാരീതികള്‍ക്ക് എതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.
കൊവിഡ് ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് വ്യാജ ചികിത്സ നടത്തിയതിനെ തുടര്‍ന്ന് മോഹനന്‍ വൈദ്യരെ പൊലീസ് മുന്‍പ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്. തൃശ്ശൂർ പട്ടിക്കാട്ടെ ആയുർവേദ ചികിത്സാ കേന്ദ്രത്തിന് ലൈസൻസ് ഇല്ലെന്നും കണ്ടെത്തിയിരുന്നു.
ചികിത്സ നടത്തുന്നവർക്ക് മതിയായ യോഗ്യതയില്ലെന്ന് കണ്ടെത്തുകയും വിതരണം ചെയ്ത മരുന്നുകൾക്ക് കൃത്യമായ പേരോ വിവരങ്ങളോ ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.
അശാസ്ത്രീയമായ രീതിയിലായിരുന്നു പല രോഗികളേയും മോഹനന്‍ വൈദ്യര്‍ ചികിത്സിച്ചതെന്നായിരുന്നു പൊലീസ് കണ്ടെത്തിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ആള്‍മാറാട്ടം, വഞ്ചിക്കല്‍, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് അന്ന് കേസെടുത്തത്. വൈദ്യശാസ്ത്ര സംബന്ധമായ നിരവധി പ്രസ്താവനകളിലൂടെ വിവാദം സൃഷ്ടിച്ച ഇദ്ദേഹം, കോവിഡ് 19നു വ്യാജ ചികിത്സ നല്‍കിയെന്ന കേസില്‍ അറസ്റ്റിലായി വിയ്യൂര്‍ ജയിലില്‍ കഴിഞ്ഞിരുന്നു.
ആധുനിക ചികിത്സയ്ക്കെതിരെ നിരവധി തവണ മോഹനൻ വൈദ്യ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിട്ടുണ്ട്. നാട്ടുമരുന്നുകളാണ് മോഹനൻ പ്രചരിപ്പിച്ചിരുന്നത്. വൈറസുകൾ ഇല്ല, കാൻസർ എന്ന അസുഖമില്ല തുടങ്ങിയ വാദങ്ങൾ ഉന്നയിച്ചതുവഴി നിരവധി തവണ മോഹനൻ വൈദ്യർ വിമർശിക്കപ്പെട്ടിരുന്നു.
മാരരോഗങ്ങൾക്കുള്ള മരുന്ന് നമ്മുടെ വീട്ടുമുറ്റത്ത് തന്നെ ഉണ്ടെന്നും അർബുദം എന്നത് വെറും പൊള്ളയായ രോഗമാണെന്നും മോഹനൻ വൈദ്യർ അവകാശപ്പെട്ടിരുന്നു. കീമോതെറപ്പി ഉൾപ്പെടെയുള്ള ചികിത്സാരീതികളെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ''വീട്ടുമുറ്റത്ത് നിൽക്കുന്ന പച്ചമരുന്ന് കൊണ്ട് മാറ്റാനാകുന്ന രോഗമാണ് ക്യാൻസർ.
എന്നാൽ ആധുനിക ചികിത്സാ രീതി ക്യാൻസറിനെ മാരക രോഗമായി ചിത്രീകരിച്ച് മനുഷ്യ ശരീരത്തിനു ഏറെ ദോഷകരമായ കീമോതെറാപ്പി പോലുള്ള ചികിത്സയിലൂടെ സൂക്ഷ്മകണങ്ങൾ പ്രവഹിപ്പിക്കുന്നു. യഥാർത്ഥത്തിൽ കീമോ ചെയ്യുന്നതാണ് ക്യാൻസർ രോഗത്തിനു അടിമയാക്കുന്നത്'' എന്നും അദ്ദേഹം പറഞ്ഞിരുന്നു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിരവധിപേർക്ക് വൈദ്യർ ചികിത്സ നടത്തിയിരുന്നു.
https://www.facebook.com/Malayalivartha
























