വയനാട് മുട്ടില്‍ 15 കോടിയുടെ വനം കൊള്ള.... റവന്യൂ വകുപ്പിറക്കിയ ഉത്തരവിന്റെ മറവില്‍ സംസ്ഥാത്തെ 5 ജില്ലകളില്‍ നിന്നായി വനം മാഫിയ 400 കോടിയുടെ ഈട്ടി , തേക്കു വൃക്ഷങ്ങള്‍ മുറിച്ച് കടത്തിയ കേസ്... സൂര്യ ടിംബേഴ്‌സ് ഉടമകളായ അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് വനം വകുപ്പ് ഹൈക്കോടതിയില്‍, പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് കൊള്ള മുതലായ മുഴുവന്‍ തടികളും മര ഉരുപ്പടികളും വീണ്ടെടുക്കണമെന്നും വനം വകുപ്പ്

2020 ലെ റവന്യൂ വകുപ്പിന്റെ മരം മുറി ഉത്തരവുകളുടെ മറവില്‍ സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ നിന്നും വനം മാഫിയ 400 കോടിയിലധികം രൂപയുടെ വനം കൊള്ള നടത്തിയ സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ വനം കേസായ വയനാട് മുട്ടില്‍ 15 കോടിയുടെ തേക്ക് , ഈട്ടി മരം മുറി കേസില്‍ പ്രതികളായ മുഖ്യമന്ത്രിയുടെ സുഹൃത്ത് സൂര്യ ടിംബേഴ്‌സ് ഉടമകളായ റോജി അഗസ്റ്റിനും കൂട്ടു പ്രതികളായ സഹോദരങ്ങളും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ തള്ളി ഉത്തരവുണ്ടാകണമെന്ന് സംസ്ഥാന വനം വകുപ്പ് ഹൈക്കോടതിയില്‍.
പ്രതികളെ കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്ത് കൊള്ള മുതലായ മുഴുവന്‍ തടികളും മര ഉരുപ്പടികളും വീണ്ടെടുക്കേണ്ടതുണ്ടെന്നും വനം വകുപ്പ് ഹൈക്കോടതിയില്‍ നിലപാടറിയിച്ചു.മുന്‍കൂര്‍ ജാമ്യം നല്‍കി സ്വതന്ത്രരാക്കിയാല്‍ പ്രതികള്‍ക്ക് ഒത്താശ ചെയ്ത ഉന്നതരെയും ഗൂഢാലോചനയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ , ഇടനിലക്കാര്‍ എന്നിവരെയും അറസ്റ്റ് ചെയ്യാന്‍ പറ്റാത്ത സ്ഥിതിയുണ്ടാകും. കവര്‍ച്ചാ തൊണ്ടി മുതല്‍ വിറ്റു കിട്ടിയ കോടികളടക്കം യാതൊന്നും പ്രതികളില്‍ നിന്ന് റിക്കവറി നടത്താനാവില്ലെന്നും വനം വകുപ്പ് ഹൈക്കോടതില്‍ ബോധിപ്പിച്ചു.
ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വയനാട് മുട്ടില്‍ വനം കൊള്ള കേസില്‍ ഒന്നു മുതല്‍ മൂന്നു വരെ പ്രതികളായ വയനാട് സൂര്യ ടിമ്പേഴ്‌സ് ഉടമകളായ വാഴവട്ട മൂങ്കനാനിയില്‍ ആന്റോ അഗസ്റ്റിന്‍ , ജോസുകുട്ടി അഗസ്റ്റിന്‍ , റോജി അഗസ്റ്റിന്‍ എന്നിവരാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 438 പ്രകാരമുള്ള മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നത്.
മോഷണ മുതലുകളായി ആരോപിക്കപ്പെട്ട തേക്ക് , ഈട്ടി മരങ്ങള്‍ വനം വകുപ്പ് റിക്കവറി നടത്തിയതിനാല്‍ യാതൊരന്വേഷണത്തിനും തങ്ങളെ കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. തങ്ങള്‍ നിരപരാധികളാണെന്നും കേസുമായി യാതൊരു ബന്ധവുമില്ലെന്നും തങ്ങളെ അറസ്റ്റു ചെയ്യുന്ന പക്ഷം ഉടനടി ജാമ്യത്തില്‍ വിട്ടയക്കാന്‍ അന്വേഷണ ഉദ്യാഗസ്ഥര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാടറിയിക്കാനും മേപ്പാടി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നും അന്വേഷണ തല്‍സ്ഥിതി റിപ്പോര്‍ട്ട് ഹാജരാക്കാനുമാണ് കോടതി ആവശ്യപ്പെട്ടത്. വയനാട് സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയില്‍ നിലവിലുള്ള വനം കേസായ മേപ്പാടി ഫോറസ്റ്റ് റെയ്ഞ്ച് ക്രൈം കേസ് (ഒ ആര്‍) ഒക്കറന്‍സ് റിപ്പോര്‍ട്ടിലാണ് പ്രതികള്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി ഫയല്‍ ചെയ്തത്. പ്രതികള്‍ക്കെതിരെ 39 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അറിയിച്ചു.
അതേ സമയം പട്ടയഭൂമിയില്‍ നിന്നോ റിസര്‍വ് വനങ്ങളില്‍ നിന്നോ തേക്കോ വീട്ടിമരങ്ങളോ മുറിക്കാന്‍ സര്‍ക്കാര്‍ 2020 ല്‍ ഉത്തരവിറക്കിയിട്ടില്ലെന്ന് മുന്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ജൂണ്‍ 15 ന് മാധ്യമങ്ങളോട് വ്യക്തമാക്കി. കൃഷിക്കാര്‍ നട്ടുവളര്‍ത്തിയ തേക്ക്, ഈട്ടി എന്നീ മരങ്ങള്‍ ഒഴികെയുള്ള മരങ്ങള്‍ മുറിക്കാനാണ് ഉത്തരവ് ഇറക്കിയതെന്നും അവര്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ ഉത്തരവ് ദുരുപയോഗം ചെയ്തും ദുര്‍വ്യാഖ്യാനം ചെയ്തുമാണ് വ്യാപക വനംകൊള്ള നടന്നത്. അതേ സമയം സി ബി സി ഐ ഡി ഐ.ജി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ക്രൈംബ്രാഞ്ച് പോലീസ് അന്വേഷണ സംഘം കേസില്‍ മോഷണക്കുറ്റത്തിന്റെ വകുപ്പായ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 379 ഉം എസ് സി എസ് റ്റി അതിക്രമം തടയല്‍ നിയമവും ചുമത്തി മജിസ്‌ട്രേട്ട് കോടതിയില്‍ അഡീഷണല്‍ റിപ്പോര്‍ട്ട് ഹാജരാക്കി. വനം കുറ്റകൃത്യങ്ങളുടെ എഫ് ഐ ആറുകള്‍ക്കൊപ്പം ഈ കുറ്റകൃത്യങ്ങള്‍ കൂടി നടന്നതായി ചൂണ്ടിക്കാട്ടിയാണ് അഡീ. റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള റവന്യു , വന ഭൂമിയില്‍ നിന്ന് വൃക്ഷങ്ങള്‍ മുറിച്ചുകടത്തിയതിനാലും ആദിവാസി , ഗോത്ര വനമേഖലകളില്‍ നിന്നും വനംകൊള്ള നടന്നതിലാണ് ഇപ്രകാരം വകുപ്പുകള്‍ കൂട്ടി ചേര്‍ത്തത്.
2020 മാര്‍ച്ച് 11 , ഒക്ടോബര്‍ 24 എന്നീ തീയതികളില്‍ സംസ്ഥാന റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇറക്കിയ മരംമുറി അനുവാദ ഉത്തരവുകളുടെ വെളിച്ചത്തിലാണ് സംസ്ഥാനമൊട്ടുക്ക് 5 ജില്ലകളിലായി 400 കോടിയുടെ വനംകൊള്ള നടന്നത്. വയനാട് , ഇടുക്കി , പത്തനംതിട്ട , തൃശൂര്‍ , എറണാകുളം ജില്ലകളിലെ വനമേഖലയിലെ റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള റിസര്‍വ്വ് വനങ്ങളടക്കം കൈയ്യേറിയ വനം മാഫിയ 400 കോടിയിലധികം രൂപ വിലമതിക്കുന്ന തേക്ക് , വീട്ടി തുടങ്ങിയ വൃക്ഷങ്ങള്‍ മുറിച്ച് കടത്തുകയായിരുന്നു. ഇവയില്‍ പലതും ആഡംബര ഫര്‍ണിച്ചറായി മാറി വിറ്റഴിഞ്ഞ് പോയിട്ടുണ്ട്. അതേ സമയം 101 ഈട്ടി മരങ്ങള്‍ മുറിച്ചതിന് മാത്രമാണ് മേപ്പാടി ഫോറസ്റ്റ് റെയിഞ്ചില്‍ അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
മിക്ക ജില്ലാ കളക്ടര്‍മാരും വനം മാഫിയക്കെതിരെ സര്‍ക്കാരിന് റിപ്പോര്‍ട്ടു നല്‍കിയെങ്കിലും വനം മാഫിയക്ക് സര്‍ക്കാരിലുള്ള സ്വാധീനത്താല്‍ സര്‍ക്കാരും വനം വകുപ്പും റവന്യൂ വകുപ്പും അനങ്ങിയില്ല. ഫയല്‍ പിന്നീട് വെളിച്ചം കണ്ടതുമില്ല.
3 മാസത്തിന് ശേഷം മരംമുറി ഉത്തരവ് ഒദ്യോഗിക രേഖകളില്‍ പിന്‍വലിച്ചെങ്കിലും വനം മാഫിയ നിര്‍ബാധം വനംകൊള്ള തുടര്‍ന്നു.
വയനാട് മുട്ടില്‍ സൗത്ത് വില്ലേജില്‍ നിന്ന് മുറിച്ചു കടത്താന്‍ ശ്രമിച്ച 15 കോടിയുടെ വീട്ടി , തേക്ക് മരങ്ങള്‍ മേപ്പാടി ഡി എഫ് ഒ (ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍) പി . ധനേഷ് പിടികൂടിയതോടെയാണ് സര്‍ക്കാര്‍ - വനം - റവന്യൂ വകുപ്പ് - വനം മാഫിയാ ബന്ധം മറ നീക്കി പുറത്ത് വന്നത്. സംഭവം മാധ്യമങ്ങളിലൂടെ പുറം ലോക മറിഞ്ഞ തോടെ മുഖം രക്ഷിക്കാനായി 2021 ജൂണ്‍ 5 ഓടെ 42 വനം കേസുകള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തു.
അതേ സമയം പല ജില്ലകളിലും പ്രതിപ്പട്ടികയില്‍ പ്രതിയുടെ ഊരും പേരും ഇല്ലാതെയാണ് നാമമാത്രമായി കേസ് രജിസ്റ്റര്‍ ചെയ്തത് സര്‍ക്കാര്‍ മുഖം രക്ഷിച്ചെടുത്തത്. വില്ലേജ് ഓഫീസര്‍മാരടങ്ങുന്ന കുറച്ച് റവന്യൂ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്ത സര്‍ക്കാര്‍ തടിയൂരുകയും ചെയ്തു. കേസന്വേണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട പ്രതികളായ അഗസ്റ്റിന്‍ സഹോദരങ്ങളുടെ ഹര്‍ജി ഹൈക്കോടതി ജൂണ്‍ ആദ്യവാരം തളളി. എന്നിട്ടുപോലും പ്രതികളെ നാളിതുവരെയായിട്ടും അറസ്റ്റ് ചെയ്തിട്ടുമില്ല. ഇത് വനം മാഫിയക്ക് സംസ്ഥാന സര്‍ക്കാരിലുള്ള സ്വാധീനം വെളിവാക്കുന്നതാണ്. മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചാല്‍ പോലും പ്രതിയെ നിശ്ചിത ദിവസത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന കോടതിയുടെ ഇടക്കാല ഉത്തരവില്ലാത്തപ്പോള്‍ പോലും പ്രതിയെ അന്വേഷണ ഉദ്യോഗസ്ഥന് അറസ്റ്റ് ചെയ്യാന്‍ യാതൊരു നിയമ തടസവുമില്ല.
മുഖ്യ പ്രതി റോജി അഗസ്റ്റിനുമായി മുഖ്യമന്ത്രി പിണറായി വിജയന് ഉള്ള ബന്ധം വെളിവാക്കുന്ന ചിത്ര തെളിവുകള്‍ പത്ര ദൃശ്യ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെ സര്‍ക്കാര്‍ വെട്ടിലായി. മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട് 25 ലക്ഷം രൂപയോളം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്ന് പ്രധാന പ്രതി റോജിയുടെ ഫോണ്‍ സംഭാഷണം ജൂണ്‍ 10 ന് പുറത്തു വന്നു. വനം കൊള്ളക്ക് റോജി വയനാട് ഡി.എഫ്.ഒ രഞ്ജിത്തിനെ വിളിക്കുന്ന ഫോണ്‍ സംഭാഷണമാണ് ലീക്കായത്. ഡി.എഫ് ഒ ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും പണം നല്‍കിയതായി ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാണ്. ഡി എഫ് ഒ രഞ്ജിത്തിന് 10 ലക്ഷവും ഡി എഫ് ഒ ഓഫീസ് സ്റ്റാഫുകള്‍ക്ക് മൂന്നു ലക്ഷവും വീതം നല്‍കി. മേപ്പാടി ഫോറസ്റ്റ് റെയ്ഞ്ചര്‍ക്ക് 3 ലക്ഷം , വനിതാ സ്റ്റാഫുകള്‍ക്ക് 2 ലക്ഷം വീതം എന്നിങ്ങനെയാണ് പണം നല്‍കിയതിന്റെ കണക്ക് വ്യക്തമാക്കുന്നത്.
കോടികളുടെ വനംകൊള്ളയില്‍ വെട്ടിയിട്ട മരം കടത്താന്‍ വനം വകുപ്പ് ഉദ്യോഗസ്ഥരും വനം മാഫിയയും ചേര്‍ന്ന് നടത്തിയ കള്ളക്കളി പൊളിച്ചത് ഡി എഫ് ഒ പി . ധനേഷാണ്. വനം വകുപ്പ് എറണാകുളത്തു നിന്ന് ഈട്ടി , തേക്ക് തടികള്‍ പിടിച്ചെടുത്ത ദിവസം തയ്യാറാക്കിയ ഫെബ്രുവരി 8 ലെ തൊണ്ടി മഹസര്‍ നിയമ സാധുതയില്ലാതാക്കാന്‍ വേണ്ടി റോജി അഗസ്റ്റിന് അനുവദിച്ചിരുന്ന ഫോറം 4 പാസിന്റെ ഡ്യൂപ്ലിക്കേറ്റ് ഫെബ്രുവരി 9 ന് ഡിവിഷന്‍ ഓഫീസില്‍ സമര്‍പ്പിക്കുകയും ഫെബ്രുവരി 6 തീയതി വച്ച് ഫോറസ്റ്റ് ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ടിനെക്കൊണ്ട് ഒപ്പിടുവിക്കുകയായിരുന്നു.
ഇത് നിയമവിരുദ്ധവും കുറ്റകരവുമാണെന്ന് ധനേഷ് കുമാര്‍ തന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. റോജിയുടെ സൂര്യ ടിമ്പേഴ്‌സിന് പ്രോപ്പര്‍ട്ടി മാര്‍ക്ക് രജിസ്‌ട്രേഷന്‍ ലഭിക്കാന്‍ വേണ്ട ഭൗതിക സാഹചര്യങ്ങളോ രേഖകളോ ഇല്ലെന്നിരിക്കെ രജിസ്‌ട്രേഷന്‍ അനുവദിച്ചത് ബാഹ്യപ്രേരണ മൂലമാകാമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. സൂര്യ ടിമ്പേഴ്‌സില്‍ പരിശോധന നടത്താതെയാണ് പ്രോപ്പര്‍ട്ടി രജിസ്‌ട്രേഷന്‍ മാര്‍ക്ക് നല്‍കിയതെന്നും ടിമ്പേഴ്‌സിലെ തടികള്‍ പരിശോധിക്കാതെ പാസ് അനുവദിച്ചത് ഗുരുതരമായ ക്രമക്കേടാണെന്നും ചൂണ്ടിക്കാട്ടിയ ധനേഷ് വനം വകുപ്പിന്റെ ലക്കിടി ചെക്ക് പോസ്റ്റിലടക്കമുണ്ടായ വീഴ്ചകളും ചൂണ്ടിക്കാട്ടി. മേലുദ്യോഗസ്ഥനും പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണമുള്ള ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍.റ്റി. സാജനായിരുന്നു. റോജിയുമായി സാജന് ബന്ധമുണ്ടെന്ന് കാട്ടി നോര്‍ത്ത് ചീഫ് കണ്‍സര്‍വേറ്റര്‍ വിനോദ് കുമാര്‍ മേലാവിലേക്ക് റിപ്പോര്ട്ട് നല്‍കിയിരുന്നു.
ഫോറസ്റ്റ് വിജിലന്‍സിന്റെ ചുമതലയുണ്ടായിരുന്ന ദേവപ്രസാദ് അവധിയില്‍ പോയപ്പോള്‍ അന്വേഷണം ഏറ്റെടുത്ത എന്‍.റ്റി. സാജന്‍ റോജിക്ക് തടികൊണ്ടു പോകാന്‍ അനുമതി നിഷേധിച്ച മേപ്പാടി റെയ്ഞ്ച് ഓഫീസര്‍ സമീറിനെതിരെ നടപടിയെടുക്കാന്‍ ധനേഷിനെ നിര്‍ബന്ധിച്ചതായും കണ്‍സര്‍വേറ്റര്‍ വിനോദ്കുമാറിന്റെ റിപ്പോര്‍ട്ടിലുണ്ട്. കുടുക്കില്‍ പെട്ടതോടെ പ്രതികള്‍ സൗത്ത് വയനാട് ഡി. എഫ്. ഒ രഞ്ജിത് കുമാര്‍ ധനേഷ് കുമാറിന് വേണ്ടി രണ്ടു ലക്ഷം രൂപ വാങ്ങിയെന്ന ആരോപണമുയര്‍ത്തുകയായിരുന്നു. ഈ ആരോപണമാണ് ഫോണ്‍ ശബ്ദരേഖയിലുള്ളത്.
"
https://www.facebook.com/Malayalivartha
























