വിസ്മയയുടെ മരണം; സ്വര്‍ണം സൂക്ഷിച്ചിരിക്കുന്ന ബാങ്ക് ലോക്കര്‍ പരിശോധിക്കും, കൊലപ്പെടുത്തിയ ശേഷം തെളിവുകള്‍ നശിപ്പിച്ച് ആത്മഹത്യയായി ചിത്രീകരിച്ചെന്ന് സംശയം: കിരണിനെ കസ്റ്റഡിയില്‍ കിട്ടാന്‍ അപേക്ഷ നല്‍കും

വിസ്മയയുടെ മരണത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. ഭര്‍ത്താവ് കിരണ്‍ കുമാറിനെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുകയാണ്. കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ട് പൊലീസ് ശാസ്‌താംകോട്ട കോടതിയില്‍ അപേക്ഷ നല്‍കും.
പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തും. വിസ്മയയുടെയും കിരണിന്റെയും ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. കിരണിന്റെ പീഡനങ്ങളെ കുറിച്ച് വിസ്മയ കൂട്ടുകാരിക്കും ബന്ധുക്കള്‍ക്കും അയച്ച വാട്സ് ആപ്പ് സന്ദേശങ്ങള്‍ നേരത്തെ അവര്‍ പുറത്തുവിട്ടിരുന്നു. ഇത് യുവതിയുടെ ഫോണില്‍ നിന്ന് അയച്ചതാണെന്നും ഉറപ്പ് വരുത്തിയിരുന്നു.
വിവാഹ സമയത്ത് വിസ്മയയുടെ വീട്ടുകാര്‍ നല്‍കിയ 80 പവന്‍ സ്വര്‍ണം പോരുവഴിയിലെ സഹകരണ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് കിരണ്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഈ ലോക്കറും അന്വേഷണ സംഘം പരിശോധിക്കും.കിരണ്‍ വിസ്മയയെ കൊലപ്പെടുത്തിയ ശേഷം തെളിവുകള്‍ നശിപ്പിച്ച് ആത്മഹത്യയായി ചിത്രീകരിച്ചതാണോയെന്നാണ് പൊലീസ് സംശയിക്കുന്നത്.
അതേസമയം, വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാര്‍ ആരുമായും അധികം സഹകരണം ഇല്ലാത്ത ആളായിരുന്നെന്ന് നാട്ടുകാര്‍. വളരെ സാധാരണ സാഹചര്യത്തില്‍ നിന്നും വളര്‍ന്ന് വന്ന കിരണ്‍ അമ്മയുടെ നാടായ ശാസ്താംനടയില്‍ താമസമാക്കിയത് വിവാഹത്തിന് ശേഷമായിരുന്നു. അച്ഛന്‍ സമീപ പഞ്ചായത്തിലെ ഒരു സാധാരണ റേഷന്‍കടയിലെ സെയില്‍സ്മാന്‍ ആയിരുന്നു. എഞ്ചിനീയറിംഗ് പഠനശേഷമാണ് കിരണ്‍ കുമാറിന് മോട്ടോര്‍ വാഹന വകുപ്പില്‍ ജോലി ലഭിക്കുന്നത്. കോഴിക്കോടായിരുന്നു നിയമനം. വിവാഹ ശേഷമായിരുന്നു സ്വന്തം പ്രദേശത്തേക്ക് സ്ഥലംമാറ്റം ലഭിക്കുന്നത്. ഇത് ഭാര്യവീട്ടുകാരുടെ സ്വാധീനം ഉപയോഗിച്ചാണ് എന്നാണ് നാട്ടുകാര്‍ പറയുന്നത്.
നാടുമായോ നാട്ടിലെ സാധാരണ ജനങ്ങളുമായോ വ്യക്തിപരമായ ബന്ധം സ്ഥാപിക്കാനും അത് നിലനിര്‍ത്താനും കിരണിന് താത്പര്യം ഉണ്ടായിരുന്നില്ല. രാവിലെ ജോലിക്കായി പോയാല്‍ ഉച്ചയോടെ തിരിച്ചെത്തും. വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം പ്രദേശത്ത് കിരണിന്റെ വാഹന പരിശോധനയും പതിവായിരുന്നു.പണത്തോട് മാത്രമായിരുന്നു കിരണിന് സ്നേഹവും കടപ്പാടുമെന്നാണ് നാട്ടുകര്‍ ചൂണ്ടിക്കാട്ടുന്നത്.
വളരെ കഷ്ടതകള്‍ നിറഞ്ഞ ബാല്യത്തില്‍ നിന്നും പണം സമ്പാദിക്കാനുള്ള ആര്‍ത്തി മൂത്ത കിരണ്‍ കണ്ടതിനെല്ലാം കാശുവാങ്ങി. ഒടുവില്‍ വിവാഹ മാര്‍ക്കറ്റിലും തനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ വിലയിട്ടു. 120 പവന്‍ സ്വര്‍ണവും ഒന്നര ഏക്കര്‍ സ്ഥലവും ആഢംബര കാറുമായിരുന്നു കിരണ്‍ വിവാഹ കമ്ബോളത്തില്‍ തനിക്കിട്ട വില. വിസ്മയയുടെ മാതാപിതാക്കള്‍ 100 പവനും പത്തുലക്ഷത്തിന്റെ കാറും ഒന്നേകാല്‍ ഏക്കര്‍ ഭൂമിയും നല്‍കാമെന്നേറ്റു.
എന്നാല്‍, എണ്‍പത് പവന്‍ മാത്രമേ വിസ്മയക്ക് നല്‍കിയുള്ളൂ എന്നും കാറ് ചെറുതായി പോയി എന്നുമായിരുന്നു കിരണിന്റെ പരാതി. ഇതിനെ തുടര്‍ന്ന് ഒരിക്കല്‍ പിണങ്ങിപ്പോയ വിസ്മയയെ വീണ്ടും അനുനയിപ്പിച്ച് വീട്ടിലെത്തിക്കാനും കിരണിന് സാമര്‍ത്ഥ്യമുണ്ടായിരുന്നു. ഇതോടെയാണ് വിസ്മയ അച്ഛനുമായും സഹോദരനുമായുമുള്ള ഫോണ്‍കോണ്‍ടാക്‌ട് അവസാനിപ്പിക്കുന്നത്. വിസ്മയക്ക് വീട്ടുകാര്‍ നല്‍കിയ സ്വര്‍ണമെല്ലാം സൂക്ഷിച്ചിരുന്നതും കിരണായിരുന്നു.
https://www.facebook.com/Malayalivartha























