നയതന്ത്ര പാഴ്സൽ സ്വർണക്കടത്തുകൾ ഏകോപിപ്പിച്ചതു കെ.ടി. റമീസ്: കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ വമ്പൻ കണ്ടെത്തൽ

ഏകോപനം റെമീസിന്റെ വക..... ഒന്നൊന്നര കണ്ടെത്തലുമായി കസ്റ്റംസ്....
നയതന്ത്ര പാഴ്സൽ സ്വർണക്കടത്തുകൾ ഏകോപിപ്പിച്ചതു കെ.ടി. റമീസാണെന്നു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്.
സ്വർണക്കടത്തുകാർക്കും സ്വപ്ന, സരിത്, സന്ദീപ് എന്നിവർക്കുമിടയിലുള്ള ഏക കോൺടാക്ട് പോയിന്റാണു റമീസെന്നും സ്വർണക്കടത്തു കേസിലെ കാരണം കാണിക്കൽ നോട്ടിസിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ചൂണ്ടി കാണിക്കുന്നു. 21തവണകളായി നടന്ന, 61.32 കോടി രൂപ വിലവരുന്ന 167.073 കിലോഗ്രാം സ്വർണം നയതന്ത്ര പാഴ്സലുകളിലൂടെ കടത്തിയെന്നാണു കസ്റ്റംസ് ഇപ്പോൾ ഉയർത്തിയിരിക്കുന്ന കേസ്. ഇതിൽ ഏറ്റവുമൊടുവിൽ നടന്ന 30 കിലോഗ്രാമിന്റെ കടത്താണു കസ്റ്റംസ് പിടികൂടിയത്. കസ്റ്റംസ് പ്രിവന്റീവ് ഹെഡ്ക്വാർട്ടേഴ്സ് സൂപ്രണ്ട് വിവേക് വാസുദേവൻ നായരാണു കേസിന്റെ അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥൻ.
‘ദുബായിൽ നിന്നു നയതന്ത്രപാഴ്സലുകളിൽ സ്വർണം അയക്കുന്നതു മുതൽ സ്വർണക്കടത്തുകാരെ അതു സുരക്ഷിതമായി ഏൽപിക്കുന്നതു വരെയുള്ള കാര്യങ്ങൾ ഏകോപിപ്പിച്ചതു റമീസാണ്. സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരുമായി ധാരണയിലെത്തിയ ശേഷം, സ്വർണക്കടത്തു പദ്ധതി റമീസ് ആദ്യം ചർച്ച ചെയ്തത് എ.എം. ജലാലുമായാണ്. ദുബായിൽ നിന്നു ഡമ്മി പാഴ്സലുകൾ അയച്ചു പരീക്ഷണം നടത്താൻ അബ്ദുൽ ഹമീദ് വരിക്കോടൻ എന്നയാളെ റമീസ് ചുമതലപ്പെടുത്തി. കള്ളക്കടത്തു കാര്യങ്ങൾ ചർച്ച ചെയ്യാൻ റമീസ് സ്വന്തം ഫോൺ ഉപയോഗിച്ചില്ല. സുഹൃത്തായ എം.എം. പ്രശാന്തിന്റെ ഫോണും പ്രശാന്ത് വഴി സംഘടിപ്പിച്ച സിം കാർഡുമാണുപയോഗിച്ചത്. എ.എം. ജലാൽ, പി. മുഹമ്മദ് ഷാഫി, എടക്കണ്ടൻ സെയ്തലവി, പി.ടി. അബ്ദു എന്നിവരെ സ്വർണക്കടത്തു നിക്ഷേപകരെന്ന നിലയിൽ സംഘത്തിലേക്കെത്തിച്ചതു റമീസാണ്. ഇവരുടെ ദൗത്യം അനുസരിച്ച്, പിന്നീടു മറ്റുള്ളവരെയും സംഘത്തിലെത്തിക്കുകയും ചെയ്തു .
പ്രോട്ടോക്കോൾ നിബന്ധനകൾ ലംഘിച്ച് യുഎഇ കോൺസുലേറ്റ് മുൻ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽസാബിയും മുഖ്യമന്ത്രി പിണറായി വിജയനുമായി പലതവണ കൂടിക്കാഴ്ച നടത്തിയെന്നു നോട്ടിസിൽ വ്യക്തമാക്കിയിട്ടുണ്ട്. ‘കോൺസൽ ജനറലിന്റെയും മുഖ്യമന്ത്രിയുടെയും വീടുകളിൽ നടന്ന ഈ കൂടിക്കാഴ്ചകളിൽ സ്വപ്നയും ശിവശങ്കറും പങ്കെടുത്തിരുന്നു.’
സ്വർണം അടങ്ങിയ പാഴ്സലുകളിൽ ആറാമത്തേതു സംശയം തോന്നി ദുബായ് കസ്റ്റംസ് മടക്കി അയച്ചിരുന്നു. തുടർന്ന്, പി. മുഹമ്മദ് ഷാഫി, മുഹമ്മദ് ഷമീർ, മുഹമ്മദ് അസ്‌ലം, യുഎഇ പൗരനായ ദാവൂദ് മഹമ്മദ് അൽ ഹർബി എന്നയാളുമായി റമീസ് ചർച്ച നടത്തുകയും ചെയ്തു. യുഎഇ പൗരൻ പാഴ്സൽ ഏൽപിച്ചാൽ, ദുബായ് കസ്റ്റംസിന്റെ കർശന പരിശോധന ഒഴിവാക്കാമെന്നു സംഘം വിലയിരുത്തി. തുടർന്ന്, യുഎഇ പൗരനായ ദാവൂദ് മഹമ്മദ് അൽ ഹർബി എന്നയാളാണ് 6 മുതൽ 17 വരെയുള്ള പാഴ്സലുകൾ അയച്ചത്. ഇതിനിയാൾക്കു കള്ളക്കടത്തു സംഘം പ്രതിഫലം നൽകിയിട്ടുണ്ട്
https://www.facebook.com/Malayalivartha























