സല്യൂട്ട് വിവാദത്തിനു ശേഷം ആദ്യമായി ഋഷിരാജ് സിങ്ങും രമേശ് ചെന്നിത്തലയും നേര്‍ക്കുനേര്‍; ഇക്കുറിയും സല്യൂട്ടില്ല

സല്യൂട്ട് വിവാദം ഒതുങ്ങുന്നില്ല. ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ സല്യൂട്ട് വിഷയത്തിനു ശേഷം എഡിജിപി ഋഷിരാജ് സിങ്ങും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വീണ്ടും പൊതുവേദിയില്‍ ഒന്നിച്ചെത്തി. ആക്കുളത്ത് ആഭ്യന്തരവകുപ്പിന്റെ പരിപാടിക്കാണ് ഇരുവരും വീണ്ടും ഒന്നിച്ചു പങ്കെടുത്തത്. പരിപാടിക്കു വന്ന ആഭ്യന്തരമന്ത്രിക്ക് ഇക്കുറിയും സല്യൂട്ട് നല്‍കാന്‍ എഡിജിപി തയ്യാറായില്ല. പകരം ഋഷിരാജ് സിങ് കൈകൂപ്പി വണങ്ങുകയായിരുന്നു.
ഇതു കണ്ട് അടുത്തേക്കു വന്ന രമേശ് ചെന്നിത്തല ചെറുപുഞ്ചിരിയോടെ ഋഷിരാജിനു ഹസ്തദാനം നല്‍കി. തുടര്‍ന്ന് ഇരുവരും സ്‌റ്റേജിലേയ്ക്ക് കയറുകയായിരുന്നു.
തൃശൂരിലെ പാസിങ് ഔട്ട് പരേഡില്‍ മന്ത്രിയെത്തിയിട്ടും ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേല്‍ക്കുകപോലും ചെയ്യാതിരുന്ന എഡിജിപിയുടെ നടപടി വിവാദമായിരുന്നു. ഇതിനുശേഷം ആദ്യമായാണ് ഇരുവരും ഒരു പരിപാടിയില്‍ ഒന്നിച്ചു പങ്കെടുക്കുന്നത്.
ഉദ്ഘാടകനായ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വേദിയിലേക്കെത്തുമ്പോള്‍ ലോക്‌നാഥ് ബഹ്‌റക്കൊപ്പം മുന്‍ സീറ്റിലിരിക്കുകയായിരുന്നു ഋഷിരാജ് സിങ്. ഇരുവരും യൂണിഫോമിലായിരുന്നില്ല. മന്ത്രി വന്നതോടെ ലോക്‌നാഥ് ബഹ്‌റക്കൊപ്പം ഋഷിരാജ് സിങും എഴുന്നേറ്റു. എന്നാല്‍ ലോക്‌നാഥ് ബഹ്‌റ അറ്റന്‍ഷനായി നിന്ന് ഉപചാരമര്‍പ്പിച്ചപ്പോള്‍ ഋഷിരാജ് സിങ് അതിന് തയ്യാറായില്ല. കൈകൂപ്പിയാണ് ഋഷിരാജ് സിങ് മന്ത്രിയെ വണങ്ങിയത്. കൈകൂപ്പിയ ഋഷിരാജ് സിങിന് ഷേക്ക് ഹാന്‍ഡ് നല്‍കിയാണ് മന്ത്രി വേദിയിലേക്കു പോയത്.
ട്രാഫിക് പൊലീസ് ആക്കുളത്ത് എംജിഎം സ്‌കൂളില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയായിരുന്നു വേദി.
https://www.facebook.com/Malayalivartha






















