ചേവായൂരിലെ പീഡനം; മാനസിക വെല്ലുവിളി നേരിടുന്ന യുവതി പീഡിപ്പിക്കപ്പെടുന്നത് ഇത് നാലാം തവണ; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്!! ഒളിവിലുള്ള പ്രതിയ്ക്കായി അന്വേഷണം തുടർന്ന് പൊലീസ്

ചേവായൂരില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവതി തുടര്‍പീഡനത്തിന് ഇരയായെന്ന് പോലീസ്. യുവതി പീഡിപ്പിക്കപ്പെടുന്നത് ഇത് നാലാം തവണയാണെന്നാണ് പോലീസ് കണ്ടെത്തല്‍. ഇതില്‍ മൂന്ന് കേസുകള്‍ മെഡിക്കല്‍ കോളേജ് പോലീസും, ചേവായൂര്‍ പോലീസും നേരത്തെ രജിസ്റ്റര്‍ ചെയ്തവയാണ്.
അതേസമയം, കേസില്‍ ഒളിവിലുള്ള പ്രതിയ്ക്കായി പോലീസ് അന്വേഷണം തുടരുകയാണ്. കുന്ദമംഗലം സ്വദേശി ഇന്ത്യേഷ് കുമാറിനെയാണ് ഇനി പിടികൂടാനുള്ളത്. കേസിലെ രണ്ടാം പ്രതിയാണ് ഇയാള്‍. മറ്റ് പ്രതികള്‍ പിടിയിലായത് മുതല്‍ ഇയാള്‍ ഒളിവിലാണ്. ഫോണ്‍ സ്വിച്ച് ഓഫ് ആയ നിലയിലാണെന്നും പൊലീസ് പറയുന്നു.
മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ സ്‌കൂട്ടറില്‍ തട്ടിക്കൊണ്ടു പോയവരില്‍ ഇന്ത്യേഷ് കുമാറും ഉള്‍പ്പെടുന്നു. ഇന്ത്യേഷും, ഗോപീഷും ചേര്‍ന്നാണ് സ്‌കൂട്ടറില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയത്. മുന്‍പ് കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടയാളാണ് ഇന്ത്യേഷ് കുമാര്‍. കുന്ദമംഗലം സ്വദേശികളായ ഗോപിഷ്, മുഹമ്മദ് ഷമീര്‍ എന്നിവരെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
അമ്മയോട് പിണങ്ങി വീട്ടില്‍ നിന്നിറങ്ങിയ യുവതി, റോഡരികില്‍ നില്‍ക്കുമ്പോഴാണ് രണ്ട് പേര്‍ ചേര്‍ന്ന് വീട്ടിലാക്കാമെന്ന് പറഞ്ഞ് യുവതിയെ ബൈക്കില്‍ കയറ്റിയത്. എന്നാല്‍ കൊണ്ടു പോയത് മുണ്ടിക്കല്‍ താഴത്തേക്കാണ്. ലോക്ക്‌ഡൗണിനെത്തുടര്‍ന്ന് നിര്‍ത്തിയിട്ട ബസില്‍ കയറ്റി പീഡിപ്പിക്കുകയായിരുന്നു.
ഗോപിഷും ഇന്ത്യേഷും ചേര്‍ന്നാണ് ആദ്യം പീഡിപ്പിച്ചത്. പിന്നീട് പ്രതികള്‍ വിളിച്ച് വരുത്തിയ മുഹമ്മദ് ഷമീറും പീഡിപ്പിച്ചെന്ന് അറസ്റ്റിലായവര്‍ സമ്മതിച്ചു. വൈകിട്ട് നാലു മണിക്ക് ബസില്‍ കൊണ്ടുവന്ന യുവതിയെ ഏഴ് മണിയോടെയാണ് തൊട്ടടുത്ത ഓട്ടോ സ്റ്റാന്‍ഡില്‍ വിട്ടത്. നാളെയും കാണണം എന്ന് പറഞ്ഞ് 300 രൂപയും പ്രതികള്‍ യുവതിക്ക് നല്‍കി. വീട്ടിലെത്തി പണം കണ്ട അമ്മ, ഇത് എവിടെ നിന്ന് ലഭിച്ചു എന്ന് അന്വേഷിച്ചപ്പോഴാണ് മകള്‍ എല്ലാം പറഞ്ഞത്. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
https://www.facebook.com/Malayalivartha























