വിശ്വസിക്കാന്‍ കഴിയുന്നില്ല... രണ്ട് വയസുകാരന്‍ പൊന്നോമനയെ രക്ഷിക്കാന്‍ 18 കോടി വേണം; എങ്ങനേയും ഈ തുക ഒപ്പിക്കാനായി പരക്കം പാഞ്ഞ മാതാപിതാക്കളെ അത്ഭുതപ്പെടുത്തി 18 കോടിയുടെ മരുന്ന് സൗജന്യം; കളിചിരിയുമായി നവനീത് വീണ്ടും

7 ദിവസം കൊണ്ട് 18 കോടി ലഭിച്ച മുഹമ്മദിന്റെ കഥ ചര്‍ച്ചയാകവേ ദൈവത്തിന്റെ മഹാത്ഭുതം സംഭവിച്ച മറ്റൊരു കുട്ടി കൂടി ചര്‍ച്ചയാകുന്നു. മരുന്നു കമ്പനിയുടെ ജീവകാരുണ്യത്തിന്റെ ഭാഗമായി 18 കോടിയുടെ മരുന്ന് സൗജന്യമായി കിട്ടിയ ഭാഗ്യവാനാണ് പത്തനംതിട്ടയിലെ നവനീത്. അച്ഛന്റെ ഒക്കത്തിരുന്ന് കളിക്കുന്ന ഈ രണ്ടു വയസുകാരനോട്, ഈഞ്ചയ്ക്കലിലെ വീട്ടില്‍ അവന്റെ കളിചിരി മുഴങ്ങിയിട്ട് നാലു മാസമേ ആയിട്ടുള്ളൂ.
സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ടൈപ്പ് വണ്‍ രോഗമാണ് നവനീതിനേയും ബാധിച്ചത്. സോള്‍ജെന്‍സ്മ എന്ന മരുന്നാണ് നല്‍കിയത്. കേരളം ഏഴുദിവസം കൊണ്ട് 18 കോടി രൂപ കണ്ണൂരിലെ ഒന്നരവയസുകാരന്‍ മുഹമ്മദിന് നല്‍കിയത് ഇതേ മരുന്നിനായിരുന്നു. മരുന്നിന്റെ ഫലമാണ് ഇപ്പോള്‍ കൊഞ്ചലുകളായി എല്ലാവരുടെയും മനം കുളിര്‍പ്പിക്കുന്നത്.
കെ.എസ്.ഇ.ബി പരുത്തിപ്പാറ സബ്‌സ്‌റ്റേഷനിലെ എ.ഇ സന്തോഷ്‌കുമാറിന്റെയും വി.എസ്.എസ്.സി സീനിയര്‍ അസിസ്റ്റന്റ് അനുശ്രീയുടെയും ഏകമകനാണ് നവനീത്. പ്രസവത്തില്‍ കുഞ്ഞിന് ഭാരം 3.120 കിലോഗ്രാം. അപ്പോള്‍ സന്തോഷ്‌കുമാറിന് ജോലി മലപ്പുറത്തായിരുന്നു. അമ്മയും കുഞ്ഞും പത്തനംതിട്ടയിലെ വീട്ടിലും. ഒരു വയസായിട്ടും കമഴ്ന്നുവീഴാത്ത കുഞ്ഞ് ഒരേ കിടപ്പ്. വിദഗ്ദ്ധ പരിശോധനയ്ക്ക് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലെത്തി. രക്തസാമ്പിള്‍ ബംഗളൂരുവിലെ ലാബില്‍ പരിശോധിച്ചപ്പോഴാണ് രോഗവിവരം അറിഞ്ഞത്.
ലോകത്തെവിടെ നിന്നായാലും മരുന്ന് എത്തിക്കണമെന്ന തീരുമാനത്തിലായിരുന്നു സന്തോഷും അനുശ്രീയും. പക്ഷേ, 18 കോടി എങ്ങനെയുണ്ടാക്കും കുറഞ്ഞ വിലയ്ക്ക് കിട്ടുമോ എന്നായി അന്വേഷണം. അമേരിക്കയിലെ നൊവാര്‍ട്ടിസ് കമ്പനിയാണ് സോള്‍ജെന്‍സ്മ നിര്‍മ്മിക്കുന്നത്. കമ്പനിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൗജന്യമരുന്ന് കിട്ടാന്‍ അപേക്ഷ അയച്ചു. ലോകമെമ്പാടും നിന്നുള്ള അപേക്ഷകള്‍ നറുക്കിട്ടാണ് സൗജന്യം നല്‍കുന്നത്. അനുശ്രീയുടെയും സന്തോഷിന്റെയും പ്രാര്‍ത്ഥന ഫലിച്ചു. സൗജന്യത്തിന് നവനീത് അര്‍ഹനായെന്ന അറിയിപ്പ് ലഭിച്ചു.
കിംസ് ആശുപത്രിയില്‍ ഫെബ്രുവരി 26ന് ഡോ. ഡി. കല്പന മരുന്ന് നല്‍കി. ഇതിനിടെ സന്തോഷ് തിരുവന്തപുരത്തേക്ക് സ്ഥലംമാറ്റം വാങ്ങിയിരുന്നു.മരുന്നു നല്‍കി നാലുമാസം പിന്നിടുമ്പോള്‍ നവനീതില്‍ മാറ്റങ്ങള്‍ വന്നുതുടങ്ങി. ദ്രവ ആഹാരം മാത്രം കഴിച്ചിരുന്ന കുഞ്ഞ് ചോറ് ഉടച്ച് കഴിക്കുന്നു. ഏഴ് മിനിട്ടോളം കഴുത്ത് നേരെയാക്കി ഇരിക്കും. കളിക്കും, സംസാരിക്കും. ഫിസിയോതെറാപ്പി കൂടാതെ എസ്.എ.ടി ആശുപത്രിയിലെ ഡോ. ശങ്കര്‍, ഡോ. ഷഹനാസ് അഹമദ് എന്നിവരുടെ ചികിത്സയും തുടരുകയാണ്.
അപൂര്‍വമായ ജനിതക രോഗം ബാധിച്ച് ചികിത്സയ്ക്ക് പണം തേടിയിരുന്ന മാട്ടൂലില്‍ മുഹമ്മദ് എന്ന കുട്ടിയ്ക്ക് മരുന്നിന് ആവശ്യമായ 18 കോടി രൂപ മലയാളികള്‍ മുഴുവനും എത്തിച്ചത് വലിയ വാര്‍ത്തയായിരുന്നു. മുഴുവന്‍ പണവും ലഭിച്ചതായും കേരളത്തിലെ എല്ലാ ജനങ്ങള്‍ക്കും നന്ദി പറയുന്നതായും മുഹമ്മദിന്റെ കുടുംബം അറിയിച്ചത് കേരളം കയ്യടിയോടെയാണ് കേട്ടത്. മരുന്നിനുളള തുക മുഴുവനായും ലഭിച്ചെന്ന് മാട്ടൂല്‍ പഞ്ചായത്ത് പ്രസിഡന്റ് ഫാരിഷ ഔദ്യോഗികമായാണ് അറിയിച്ചത്.
സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി എന്ന ജനിതക രോഗമാണ് മുഹമ്മദിന് ബാധിച്ചത്. മുഹമ്മദിന്റെ സഹോദരി അഫ്രയ്ക്കും ഇതേ രോഗമാണ്. ചെറുപ്പത്തില്‍ മതിയായ ചികിത്സ ലഭിക്കാതെ ദുരിതമനുഭവിച്ചിട്ടുണ്ട് അഫ്ര. തന്റെ പോലെ അനുജന് വരരുതെന്ന് അഫ്ര അപേക്ഷിച്ചിരുന്നു.
വിദേശത്ത് നിന്നും രോഗത്തിനുളള മരുന്ന് എത്തിച്ച് ഒരു ഡോസ് കുത്തിവയ്പ്പ് എടുക്കുന്നതോടെ മുഹമ്മദിന് സാധാരണ ജീവിതത്തിലേക്ക് മെല്ലെ മടങ്ങിയെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. രണ്ട് വയസിന് മുന്‍പാണ് സോള്‍ജന്‍സ്മ എന്ന വിലയേറിയ മരുന്ന് കുത്തിവയ്‌ക്കേണ്ടത്. വെറും 7 ദിവസം കൊണ്ടാണ് വേണ്ട പണം ലഭിച്ചത്.
"
https://www.facebook.com/Malayalivartha