കയ്യടി വാനോളം... സ്ത്രീധനത്തിനെതിരെയുള്ള ഗവര്‍ണറുടെ വേറിട്ട പ്രതിഷേധം ചര്‍ച്ചയാകുന്നു; ഉപവാസ സമരത്തിലൂടെ നേതാക്കളുടെ കണ്ണ് തുറപ്പിച്ചു; സ്ത്രീധനത്തിനെതിരെ എല്ലാവരും കൈകോര്‍ക്കണം; സ്ത്രീധനം കാരണം സ്ത്രീകളുടെ ജീവിതം അടിച്ചമര്‍ത്തപ്പെടുകയാണെന്ന് ഗവര്‍ണര്‍

ഇന്നലത്തെ ദിനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റേതായിരുന്നു. സ്ത്രീധനത്തിനെതിരെ ഗവര്‍ണര്‍ നടത്തിയ ഉപവാസം ദേശീയ ശ്രദ്ധ നേടി. സംസ്ഥാന സര്‍ക്കാരിന്റെ തലവനായ ഗവര്‍ണര്‍ ഇത്തരം ഒരു ആവശ്യം ഉന്നയിച്ച് ഉപവസിക്കുന്നത് അസാധാരണ നടപടിയാണ്.
രാവിലെ 8 മണി മുതല്‍ വൈകുന്നേരം 6 വരെയായിരുന്നു ഉപവാസം. രാവിലെ മുതല്‍ രാജ്ഭവനില്‍ ഉപവസിക്കുന്ന ഗവര്‍ണര്‍ പിന്നീട് 4.30 മുതല്‍ ഗാന്ധി സ്മാരക നിധിയും ഇതര ഗാന്ധിയന്‍ സംഘടനകളും സംയുക്തമായി തൈക്കാട് ഗാന്ധിഭവനില്‍ നടത്തുന്ന ഉപവാസ, പ്രാര്‍ഥനാ യജ്ഞത്തില്‍ പങ്കെടുത്തു.
സ്ത്രീധനം കാരണം സ്ത്രീകളുടെ ജീവിതം അടിച്ചമര്‍ത്തപ്പെടുകയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. മൂല്യങ്ങള്‍ നശിക്കുകയാണ്. സാമൂഹ്യ ബോധം ഇല്ലാത്തതല്ല കേരളത്തിലെ പ്രശ്‌നം. സ്ത്രീ ധനത്തിനെതിരെ എല്ലാവരും കൈകോര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇത് പാര്‍ട്ടികളുടെ വിഷയമല്ല. സ്ത്രീധനത്തിനെതിരെ എല്ലാവരും ഒരുപോലെ കൈ കോര്‍ക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. താന്‍ ഉപവാസത്തിന് തീരുമാനിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടിയും കുമ്മനം രാജശേഖരനും ഗാന്ധിജിയുടെ പൗത്രിയും തന്നെ വിളിച്ച് പിന്തുണ നല്‍കി. മുഖ്യമന്ത്രി പിണറായി വിജയനും പൂര്‍ണ പിന്തുണ അറിയിച്ചു.
സ്ത്രീധനത്തോട് പെണ്‍കുട്ടികള്‍ നോ പറയണം. സ്ത്രീധനം ആവശ്യപ്പെട്ടെന്നറിഞ്ഞാല്‍ പെണ്‍കുട്ടികള്‍ വിവാഹത്തില്‍ നിന്ന് പിന്മാറണം. കോളേജില്‍ ബിരുദം നല്‍കുമ്പോള്‍ തന്നെ സ്ത്രീധനം വാങ്ങില്ല എന്ന ബോണ്ട് ഒപ്പിട്ട് വാങ്ങണമെന്ന നിര്‍ദ്ദേശവും ഗവര്‍ണര്‍ മുന്നോട്ടുവച്ചു. സ്ത്രീധന പരാതിയുയര്‍ന്നാല്‍ സര്‍വകലാശാലകള്‍ ബിരുദം റദ്ദാക്കണമെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.
സഹാനുഭൂതിയാണ് പുരുഷന്‍മാര്‍ക്ക് വേണ്ടത്. വിവാഹിതരാകുന്നതില്‍ വരന്‍മാരുടെ അമ്മമാര്‍ സ്ത്രീധനം തടയണമെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.
കൊല്ലത്ത് സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് മരിച്ച വിസ്മയയുടെ വീട്ടില്‍ ഗവര്‍ണര്‍ കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തിയിരുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും സ്ത്രീധനത്തിനുമെതിരെ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്ന ഉപവാസ സമരം രാഷ്ട്രീയ കേരളത്തിലെ ചൂടുപിടിച്ച ചര്‍ച്ചയായി മാറികഴിഞ്ഞു. ഗാന്ധി സ്മാരകനിധിയും വിവിധ ഗാന്ധിയിന്‍ സംഘടനകളും ചേര്‍ന്ന് സംയുക്തമായി സംഘടിപ്പിച്ച ഉപവാസ പന്തലിലാണ് വൈകുന്നേരത്തോടെ ഗവര്‍ണര്‍ നേരിട്ടെത്തിയത്. സ്ത്രീധന പീഡനത്തിനെതിരെ ശക്തമായ നിലപാടുളളയാളാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
കേരള ഗവര്‍ണറായി നമ്മുടെ സംസ്ഥാനത്ത് എത്തുന്നതിന് മുമ്പും ഇതിനെതിരെ ധീരമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. ഇത്രയധികം സാക്ഷരതയും അഭ്യസ്തവിദ്യരായ സ്ത്രീകളുമുളള കേരളത്തില്‍ ഇപ്പോഴും സ്ത്രീധനം പോലുളള സാമൂഹ്യവിപത്തുണ്ടെന്നത് കേരളത്തിലെത്തിയ അദ്ദേഹത്തെ ഞെട്ടിപ്പിച്ചിരുന്നു.
അതേസമയം, ഗവര്‍ണര്‍ക്ക് അഭിവാദ്യവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍ രംഗത്തെത്തി. ഇന്ത്യന്‍ ഭരണചരിത്രത്തിലെ അപൂര്‍വ കാഴ്ചയാണിതെന്നും ഗാന്ധിയന്‍ മാര്‍ഗത്തിലുള്ള ഈ പ്രതിഷേധത്തിലൂടെ ഗവര്‍ണര്‍ നല്‍കുന്ന സന്ദേശം ഭരണതലപ്പത്തുള്ളവരുടെ കണ്ണു തുറപ്പിക്കട്ടേയെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു.
സംസ്ഥാനത്തിന്റെ ഭരണത്തലവന്‍ തന്നെ ഉപവസിക്കേണ്ട സാഹചര്യം എന്തുകൊണ്ട് ഉണ്ടായി എന്ന് പരിശോധിക്കേണ്ടത് കേരള സര്‍ക്കാരാണ്. വനിതാമതില്‍ കെട്ടിയവരുടെ നാട്ടില്‍ ചെറുപ്രായത്തില്‍ പെണ്‍കുട്ടികള്‍ ചിറകറ്റ് വീഴുന്നത് ആരുടെ പിടിപ്പുകേടാണ്.
എന്തു കുറ്റകൃത്യം ചെയ്താലും രാഷ്ട്രീയ സംരക്ഷണം കിട്ടുമെന്ന ആത്മവിശ്വാസമാണ് ഇക്കൂട്ടര്‍ക്ക്. പ്രചാരവേലകളിലൂടെ എല്ലാത്തിനെയും മറികടക്കാനാണ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കഴിയാത്തവര്‍ അധികാര കസേരയില്‍ തുടരുന്നത് നാടിന്റെ ഗതികേടാണ് എന്നും അദ്ദേഹം കുറിച്ചു.
"
https://www.facebook.com/Malayalivartha