വേറാരുമില്ലേ ആശാനെ... സോണിയാജി പോയാല്‍ രാഹുല്‍ജി, രാഹുല്‍ജി പോയാല്‍ സോണിയാജി; കുറേ വര്‍ഷങ്ങളായി തുടങ്ങിയ കലാപരിപാടിക്ക് വീണ്ടും കൊട്ടികലാശം; അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഹുല്‍ ഗാന്ധിയെ രംഗത്തിറക്കാന്‍ നീക്കം

കോണ്‍ഗ്രസ് രക്ഷപ്പെടാത്തത് ഇതുകൊണ്ടാണെന്ന വിമര്‍ശനം ഉയരുമ്പോഴും പരമ്പരാഗതമായി തുടരുന്ന ചടങ്ങ് ആവര്‍ത്തിക്കുകയാണ്. സോണിയാജി പോയാല്‍ രാഹുല്‍ജി, രാഹുല്‍ജി പോയാല്‍ സോണിയാജി അങ്ങനെ തോല്‍ക്കുമ്പോള്‍ മാറി മാറി നേതൃസ്ഥാനം കൈമാറുകയാണ്. ഒരിക്കല്‍ കൂടി രാഹുല്‍ ഗാന്ധിയെ രംഗത്തിറക്കാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ശ്രമിക്കുന്നത്.
അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ തന്നെ പാര്‍ട്ടിയുടെ മുഖമായി ഉയര്‍ത്തിക്കാട്ടാനും സംഘടനാതലത്തില്‍ വന്‍ അഴിച്ചുപണി നടത്താനും കോണ്‍ഗ്രസ് തീരുമാനിച്ചു.
രാഹുലിനെ മുന്നില്‍ നിര്‍ത്തിയുള്ള പോരാട്ടത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. 2024 ലെ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ള ഒരുക്കങ്ങളില്‍ പ്രിയങ്ക ഗാന്ധിയും സജീവ പങ്കു വഹിക്കും. തിരഞ്ഞെടുപ്പിനെ നേരിടാന്‍ ദീര്‍ഘവീക്ഷണമുള്ള കര്‍മപദ്ധതി അനിവാര്യമാണെന്നു വിലയിരുത്തിയാണ്, ആ നിലയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്കും കൂടിയാലോചനകള്‍ക്കും കോണ്‍ഗ്രസ് തുടക്കമിട്ടത്.
തിരഞ്ഞെടുപ്പിനു മുന്‍പ് അടിമുടി മാറി, പുതിയ രൂപത്തില്‍ പാര്‍ട്ടിയെയും രാഹുലിനെയും അവതരിപ്പിക്കാന്‍ ലക്ഷ്യമിട്ടു രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെ ഒപ്പം കൂട്ടാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു. രാഹുല്‍, പ്രിയങ്ക, സംഘടനാ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവരുമായി കഴിഞ്ഞ ദിവസം പ്രശാന്ത് കൂടിക്കാഴ്ച നടത്തി. തിരഞ്ഞെടുപ്പിനുള്ള അണിയറ നീക്കങ്ങള്‍ക്കു ചുക്കാന്‍ പിടിക്കാന്‍ പ്രശാന്തുമായി കൈകോര്‍ക്കുന്നതു പരിഗണനയിലുണ്ടെന്നു പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.
നിലവിലെ ദേശീയ രാഷ്ട്രീയക്കളത്തില്‍ തിരഞ്ഞെടുപ്പ് ജയിക്കാന്‍ പാര്‍ട്ടിക്കു മുഖ്യമായും വേണ്ടത് മാസ് ലീഡര്‍ ഇമേജ് ഉള്ള നേതാവാണെന്നാണു പ്രശാന്തിന്റെ വാദം. ബംഗാളില്‍ മമതാ ബാനര്‍ജിയെയും തമിഴ്‌നാട്ടില്‍ എം.കെ. സ്റ്റാലിനെയും ആ നിലയില്‍ ഉയര്‍ത്തിക്കാട്ടിയാണ് അവരുടെ തിരഞ്ഞെടുപ്പ് വിജയത്തിനു പ്രശാന്ത് ചുക്കാന്‍ പിടിച്ചത്. അതേ രീതിയില്‍ രാഹുലിന്റെ പ്രതിഛായയിലും മാറ്റം വേണം. കോണ്‍ഗ്രസ് നിരയില്‍ ഏറ്റവും ജനകീയനായ നേതാവ് രാഹുലാണെങ്കിലും മോദിയെ കടത്തിവെട്ടാന്‍ കെല്‍പുള്ളയാള്‍ എന്ന നിലയില്‍ അദ്ദേഹത്തെ ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചാല്‍ മാത്രമേ തിരഞ്ഞെടുപ്പില്‍ മുന്നേറാന്‍ സാധിക്കൂവെന്നാണു പ്രശാന്തിന്റെ അഭിപ്രായം.
മമത, ശരദ് പവാര്‍ ഉള്‍പ്പെടെയുള്ള കരുത്തര്‍ അണിനിരക്കുന്ന പ്രതിപക്ഷ നിരയില്‍ രാഹുലിന്റെ സ്വീകാര്യതയും വര്‍ധിപ്പിക്കേണ്ടതുണ്ട്. കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നാല്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പഞ്ചാബ്, യുപി തിരഞ്ഞെടുപ്പുകളിലും പ്രശാന്തിന്റെ സേവനമുണ്ടാകും.
പാര്‍ട്ടിയില്‍ ഒരാള്‍ക്ക് ഒരു പദവി എന്ന നയം നടപ്പാക്കും. പോഷക സംഘടനകള്‍ അഴിച്ചുപണിയും. സമീപകാലത്തെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സംഘടനാ നേതൃത്വത്തോട് ഹൈക്കമാന്‍!ഡ് ആവശ്യപ്പെട്ടു. സംഘടനകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചവര്‍ക്ക് എഐസിസി ഭാരവാഹിത്വത്തിലേക്കു സ്ഥാനക്കയറ്റം നല്‍കും.
2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വമ്പന്‍ പദ്ധതികളുമായാണ് കോണ്‍ഗ്രസ് കളത്തിലേക്കിറങ്ങിയത്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറുമായി കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവര്‍ കൂടിക്കാഴ്ച നടത്തി. സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് അപ്പുറത്തേക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള വമ്പന്‍ നീക്കമാണിതെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ അംഗമായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ആദ്യഘട്ടത്തില്‍ രാഹുലും പ്രിയങ്കയുമാണ് പ്രശാന്തുമായി ചര്‍ച്ച നടത്തിയത്. തുടര്‍ന്ന് ഓണ്‍ലൈനായി സോണിയയും ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha