കിറ്റക്സുമായി സമവായത്തിന് സർക്കാർ തയ്യാറാണ്... ഒടുവിൽ മുട്ടുമടക്കേണ്ടി വന്നു... തെലങ്കാനയിൽ സാബുവിന്റെ വേരോട്ടം നിലക്കുമോ?

സംസ്ഥാനം നിക്ഷേപ സൗഹ്യദമല്ലെന്ന കിറ്റക്‌സ് കമ്പനിയുടെ വിമര്‍ശനങ്ങള്‍ക്കിടെ വ്യവസായ ലോകത്ത് വകുപ്പിന് നഷ്ടമായ പ്രതിച്ഛായ തിരിച്ചുപിടിയ്ക്കാന്‍ വ്യവസായമന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മീറ്റ് ദ മിനിസ്റ്റർ പരിപാടിക്ക് എറണാകുളം ജില്ലയിൽ തുടക്കം കുറിച്ചിട്ടുണ്ട്. ഇതിനു പിന്നാലെ കിറ്റക്സുമായി ഇപ്പോഴും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചിട്ടുണ്ട്.
വ്യവസായികളുമായി ഇന്നത്തെ നടത്തിയ കൂടിക്കാഴ്ചയിൽ കിറ്റക്സ് പരാതിയുമായി വന്നില്ല. എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ ചർച്ച നടത്താൻ ഇപ്പോഴും തയ്യാറാണെന്ന് പി രാജീവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിങ്ങൾ ഇങ്ങോട്ട് വരൂ, നിങ്ങൾക്ക് ഒരു നിയമവും ബാധകമല്ല എന്ന് നമുക്ക് പറയാൻ പറ്റില്ല. നിയമനുസൃതം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് സര്‍ക്കാര്‍ പൂർണ പിന്തുണ നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി.
കുസാറ്റിൽ സംഘടിപ്പിച്ച വ്യവസായ പരാതി പരിഹാര അദാലത്തിൽ 118 അപേക്ഷകളാണ് ലഭിച്ചത്. നിരവധി പരാതികളിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഉടനടി പരിഹാരം കണ്ടെത്തിയിട്ടുണ്ട്.
പുതിയ സർക്കാർ ചുമതലയേറ്റ് 11-ാം ദിവസം വ്യവസായികളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഇത്തരം പരാതിപരിഹാര അദാലത്തുകൾ നടത്താൻ തീരുമാനിച്ചതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പി. രാജീവ് അറിയിച്ചു.
ഭൂമി പാട്ടത്തിന് നൽകുന്നതിന് ഏകീകൃത സംവിധാനം ഉണ്ടാക്കുമെന്നും മന്ത്രി അറിയിച്ചു. വ്യവസായങ്ങൾ സൂക്ഷിക്കേണ്ട രജിസ്റ്ററുകൾ സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ മൂന്നാംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടുള്ള വ്യവസായികളുടെ പരാതികളിൽ കാര്യക്ഷമമായ ഇടപെടൽ നടത്തുന്നതിനായി സംസ്ഥാന സർക്കാർ നിയമനിർമാണം നടത്തുമെന്ന് അറിയിച്ച മന്ത്രി കുറ്റക്കാരായി കണ്ടെത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ കഴിയുന്ന വിധമായിരിക്കും നിയമത്തിന് രൂപം നൽകുന്നതെന്നും കൂട്ടിച്ചേർത്തു.
വ്യവസായ രംഗത്ത് ഉടലെടുക്കുന്ന ഭൂരിപക്ഷം പരാതികളും മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ടതാണ്. ഇത്തരം പരാതികളിൽ വ്യവസായ വകുപ്പിന് ഇടപെടാനുള്ള പരിമിതി പരിഹരിക്കുന്നതിന് വ്യവസായ പരാതിപരിഹാര സമിതിക്ക് സർക്കാർ രൂപം നൽകും.
സർക്കാരും വ്യവസായ സമൂഹവും സംയുക്തമായാണ് സംരംഭങ്ങൾ കെട്ടിപ്പടുക്കുന്നതിനായുള്ള അന്തരീക്ഷം ഒരുക്കുന്നത്. മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥർ വിവിധ ജില്ലകളിലെ വ്യവസായ രംഗത്തെ പരാതികൾ പരിഹരിക്കുന്നതിനായി മുന്നോട്ടു വന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് നയത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഏകജാലക സംവിധാനത്തിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ എഴുപതിനായിരത്തിലധികം എം എസ് എം ഇ യൂണിറ്റുകൾ പ്രവർത്തനം ആരംഭിച്ചു.
വ്യവസായ സമൂഹവും സർക്കാരും തമ്മിൽ മികച്ച ബന്ധമാണുള്ളതെന്ന് പറഞ്ഞ മന്ത്രി, നാടിനെതിരായ നീക്കങ്ങളെ ഒന്നിച്ച് പ്രതിരോധിക്കുമെന്നും കൂട്ടിച്ചേർത്തു. 16ന് തിരുവനന്തപുരത്തും 19ന് കോട്ടയത്തുമാണ് മിറ്റ് ദ മിനിസ്റ്റര്‍ നിശ്ചയിച്ചിരിക്കുന്നത്.
മറ്റ് ജില്ലകളുടെ തീയതി പിന്നീട് പ്രഖ്യാപിക്കും. പരിപാടിയുടെ ഭാഗമായി വ്യാവസായ സംഘടനാ പ്രതിനിധികളുമായും മന്ത്രി ചര്‍ച്ച നടത്തും.
ഈസ് ഓഫ് ഡൂയിംഗ് ബിസിനസുമായി ബന്ധപ്പെട്ട് വ്യവസായമന്ത്രി വ്യവസായികളുമായി ചര്‍ച്ച നടത്തുന്നതിന് ഫിക്കിയുടെ പ്രത്യേക പരിപാടി ജൂലൈ 12 ന് നടന്നിരുന്നു.
സംസ്ഥാനത്തിനകത്തും പുറത്തു നിക്ഷേപം നടത്തുന്ന വ്യവസായികള്‍ നിക്ഷേപ സൗഹൃദമായി സംസ്ഥാനത്തെ മാറ്റാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു.
പതിറ്റാണ്ടുകളായി വ്യവസായം നടത്തുന്നുവെങ്കിലും കാര്യമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നില്ലെന്ന് വ്യവസായികള്‍ വ്യക്തമാക്കിയിരുന്നു. സി.ഐ.ഐയും ചെറുകിട വ്യവസായികളുടെ സംഘടനകളും സംയുക്തമായി കൂടുതല്‍ യോഗങ്ങള്‍ അടുത്ത ദിവസങ്ങളില്‍ നടക്കും.
വിവിധ സര്‍ക്കാര്‍ വകുപ്പുകൾ നിരന്തരമായി പരിശോധനകള്‍ നടത്തുന്നുവെന്നാരോപിച്ച് അസെന്‍ഡ് നിക്ഷേപ സംഗമത്തില്‍ പ്രഖ്യാപിച്ച 3500 കോടി രൂപയുടെ പദ്ധതിയില്‍ നിന്ന് കിറ്റക്‌സ് ഗ്രൂപ്പ് പിന്‍മാറിയിരുന്നു.
സര്‍ക്കാരുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ വിവിധ സംസ്ഥാനങ്ങളില്‍ വ്യവസായം ആരംഭിയ്ക്കുന്നതുമായി ബന്ധപ്പെട്ട ക്ഷണം കിറ്റക്‌സിന് ലഭിച്ചിരുന്നു.
ജെറ്റ് വിമാനം അയച്ച് സംസ്ഥാനത്തേക്ക് ക്ഷണിച്ച തെലങ്കാനയിലെത്തി ചര്‍ച്ചകള്‍ നടത്തി 1000 കോടിയുടെ പദ്ധതികള്‍ക്ക് തെലങ്കാന സര്‍ക്കാരുമായി കിറ്റക്‌സ് ധാരണാപത്രം ഒപ്പിടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഛായ തിരിച്ചുപിടിയ്ക്കുന്നതിനുള്ള തിരക്കിട്ട നീക്കങ്ങളുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha