ഷാര്‍ജയില്‍ മരിച്ച യുവാവിന്‍റെ മൃതദേഹവുമായി പോയ ആംബുലന്‍സ് രണ്ട് വാഹനങ്ങളുമായി കൂട്ടിയിടിച്ചു; ആറുപേര്‍ക്ക് പരിക്ക്, മൃതദേഹം മറ്റൊരു ആംബുലൻസിൽ വീട്ടിലേക്ക് കൊണ്ടുപോയി

ഷാര്‍ജയില്‍ മരിച്ച കാസര്‍കോട് ഉദുമ സ്വദേശി സുധീഷിന്‍റെ മൃതദേഹവുമായി കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് പോയ ആംബുലന്‍സ് അപകടത്തില്‍പെട്ടു. പിലാത്തറ - പാപ്പിനിശ്ശേരി റോഡില്‍ എരിപുരത്ത് പിക്കപ്പ് വാനും കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു.
ഗുരുതര പരിക്കേറ്റ ആംബുലന്‍സ് ഡ്രൈവര്‍ ശ്രീജിത്തി(35)നെയും പരിക്കേറ്റ പിക്കപ്പ് വാന്‍ ഡ്രൈവര്‍ ഷെയ്ക്ക് അലി(50), അബ്ദുല്‍ ഖാദര്‍(28), രവീന്ദ്രന്‍ (40), നാരായണന്‍(45), ബാബുരാജന്‍ (46) എന്നിവരെയും പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പഴയങ്ങാടി താലൂക്ക് ആശുപത്രിക്ക് സമീപം വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. ഷാര്‍ജയില്‍ മരിച്ച ഉദുമ സ്വദേശി സുധീഷിന്‍റെ മൃതദേഹം ഇന്ന് പുലര്‍ച്ചെ 3.40നാണ് അവിടെനിന്ന് കണ്ണൂരിലേക്ക് കൊണ്ടുവന്നത്.
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടം. എതിരെ വരികയായിരുന്ന പിക്കപ്പ് വാനും കാറുമായി കൂട്ടിയിടിച്ച് ആംബുലന്‍സ് കീഴ്മേല്‍ മറിഞ്ഞു.
അപകടമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും പഴയങ്ങാടിയിലെ ചുമട്ട് തൊഴിലാളികളുമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ആംബുലന്‍സ് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. അപകടത്തില്‍പ്പെട്ട ആബുലന്‍സിലുണ്ടായിരുന്ന മൃതദേഹം മറ്റൊരു ആംബുലന്‍സില്‍ ഉദുമയിലേക്ക് കൊണ്ട് പോയി.
https://www.facebook.com/Malayalivartha