പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഞായറാഴ്ച കുന്നംകുളം ആശുപത്രിയിൽ എത്തിച്ചു; ഡോക്ടര്‍മാര്‍ ഇല്ലാതിരുന്നതിനാല്‍ നഴ്സുമാര്‍ വേദനയ്ക്കുള്ള കുത്തിവയ്പു നല്‍കി, വീണ്ടും വേദന കൂടിയെന്നു പരാതിപ്പെട്ടപ്പോള്‍ ആശുപത്രി ജീവനക്കാരിൽ നിന്നും വഴക്ക്...ഇതിനിടെ ശുചിമുറിയില്‍ പോയപ്പോള്‍ കുഞ്ഞു പുറത്തേക്കും: കുഞ്ഞിന് അണുബാധയും, പരിചരണം ലഭിച്ചില്ലെന്ന ആരോപണവുമായി ആരോഗ്യമന്ത്രിക്ക് പരാതി നൽകി കുടുംബം

കുന്നംകുളം താലൂക്ക് ആശുപത്രിയിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചതായി ആരോഗ്യ മന്ത്രിക്കു പരാതി. അഞ്ഞൂര്‍ മുട്ടില്‍ സ്വദേശിനിയാണ് കഴിഞ്ഞ ഞായറാഴ്ച ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവിച്ചത്. കുഞ്ഞിന് അണുബാധ ഏറ്റതിനെ തുടര്‍ന്ന് തൃശൂര്‍ നഗരത്തിലുള്ള സ്വകാര്യ ആശുപത്രിയിലേയ്ക്കു മാറ്റിയിരിക്കുകയാണ്.
ചികിത്സാ പിഴവ് ആരോപിച്ച് ആരോഗ്യമന്ത്രിക്കും ഡിഎംഓയ്ക്കും കുടുബം പരാതി നല്‍കി. പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഞായറാഴ്ചയാണ് യുവതിയെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.
എന്നാല്‍ ഞായറാഴ്ച ഡോക്ടര്‍ ഉണ്ടായിരുന്നില്ല. ഫോണില്‍ ബന്ധപ്പെട്ടതനുസരിച്ച് ആശുപത്രിയില്‍ ചികിത്സ തുടര്‍ന്നു. എന്നാല്‍ വേണ്ടവിധത്തിലുള്ള പരിചരണം പെണ്‍കുട്ടിക്ക് ലഭിച്ചില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.
ഡോക്ടര്‍മാര്‍ ഇല്ലാതിരുന്നതിനാല്‍ നഴ്സുമാര്‍ വേദനയ്ക്കുള്ള കുത്തിവയ്പു നല്‍കിയതായി യുവതി പറയുന്നു. വീണ്ടും വേദന കൂടിയെന്നു പരാതിപ്പെട്ടപ്പോള്‍ ആശുപത്രി ജീവനക്കാര്‍ വഴക്കു പറഞ്ഞു. ഇതിനിടെ ശുചിമുറിയില്‍ പോയപ്പോള്‍ കുഞ്ഞു പുറത്തേയ്ക്കു വന്നു. ഇതു കണ്ടു ഭയന്ന യുവതി ബഹളം വച്ചു പുറത്തേയ്ക്കു വന്നു.
ശബ്ദം കേട്ടെത്തിയപ്പോഴാണ് നേഴ്‌സുമാരുള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് കുട്ടിയെ പുറത്തെടുത്തത്. ബന്ധുക്കള്‍ മന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്കു പരാതി നല്‍കിയതോടെ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഉള്‍പ്പടെയുള്ളവര്‍ ആശുപത്രിയിലെത്തി പരിശോധന നടത്തി.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു. അതേസമയം സംഭവത്തില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് കുന്നംകുളം ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം.
https://www.facebook.com/Malayalivartha