ട്രോളിംഗ് നിരോധനം ഞായറാഴ്ച്ച അവസാനിക്കും: ചാകര തേടി മുക്കുവൻ കടലിലേക്ക്!! ബോട്ടില്‍ പോകുന്ന തൊഴിലാളികള്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം; കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും കയ്യിൽ കരുതണം

52 ദിവസം നീണ്ടു നിന്ന ട്രോളിംഗ് നിരോധനം ഞായറാഴ്ച അവസാനിക്കുന്നതോടെ അര്‍ദ്ധരാത്രി മുതല്‍ ബോട്ടുകള്‍ കോളുതേടി കടലിലേക്ക് കുതിക്കും. ഇതോടെ കുതിച്ചുയര്‍ന്ന മത്സ്യവില താഴുമെന്നാണ് പ്രതീക്ഷ. തീരങ്ങളിലെ വറുതിക്കും ചെറിയ ആശ്വാസമാകും.
സാധാരണ ട്രോളിംഗ് നിരോധന കാലത്ത് പരമ്പരാഗത വള്ളക്കാര്‍ക്ക് കാര്യമായി കോള് ലഭിക്കാറാണ് പതിവ്. പക്ഷേ ഇത്തവണ കാര്യമായ നേട്ടമുണ്ടാക്കാനായില്ല. കൊവിഡ് നിയന്ത്രണം മൂലം സംസ്ഥാനത്ത് പല ഹാര്‍ബറുകളും ആഴ്ചകളോളം അടഞ്ഞു കിടന്നു. അതുകൊണ്ടു തന്നെ കിട്ടുന്ന മത്സ്യത്തിന് തീവിലയാണ്.
കൊല്ലം തീരത്ത് ഒരുകിലോ പൂവാലന്‍ കൊഞ്ചിന്റെ വില ഇന്നലെ 550 രൂപയായും അയലയുടെത് 270 ആയും ഉയര്‍ന്നു. രണ്ടുമാസം മുന്‍പ് 80ല്‍ കിടന്ന ഒരു കിലോ ചൂടയുടെ (നെത്തോലി) വില ഇന്നലെ 110 രൂപയായി. കര്‍ക്കടക മാസമായതിനാല്‍ ചെങ്കലവയും കരിക്കാടിയും കാര്യമായി കിട്ടുമെന്ന പ്രതീക്ഷയിലാണ് ബോട്ടുടമകള്‍.
മുന്‍കാലങ്ങളിലേതു പോലെ എല്ലാ ബോട്ടുകളും ഒരുമിച്ച് കടലില്‍ പോകാന്‍ ഇത്തവണയും അനുവദിക്കാന്‍ സാദ്ധ്യതയില്ല. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒറ്റ, ഇരട്ട അക്കങ്ങളില്‍ അവസാനിക്കുന്ന രജിസ്ട്രേഷന്‍ നമ്പരുകളുള്ള ബോട്ടുകളെ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം മത്സ്യബന്ധനത്തിന് പോകാന്‍ അനുവദിക്കാനാണ് സാദ്ധ്യത.
സംസ്ഥാനത്തെ ഏറ്റവും വലിയ മത്സ്യബന്ധന തുറമുഖമായ ശക്തികുളങ്ങരയില്‍ നൂറ് എച്ച്.പിക്ക് മുകളില്‍ ശേഷിയുള്ള യന്ത്രങ്ങള്‍ സ്ഥാപിച്ചിട്ടുള്ള ബോട്ടുകള്‍ക്ക് ഒറ്റ, ഇരട്ട നിയന്ത്രണം ഏര്‍പ്പെടുത്തും. ബോട്ടില്‍ പോകുന്ന തൊഴിലാളികള്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും വേണം.
ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ നാട്ടിലേക്ക് മടങ്ങിയ അന്യസംസ്ഥാന തൊഴിലാളികള്‍ മടങ്ങിയെത്തിത്തുടങ്ങിയിട്ടുണ്ട്. ബോട്ടുകളുടെയും വലകളുടെയും അറ്റകുറ്റപ്പണി അന്തിമ ഘട്ടത്തിലാണ്. ഇത്തവണ കടലമ്മ ചതിക്കില്ലെന്ന വിശ്വാസത്തിലാണ് മത്സ്യത്തൊഴിലാളികള്‍. ബോട്ടുകള്‍ കടലില്‍ പോയി തുടങ്ങുന്നതോടെ മത്സ്യ സംസ്കരണ യൂണിറ്റുകള്‍ അടക്കമുള്ള അനുബന്ധമേഖലയും സജീവമാകും. ആകെയുള്ള രജിസ്റ്റേര്‍ഡ് ബോട്ടുകള്‍: 4388 (മോട്ടറൈസ്ഡ് ആന്‍ഡ് മെക്കാനിക്കല്‍) ആഴക്കടല്‍ ബോട്ടുകളിലെ തൊഴിലാളികള്‍: 40000 (ഏകദേശം).
https://www.facebook.com/Malayalivartha