രണ്ടരവയസുകാരന്റെ തല ആശുപത്രിയിലെ ജനാലക്കമ്പിയില്‍ കുടുങ്ങി

ചികിത്സയില്‍ കഴിയുന്ന മുത്തശിയെ കാണാനെത്തിയ രണ്ടരവയസുകാരന്റെ ശിരസ് ആശുപത്രിയുടെ ജനാലക്കമ്പിയില്‍ കുടുങ്ങി. മാതാവിന്റെ നിലവിളിയും കുട്ടിയുടെ കരച്ചിലും കേട്ട് ഓടിയെത്തിയവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിശമനസേനയെത്തി കമ്പി അറുത്തു മാറ്റി കുട്ടിയെ രക്ഷപ്പെടുത്തി.
കാഞ്ഞാറില്‍ ടയര്‍ കട നടത്തുന്ന മൂവാറ്റുപുഴ ഏനാനെല്ലൂര്‍ കോതായില്‍ റഹീമിന്റെ മകന്‍ മുഹമ്മദ് റഫീക്കാണ് അപകടത്തില്‍പ്പെട്ടത്. റഹീമിന്റെ മാതാവ് ഐഷ ഒരാഴ്ചയായി ആശുപത്രിയിലായിരുന്നു. ഐഷയെ കാണാനാണ് മരുമകള്‍ ബിസ്മി, മകന്‍ മുഹമ്മദ് റഫീക്കുമൊത്ത് എത്തിയത്.
മൂന്നാംനിലയിലെ മുറിയുടെ ജനലില്‍ക്കൂടി പുറംകാഴ്ചകള്‍ കാണുമ്പോഴാണ് കുരുന്നിന്റെ തല അബദ്ധത്തില്‍ കമ്പിക്കുള്ളിലായത്. ഉച്ചത്തിലുള്ള നിലവിളികേട്ട് ഓടിക്കൂടിയവര്‍ കുട്ടിയെ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ആശുപത്രിയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന തൊഴിലാളികള്‍ മാര്‍ബിള്‍ മുറിക്കുന്ന കട്ടര്‍ ഉപയോഗിച്ച് കമ്പി മുറിക്കാന്‍ നടത്തിയ ശ്രമവും വിഫലമായി.
തുടര്‍ന്ന് തൊടുപുഴയില്‍ നിന്ന് അഗ്‌നിശമന സേനാംഗങ്ങളെത്തി ഹൈഡ്രോളിക് കട്ടറുപയോഗിച്ച് കമ്പി അറുത്തുമാറ്റിയാണ് കുട്ടിയുടെ തല പുറത്തെടുത്തത്. ഇടയ്ക്കു കട്ടറിന്റെ പ്രവര്‍ത്തനം നിലച്ചത് പ്രതിഷേധത്തിനിടയാക്കി. പിന്നീട് കമ്പി വളച്ചും അറുത്ത് മാറ്റിയുമാണ് കുട്ടിയെ രക്ഷിച്ചത്. അത്യാഹിത വിഭാഗത്തിലെത്തിച്ച് മുഹമ്മദ് റഫീക്കിന് വിശദമായ പരിശോധന നടത്തി. കുട്ടിയുടെ തലയ്ക്ക് പരുക്കില്ലെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















