അവസാനംവരെ പോരാടി... ജീവന്‍മരണ പോരാട്ടത്തില്‍ അവസാനം വരെ അഹമ്മദ് മസൂദിന്റെ പോരാളികള്‍ പൊരുതിയെങ്കിലും പഞ്ച്ഷീറും വീണുവെന്ന വാര്‍ത്ത പുറത്ത്; അഫ്ഗാന്‍ പൂര്‍ണമായും നിയന്ത്രണത്തിലെന്ന് താലിബാന്‍; കാര്യങ്ങള്‍ മാറിമറിയുന്നു

താലിബാന് ഇത്രയും പോരാട്ടം നടത്തിയിട്ടും പഞ്ച്ഷീര്‍ പിടികൊടുക്കാത്തത് വലിയ വാര്‍ത്തയായിരുന്നു. ജീവന്‍മരണ പോരാട്ടത്തില്‍ അവസാനം വരെ അഹമ്മദ് മസൂദിന്റെ പോരാളികള്‍ പൊരുതിയിരുന്നു. ഇതിനിടെ പഞ്ച്ഷീറിനെ തോല്‍പ്പിക്കാന്‍ അല്‍ഖ്വയ്ദ തീവ്രവാദികളുടെ സഹായം പോലും താലിബാന്‍ തേടിയെന്ന റിപ്പോര്‍ട്ടും പുറത്തു വന്നു.
അവസാനം അഫ്ഗാനിലെ വടക്കന്‍ പ്രവിശ്യയായ പഞ്ച്ഷീര്‍ താഴ്‌വരയും താലിബാന്‍ കീഴടക്കിയെന്ന വാര്‍ത്തയാണ് വന്നത്. ഇതോടെ അഫ്ഗാനിസ്ഥാന്‍ പൂര്‍ണമായും താലിബാന്റെ നിയന്ത്രണത്തിലായി. താലിബാനു കീഴടങ്ങാതെ ചെറുത്തുനിന്ന പഞ്ച്ഷീറില്‍ ഏതാനും ദിവസമായി പോരാട്ടം തുടരുകയായിരുന്നു. താലിബാന് വലിയ ആള്‍നഷ്ടമാണ് പഞ്ച്ഷീര്‍ വരുത്തിയത്.
താലിബാന്‍ സ്ഥാപകനേതാവായ മുല്ലാ ബറാദറിന്റെ നേതൃത്വത്തിലുള്ള അഫ്ഗാന്‍ സര്‍ക്കാരിന്റെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. താലിബാന്‍ രാഷ്ട്രീയവിഭാഗം മേധാവിയായ മുല്ല ബറാദറിനൊപ്പം സംഘടനയുടെ സ്ഥാപകനായ മുല്ല ഒമറിന്റെ മകന്‍ മുല്ല മുഹമ്മദ് യാക്കൂബ്, ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനെക്‌സായി എന്നിവരും സര്‍ക്കാരില്‍ പ്രധാന സ്ഥാനങ്ങളിലുണ്ടാവുമെന്ന് താലിബാന്‍ കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു.
ഏറ്റവും പ്രധാന സഖ്യകക്ഷി ചൈനയായിരിക്കുമെന്ന് താലിബാന്‍ വക്താവ് സബിഹുല്ല മുജാഹിദ് വ്യക്തമാക്കി. അഫ്ഗാനില്‍ വന്‍ നിക്ഷേപത്തിനും പുനര്‍നിര്‍മാണ പദ്ധതികള്‍ക്കും ചൈന സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. റഷ്യയും പ്രധാന സഖ്യകക്ഷിയാണെന്ന് താലിബാന്‍ പറഞ്ഞു. അഫ്ഗാന്‍ ജനതയ്ക്കു സഹായമെത്തിക്കുന്നതിനായി താലിബാനുമായി സഹകരിക്കുമെന്നും എന്നാല്‍ സര്‍ക്കാരിന് അംഗീകാരം നല്‍കി എന്നല്ല ഇതിനര്‍ഥമെന്നും യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ മേധാവി ജോസഫ് ബോറല്‍ അറിയിച്ചു. സമാനമായ സഹകരണം ബ്രിട്ടനും വാഗ്ദാനം ചെയ്തു.
ഭക്ഷ്യക്ഷാമം നേരിടുന്ന അഫ്ഗാനിലേക്കുള്ള സഹായങ്ങളുമായി ഐക്യരാഷ്ട്ര സംഘടനയുടെ ചില വിമാനങ്ങള്‍ സര്‍വീസ് ആരംഭിച്ചു. താലിബാന്‍ അധികാരം പിടിച്ചതോടെ നിലച്ച പാശ്ചാത്യ സഹായങ്ങള്‍ ഇനിയും പുനരാരംഭിച്ചിട്ടില്ല. അഫ്ഗാന്റെ യുഎസിലുള്ള നിക്ഷേപങ്ങള്‍ വിട്ടുകൊടുക്കാന്‍ ബൈഡന്‍ ഭരണകൂടം തയാറായിട്ടുമില്ല.
അതിനിടെ, കശ്മീരില്‍ അടക്കം ലോകത്തെവിടെയുമുള്ള മുസ്‌ലിംകള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍ അവകാശമുണ്ടെന്ന് താലിബാന്‍ പറഞ്ഞു. എന്നാല്‍, ഏതെങ്കിലും രാജ്യത്തിനെതിരെ സായുധ നീക്കം നടത്തുന്നതു തങ്ങളുടെ നയമല്ലെന്നും താലിബാന്‍ ദോഹ ഓഫിസ് വക്താവ് സുഹൈല്‍ ഷഹീന്‍ ബിബിസി അഭിമുഖത്തില്‍ വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനിലെ നിലവിലെ സ്ഥിതി സംബന്ധിച്ചു യൂറോപ്യന്‍ യൂണിയന്‍ (ഇയു) രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തി. യൂറോപ്യന്‍ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ സ്ലോവേനിയയിലാണു കൂടിക്കാഴ്ച നടത്തിയത്. അഫ്ഗാന്‍ മണ്ണ് ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കാന്‍ പാടില്ലെന്നതാണ് ഇന്ത്യയുടെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ദോഹ ഓഫിസ് തലവന്‍ ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനെക്‌സായിയുമായി ഇന്ത്യയുടെ ഖത്തര്‍ അംബാസഡര്‍ ദീപക് മിത്തല്‍ ചര്‍ച്ച നടത്തിയിരുന്നു.
അതിനിടെ വനിത ജഡ്ജിമാരും ഭീഷണിയിലാണ്. ഒരിക്കല്‍ അവര്‍ രാജ്യത്തിന്റെ അഭിമാനമായിരുന്നു. 250 വനിതാ ജഡ്ജിമാര്‍. ഇന്ന്, തങ്ങള്‍ ജയിലിലടച്ച കുറ്റവാളികള്‍ തേടിവരുന്നത് ഭയന്ന് ഒളിവിലാണവര്‍. അഫ്ഗാനിസ്ഥാനിലെ വനിതാ ജഡ്ജിമാരില്‍ ചിലര്‍ക്കു മാത്രമാണ് മറ്റു രാജ്യങ്ങളില്‍ അഭയം തേടാന്‍ കഴിഞ്ഞത്. മനുഷ്യാവകാശ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന വനിതകളെയാണ് ഭരണത്തിന്റെ പിന്‍ബലത്തില്‍ താലിബാന്‍കാര്‍ പ്രധാനമായും തിരയുന്നത്.
https://www.facebook.com/Malayalivartha


























