കോൺഗ്രസിൽ വീണ്ടും പൊളിച്ചു പണി... മുല്ലപ്പള്ളിക്ക് പുതിയ പദവി... കേഡര്‍മാര്‍ക്ക് ഇന്‍സെന്‍റീവും... സുധാകരന്റെ മിന്നൽ നീക്കം

ഇനിയും ഗ്രൂപ്പ് കളിയും പിടലപിണക്കവും ഒക്കെയായി വഴക്കിടാതെ നല്ല പോലെ മുന്നോട്ട് പോകാനാണ് നിലവിൽ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. അതിനായി സംസ്ഥാന കോൺഗ്രസില്‍ അടിമുടി മാറ്റത്തിനായി നേതാക്കൾക്കും അണികൾക്കും മാർഗ്ഗരേഖയും പുറത്തിറക്കി. തമ്മിൽ തല്ല് ഒഴിവാക്കാനും ഒരു പരിപാടി സംഘടിപ്പിക്കുമ്പോഴും അത് സുഗമമായി നടക്കാനുമാണ് ഈ തീരുമാനത്തിലേക്ക് കോൺഗ്രസ് എത്തിയിരിക്കുന്നത്.
ഡിസിസി പ്രസിഡണ്ടുമാരുടെ ശില്‍പ്പശാലയില്‍ കെപിസിസി വർക്കിംഗ് പ്രസിഡണ്ട് പി. ടി. തോമസാണ് മാർഗ്ഗരേഖ അവതരിപ്പിച്ചത്. ആൾക്കുട്ടത്തിൽ നിന്നും കേഡർ പാർട്ടിയിലേക്കുള്ള മാറ്റത്തിന്‍റെ വഴിയൊരുക്കിയാണ് മാർഗ്ഗരേഖ പുറത്തിറക്കിയിരിക്കുന്നത്. അടിമുടി പാർട്ടിയെ മാറ്റി പ്രവർത്തകനെയും നേതാക്കളെയും കൃത്യമായി വിലയിരുത്തിയാകും ഇനി മുന്നോട്ട് പാർട്ടിയുടെ ജൈത്രയാത്രയും.
പാർട്ടി കേഡര്‍മാര്‍ക്ക് പ്രതിമാസ ഇൻസെന്റീവ് നൽകും. കേഡർമാരുടെ മുഴുവൻ സമയ പ്രവർത്തനം ഉറപ്പാക്കാനാണ് പ്രതിമാസ ഇൻസെന്‍റീവ്. ബൂത്ത് കമ്മിറ്റികളുടെ പ്രവർത്തനം ആറുമാസം കൂടുമ്പോൾ വിലയിരുത്തും. കടലാസിൽ മാത്രമുള്ള ബൂത്ത് കമ്മിറ്റികൾ ഇനി പറ്റില്ല. വ്യക്തിപരമായി ആരും ഫ്ലെക്സ് ബോർഡുകൾ വയ്ക്കരുത്, സ്റ്റേജിൽ നേതാക്കളെ കുത്തി നിറക്കരുത് തുടങ്ങിയവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍. ഇതിനൊപ്പം തർക്കങ്ങൾ തീർക്കാൻ ജില്ലാ തലങ്ങളിൽ സമിതി ഉണ്ടാക്കാനുളള നിർദ്ദേശവും മാർഗ രേഖയിലുണ്ട്.
മറ്റൊരു തീരുമാനവും പുറത്ത് വിട്ടിട്ടുണ്ട്. ഒപ്പം തന്നെ മുതിർന്ന നേതാക്കൾക്ക് ഉയർന്ന സ്ഥാനം നൽകി ഒതുക്കാനും പാർട്ടി ആലോചിക്കുന്നുണ്ട്. ഏറ്റവുമൊടുവിലായി പുറത്ത് വന്ന വാർത്തകൾ പ്രകാരം, എഐസിസി പുന:സംഘടനയിൽ മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ പരിഗണിച്ചേക്കും എന്ന സൂചന പുറത്ത് വരുന്നുണ്ട്.
കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് തോൽവിക്കുശേഷം വളരെ പെട്ടെന്ന് മുലപ്പള്ളി രാമചന്ദ്രനെ കെ പി സി സി അധ്യക്ഷ പദവിയിൽ നിന്ന് മാറ്റിയിരുന്നു. ഡി സി സി പുന:സംഘടന വന്നപ്പോഴും മുല്ലപ്പള്ളിയുമായി കൂടിയാലോചന നടന്നില്ലെന്ന പരാതിയും ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് മുല്ലപ്പള്ളി രാമചന്ദ്രനെ ദേശീയതലത്തിലേക്ക് പരിഗണിക്കുന്നത്.
പദവിയുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഇത് സംബന്ധിച്ച് ഹൈക്കമാന്റ് മുല്ലപ്പള്ളി രാമചന്ദ്രനോട് സംസാരിച്ചെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ ഉമ്മൻചാണ്ടി ആന്ധ്രയുടെ ചുമതലയിൽ തുടർന്നേക്കില്ലെന്നാണ് വിവരം. അനാരോഗ്യം ചൂണ്ടിക്കാട്ടി ഒഴിവാകാനാണ് ഉമ്മൻചാണ്ടി ശ്രമിക്കുക.
മാർഗരേഖയിലാകട്ടെ ഇനി മുതൽ എങ്ങനെയായിരിക്കണം ഒരു കോൺഗ്രസ് പ്രവർത്തകൻ പ്രവർത്തിക്കേണ്ടത് എന്നത് സംബംന്ധിച്ച കാര്യങ്ങളാണ് പ്രതിപാദിക്കുന്നത്. നാട്ടിലെ പൊതു പ്രശ്നങ്ങളിൽ പ്രാദേശിക നേതാക്കൾ സജീവമായി ഇടപെടണം, വ്യക്തി വിരോധം കൊണ്ട് ആരെയും കമ്മിറ്റികളിൽ നിന്നും ഒഴിവാക്കരുത്, ബൂത്തുതല നേതാക്കൾക്ക് വരെ ഇടയ്ക്കിടെ പരിശീലനം നൽകും,
നേതാക്കളെ പാർട്ടി പരിപാടിക്ക് വിളിക്കുമ്പോൾ ഡിസിസി അനുവാദം നിർബന്ധം, ഡിസിസി ഓഫീസുകളിൽ സന്ദർശക രജിസ്റ്റർ നിർബന്ധം, ബൂത്ത് കമ്മിറ്റികളുടെ പ്രവർത്തനം ആറു മാസം കൂടുമ്പോൾ വിലയിരുത്തും തുടങ്ങിയ നിർദ്ദേശങ്ങളും മാർഗരേഖയിലുണ്ട്.
കോൺഗ്രസിനെ സെമി കേഡർ പാർട്ടിയാക്കി മാറ്റാനുള്ള ശ്രമത്തിലാണ് നേതൃത്വമെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ നേരത്തേ വ്യക്തമാക്കിയിരുന്നു. അതിനുവേണ്ടിയുള്ള പുതിയ ശൈലിക്ക് തുടക്കമിടുമ്പോൾ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ഡി സി സി അദ്ധ്യക്ഷന്മാരുടെ നിയമനവുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ഉണ്ടായ പ്രശ്നങ്ങൾ നേതൃത്വം അടുത്തിടെ രമ്യമായി പരിഹരിച്ചിരുന്നു. പരസ്യപ്രസ്താവന നടത്തിയ ചില നേതാക്കൾക്കെതിരെ ഇതുവരെയില്ലാത്തവിധത്തിൽ കടുത്ത അച്ചടക്ക നടപടിയും സ്വീകരിച്ചിരുന്നു.
https://www.facebook.com/Malayalivartha



























