കൈയ്യെത്തും ദൂരത്തുണ്ടെങ്കിലും... താലിബാന്‍ ആഭ്യന്തരമന്ത്രി സിറാജുദ്ദീന്‍ ഹഖാനിയെ പിടിക്കാന്‍ യുഎസ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു കോടി ഡോളര്‍ ഇനാം പാഴാകുന്നു; പെന്റഗണിന്റെ പ്രസ്താവനയ്‌ക്കെതിരെ താലിബാന്‍; പാക്ക് ഇടപെടലിനുള്ള വ്യക്തമായ തെളിവു കൂടി പുറത്താകുന്നു

യുഎസ് സര്‍ക്കാര്‍ ഒരു കോടി ഡോളര്‍ ഇനാം പ്രഖ്യാപിച്ച ഒരു പിടികിട്ടാ പുള്ളി താലിബാന്‍ ആഭ്യന്തര മന്ത്രിയായതോടെ ആര് പിടിക്കുമെന്ന ചോദ്യം ബാക്കി. അതേസമയം പഴയ കഥ കുത്തിപ്പൊക്കിയ അമേരിക്കയ്‌ക്കെതിരെ താലിബാന്‍ രംഗത്തെത്തുകയും ചെയ്തു.
അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഇടക്കാല സര്‍ക്കാരിലെ നിരവധി അംഗങ്ങള്‍ യുഎന്‍, യുഎസ് ഭീകരപട്ടികയില്‍ ഉള്‍പ്പെട്ടവരാണെന്ന പെന്റഗണിന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് താലിബാന്‍ രംഗത്തെത്തിയത്. പെന്റഗണിന്റേത് ദോഹ ഉടമ്പടിയുടെ ലംഘനമാണെന്ന് താലിബാന്‍ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. ആഭ്യന്തരമന്ത്രി സിറാജുദ്ദീന്‍ ഹഖാനിയെ പിടിക്കാന്‍ യുഎസ് സര്‍ക്കാര്‍ ഒരു കോടി ഡോളറാണ് ഇനാം പ്രഖ്യാപിച്ചിരുന്നത്.
സോവിയറ്റ് അധിനിവേശത്തിനെതിരെ പോരാടിയ ജലാലുദ്ദീന്‍ ഹഖാനിയുടെ മകനാണ് സിറാജുദ്ദീന്‍ ഹഖാനി. അഫ്ഗാനില്‍ യുഎസിനെതിരെ നടത്തിയ ആക്രമണങ്ങളുടെ മുഖ്യ ആസൂത്രകനാണ്. ഹഖാനി കുടുംബത്തിലെ മറ്റു രണ്ട് അംഗങ്ങള്‍ കൂടി ഇടക്കാല സര്‍ക്കാരിലുണ്ട്. പാക്കിസ്ഥാന്റെ നിയന്ത്രണത്തിലുള്ള ഭീകരസംഘടനയാണ് ഹഖാനി നെറ്റ്‌വര്‍ക്ക്. മന്ത്രിസഭയിലെ അവരുടെ നിര്‍ണായക പങ്കാളിത്തം പാക്ക് ഇടപെടലിനുള്ള വ്യക്തമായ തെളിവു കൂടിയാണ്.
താലിബാന്‍ ഹഖാനി കൂട്ടുകെട്ട് സംബന്ധിച്ചു നിരവധി രാജ്യങ്ങള്‍ ആശങ്ക പങ്കുവയ്ക്കുമ്പോള്‍, ഹഖാനി സാഹിബിന്റെ കുടുംബം താലിബാന്റെ തന്നെ ഭാഗമാണെന്നും അവര്‍ക്കു പ്രത്യേക പേരോ സംഘടനാ സംവിധാനമോ ഇല്ലെന്നുമാണു താലിബാന്റെ ഭാഷ്യം. മാത്രമല്ല, ദോഹ ഉടമ്പടി പ്രകാരം അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരിലെ എല്ലാവരേയും യുഎസും യുഎന്നും ഭീകരപട്ടികയില്‍നിന്നു നീക്കേണ്ടതാണെന്ന് അവര്‍ പറഞ്ഞു. ഇത്തരം നിലപാടുകള്‍ യുഎസിന്റെ പരാജയപ്പെട്ട പരീക്ഷണങ്ങളുടെ ആവര്‍ത്തനം മാത്രമാണെന്നും താലിബാന്‍ വ്യക്തമാക്കി.
താലിബാന്‍ ഇടക്കാല സര്‍ക്കാരിലെ 14 അംഗങ്ങള്‍ ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ ഭീകരപട്ടികയില്‍ ഉള്ളവരാണ്. ഇടക്കാല പ്രധാനമന്ത്രി മുല്ല മുഹമ്മദ് ഹസന്‍ അഖുന്ദ്, ഉപപ്രധാനമന്ത്രിമാരായ മുല്ല ബറാദര്‍, മൗലവി അബ്ദുല്‍ സലാം ഹനഫി എന്നിവര്‍ അടക്കമാണിത്. പ്രതിരോധമന്ത്രി മുല്ല യാക്കൂബ്, വിദേശകാര്യ മന്ത്രി മുല്ല അമീര്‍ ഖാന്‍ മുത്തഖി എന്നിവരെല്ലാം രക്ഷാസമിതി 1988ല്‍ കൊണ്ടുവന്ന പട്ടികയിലുണ്ട്. അഫ്ഗാനിസ്ഥാന്‍ പ്രഖ്യാപിച്ച കാബിനറ്റ് അംഗങ്ങളുടെ ചരിത്രം ആശങ്കപ്പെടുത്തുന്നതാണെന്നും കാര്യങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നുമാണ് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞത്.
അതോസമയം കാബൂളിലെ നോര്‍വീജിയന്‍ എംബസി പിടിച്ചെടുത്ത താലിബാന്‍ എംബസിയിലെ പുസ്തക ശേഖരങ്ങള്‍ നശിപ്പിക്കുകയും വൈന്‍ ബോട്ടിലുകള്‍ തല്ലിപ്പൊട്ടിക്കുകയും ചെയ്തതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടെ, 'പഞ്ച്ശീര്‍ സിംഹം' എന്ന് അറിയപ്പെടുന്ന അഫ്ഗാന്‍ വിമോചന കമാന്‍ഡര്‍ അഹമ്മദ് ഷാ മസൂദിന്റെ 20ാം ചരമ വാര്‍ഷിക ദിനത്തില്‍ താലിബാന്‍ അദ്ദേഹത്തിന്റെ ശവകുടീരം തല്ലിത്തകര്‍ത്തു. ഇതിനെതിരെ രാജ്യത്തു വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
ഇറാനിലെ നോര്‍വേ സ്ഥാനപതി സിഗ്‌വാല്‍ഡ് ഹേഗാണ് താലിബാന്‍ എംബസി പിടിച്ചെടുത്ത വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. 'കാബൂളിലെ നോര്‍വീജിയന്‍ എംബസി താലിബാന്‍ പിടിച്ചെടുത്തിരിക്കുന്നു. ഇതു പിന്നീടു ഞങ്ങള്‍ക്കു തിരികെ നല്‍കുമെന്നാണു പറയുന്നത്.
എന്നാല്‍ വൈന്‍ കുപ്പികളും കുട്ടികളുടെ പുസ്തകങ്ങളും നശിപ്പിക്കുകയാണ് അവര്‍ ആദ്യം ചെയ്തത്. എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. എംബസികള്‍ അടക്കമുള്ള നയതന്ത്ര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ കൈകടത്തില്ലെന്നാണു താലിബാന്‍ ആദ്യം പറഞ്ഞിരുന്നത്. അതേസമയം കമാന്‍ഡര്‍ അഹമ്മദ് ഷാ മസൂദിന്റെ ശവകുടീരം നശിപ്പിച്ചതില്‍ വ്യാപക പ്രതിഷേധമാണ് അഫ്ഗാനിസ്ഥാനില്‍ ഉയരുന്നത്.
https://www.facebook.com/Malayalivartha
























