കല്യാണത്തിന് വീട്ടുകാർ വിസമ്മതിച്ചതോടെ കാമുകൻ ആത്മഹത്യ ചെയ്തു; മനംനൊന്ത് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടി പേഴ്‌സ് തറയിൽ വീണെന്ന് കളവ് പറഞ്ഞ് ചാടിയിറങ്ങി അച്ചന്‍കോവിലാറ്റിലേക്ക് ചാടി:- സംഭവം ശ്രദ്ധയിൽപ്പെട്ട യുവാവ് കൂടെ ചാടി രക്ഷപെടുത്തിയപ്പോൾ കമിതാക്കൾ ആത്മഹത്യ ചെയ്യാൻ ചാടിയെന്ന് നാട്ടുകാർ:- വാക്ക് തർക്കത്തിനിടെ പെൺകുട്ടിക്ക് ബോധം വന്നപ്പോൾ മാവേലിക്കരയിൽ സംഭവിച്ചത് ഇങ്ങനെ...

കാമുകൻ ആത്മഹത്യ ചെയ്തതിൽ മനംനൊന്ത് പ്രായിക്കരപ്പാലത്തില്‍ നിന്ന് അച്ചന്‍കോവിലാറ്റിലേക്ക് ചാടിയ പെണ്‍കുട്ടിയെ സാഹസികമായി രക്ഷപെടുത്തി യുവാവ്. ജീവൻ അപകടത്തിലാകുമെന്ന് മനസിലായിട്ട് പോലും അത് ഗൗനിക്കാതെ ഉളുന്തി പെട്ടിക്കല്‍ വടക്കതില്‍ അനൂപ് സിദ്ധാര്‍ഥൻ (24) പെൺകുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം രണ്ടരയോടെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. അച്ഛനമ്മമാര്‍ മരിച്ചതിനെ തുടര്‍ന്ന് സഹോദരന്റെ സംരക്ഷണത്തിലായിരുന്ന പെണ്‍കുട്ടി ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. യുവാവിന്റെ വീട്ടുകാര്‍ കല്യാണത്തിനു വിസമ്മതിച്ചതിനെത്തുടര്‍ന്ന് ഇയാള്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തു. ഈ മനോവിഷമത്തിലാണ് യുവതി ആത്മഹത്യ ചെയ്യാൻ തുനിഞ്ഞത്.
പെണ്‍കുട്ടി ബന്ധുവിനൊപ്പം ഇരുചക്രവാഹനത്തില്‍ ചെന്നിത്തലയിലെ ബന്ധുവീട്ടിലേക്കു പോകുകയായിരുന്നു. വാഹനം പാലത്തിന്റെ പകുതി പിന്നിട്ടപ്പോള്‍ കൈയിലിരുന്ന പഴ്സ് താഴെ വീണതായി ബന്ധുവായ യുവാവിനോടു പറഞ്ഞ പെണ്‍കുട്ടി വാഹനം നിര്‍ത്തിയ ഉടനെ പെൺകുട്ടി പാലത്തിന്റെ കൈവരികള്‍ക്ക് മുകളിലൂടെ ആറ്റിലേക്കു ചാടുകയായിരുന്നു.
ഈ സമയം പെട്രോള്‍ നിറയ്ക്കാനായി പ്രായിക്കരയിലെ പമ്പില്‍ പോയി വരുകയായിരുന്നു അനൂപ്. സംഭവം ശ്രദ്ധയിൽപ്പെട്ട യുവാവ് വാഹനം നിർത്തി മറ്റൊന്നും ആലോചിക്കാതെ ആറ്റിലേയ്ക്ക് ചാടി. തുടർന്ന് മുങ്ങിത്താഴുകയായിരുന്ന പെണ്‍കുട്ടിയെ രക്ഷിച്ച് പാലത്തിന് താഴെയുള്ള കടവിലേക്ക് എത്തിച്ചു. പക്ഷെ കടവിൽ സംഭവങ്ങൾ കണ്ടു നിന്ന നാട്ടുകാരില്‍ ചിലര്‍ ഇവര്‍ കമിതാക്കളാണെന്നും ഒരുമിച്ച് ആറ്റിലേക്ക് ചാടിയതാണെന്നും തെറ്റിദ്ധരിച്ച് രക്ഷപ്പെടുത്തിയ യുവാവുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു.
ഇതിനിടെ പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന ബന്ധു പാലത്തില്‍നിന്നു താഴെയിറങ്ങി കടവിലെത്തി കാര്യങ്ങള്‍ വിശദീകരിച്ചതോടെയാണ് നാട്ടുകാര്‍ക്ക് സത്യം വ്യക്തമായത്. അടിയന്തര പ്രഥമശുശ്രൂഷ നല്‍കിയതോടെ പെണ്‍കുട്ടിക്ക് ബോധം തിരിച്ചുകിട്ടി. തുടർന്ന് പെൺകുട്ടി തന്നെ കാമുകൻ ആത്മഹത്യ ചെയ്ത മനോവിഷമത്തിൽ ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്ന് നാട്ടുകാരോട് വിശദീകരിച്ചു.
വാക്കുതർക്കം മറ്റൊരു തലത്തിലേയ്ക്ക് വഴിമാറുന്നത് കണ്ട അനൂപ് അവിടെ നിന്ന് ഇതിനിടെ പതുക്കെ പിൻവലിഞ്ഞിരുന്നു. പിന്നീടാണ് പെൺകുട്ടിക്ക് രക്ഷകനായെത്തിയത് ഡി.വൈ.എഫ്.ഐ. ഉളുന്തി യൂണിറ്റ് പ്രസിഡന്റും, കേബിള്‍ നെറ്റ് വര്‍ക് ജീവനക്കാരനുമായ അനൂപ് സിദ്ധാർത്ഥാണെന്ന് നാട്ടുകാർ മനസിലാക്കിയത്.
രക്ഷാപ്രവര്‍ത്തനത്തിനിടെ അനൂപിന്റെ പോക്കറ്റിലുണ്ടായിരുന്ന പണവും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടു. എങ്കിലും ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഈ ഇരുപത്തിനാലുകാരൻ.
https://www.facebook.com/Malayalivartha
























