ഹൃദയം നൊന്താ പറഞ്ഞത്... സ്ത്രീ മുന്നേറ്റം ലക്ഷ്യമാക്കിയുള്ള സാംസ്‌കാരിക വകുപ്പിന്റെ സമം പദ്ധതിയുടെ ഭാഗമായ നാടകക്കളരി അസമമായി മാറി; അനുപമയും അജിത്തും പൊലീസില്‍ പരാതി നല്‍കിയപ്പോള്‍ മറുപടിയുമായി മന്ത്രിയെത്തി; രക്ഷപ്പെടാന്‍ പഴുതിട്ട് മന്ത്രി

ആകെ തണുത്തിരുന്ന ദത്തുകേസ് വീണ്ടും ചര്‍ച്ചയാക്കി മന്ത്രി സജി ചെറിയാന്‍. അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ മന്ത്രി സജി ചെറിയാനെതിരെ നടപടി ആവശ്യപ്പെട്ട് അനധികൃത ദത്തു നല്‍കല്‍ വിവാദത്തിലെ പരാതിക്കാരായ അനുപമ ചന്ദ്രനും അജിത്ത് കുമാറും പൊലീസില്‍ പരാതി നല്‍കിയതോടെയാണ് കാര്യങ്ങള്‍ കൈവിട്ടത്.
സ്ത്രീ മുന്നേറ്റം ലക്ഷ്യമാക്കിയുള്ള സാംസ്‌കാരിക വകുപ്പിന്റെ 'സമം' പദ്ധതിയുടെ ഭാഗമായ നാടകക്കളരി കാര്യവട്ടം ക്യാംപസില്‍ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശങ്ങള്‍. മന്ത്രിയുടെ പ്രസംഗം വൈറലായി. വാര്‍ത്തയും വന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയത്.
അജിത്തിന് ആദ്യ വിവാഹത്തില്‍ രണ്ടും മൂന്നും കുട്ടികളുണ്ടെന്നും പിന്നീടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിച്ചെന്നും മന്ത്രി പറഞ്ഞത് അടിസ്ഥാനരഹിതമാണെന്നു പേരൂര്‍ക്കട പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇത് വ്യക്തിഹത്യയും തെറ്റിദ്ധരിപ്പിക്കലുമാണെന്നും ആരോടൊപ്പം ജീവിക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം ഹനിക്കപ്പെടുകയാണെന്നും ചൂണ്ടിക്കാട്ടിയാണു പരാതി.
സ്വന്തം കുഞ്ഞിനെ രക്ഷിതാക്കള്‍ തട്ടിയെടുത്ത് ശിശുക്ഷേമ സമിതിയില്‍ കൊടുത്തെന്നും അവിടെ നിന്ന് ഉന്നതതല ഒത്താശയോടെ അനധികൃത ദത്ത് നല്‍കിയെന്നുമുള്ള ഇവരുടെ വെളിപ്പെടുത്തല്‍ വലിയ രാഷ്ട്രീയ വിവാദമായി മാറിയിരുന്നു.
'ഇപ്പോള്‍ നാട്ടില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യം' എന്ന മുഖവുരയോടെ അനുപമയുടെയും അജിത്തിന്റെയും പേര് പറയാതെയായിരുന്നു മന്ത്രിയുടെ പരാമര്‍ശങ്ങള്‍. എന്നാല്‍ നിയമത്തിന്റെ പഴുതിട്ടാണ് സജി ചെറിയാന്‍ സംസാരിച്ചത്. അതുകൊണ്ട് തന്നെ സജി ചെറിയാന് നൈസായി ഊരാനാകും. താന്‍ അവരെ ഉദ്ദേശിച്ചില്ല എന്ന് പറഞ്ഞാല്‍ തീര്‍ന്നു.
മന്ത്രിയുടെ വിവാദ പ്രസംഗം ഇങ്ങനെയാണ്. കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികള്‍ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛന്‍ ജയിലിലേക്കു പോവുക. ആ കുട്ടിക്ക് അതിന്റെ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങള്‍ എതിരല്ല. പക്ഷേ ആ അച്ഛന്റെയും അമ്മയുടെയും മനോനില മനസിലാക്കണം.
എനിക്കും മൂന്നു പെണ്‍കുട്ടികളായതു കൊണ്ടാണു പറയുന്നത്. പഠിപ്പിച്ചു വളര്‍ത്തി സ്ഥാനത്തെത്തിച്ചപ്പോള്‍ ആ കുട്ടി എങ്ങനെയാണു വഴി തിരിഞ്ഞു പോയത്. ഊഷ്മളമായ അവളുടെ ജീവിതത്തെക്കുറിച്ച് എന്തെല്ലാം സ്വപ്നങ്ങളാവും മാതാപിതാക്കള്‍ കണ്ടിട്ടുണ്ടാവുക. പക്ഷേ എങ്ങോട്ടാണു പോയത്. ഇരട്ടി പ്രായമുള്ള, വിവാഹിതനും രണ്ടു മൂന്നു കുട്ടികളുടെ പിതാവുമായ ഒരാളോടൊപ്പം. നമ്മുടെ നാട്ടില്‍ നടക്കുന്ന സംഭവങ്ങള്‍ ഒന്നാലോചിച്ചു നോക്കൂ.'
അതേസമയം കേസെടുത്തതില്‍ പ്രതികരണവുമായി മന്ത്രി സജി ചെറിയാന്‍ രംഗത്തെത്തി. അനുപമയെയും അജിത്തിനെയും വ്യക്തിഹത്യ നടത്തിയിട്ടില്ലെന്നും പെണ്‍കുട്ടികള്‍ പ്രായോഗികമായി ചിന്തിക്കണമെന്നു മാത്രമാണ് പറഞ്ഞതെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. 3 പെണ്‍കുട്ടികളുടെ പിതാവ് എന്ന നിലയിലായിരുന്നു തന്റെ പരാമര്‍ശം. ആ കുട്ടിക്ക് എന്തെങ്കിലും പ്രയാസമുണ്ടെങ്കില്‍, ആ കുട്ടിയെ ഉദ്ദേശിച്ചല്ല ഞാന്‍ പറഞ്ഞത്. അവള്‍ക്കെന്റെ മോളുടെ പ്രായമല്ലേ ഉള്ളൂ. അവള്‍ക്കു സംഭവിച്ച ദുരന്തത്തില്‍ സങ്കടപ്പെടുന്നയാളാണ്. ആ പിതാവിനെപ്പറ്റി തിരക്കിയപ്പോള്‍ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞതാണെന്ന് അറിഞ്ഞു. ക്രിമിനല്‍ കുറ്റം ചെയ്‌തെന്നു പറഞ്ഞ് കേസ് കൊടുത്തെന്നു കേട്ടപ്പോള്‍ വിഷമം തോന്നി. ആ പിതാവിനു വേണ്ടി പറയാന്‍ ആരുമില്ല. അവര്‍ ചെയ്തതു തെറ്റായിരിക്കാം. അതു നിയമത്തിന്റെ വഴിക്കു പോകട്ടെ എന്നും മന്ത്രി വിശദീകരിച്ചു.
" f
https://www.facebook.com/Malayalivartha

























