പിണറായിക്ക് താക്കീതുമായി ബിനീഷ്.... താന്‍ വിചാരിച്ചാല്‍ സ്വര്‍ണ്ണം വീണ്ടും പൊന്തി വരുമെന്ന സൂചന നല്‍കി ബിനീഷ്

പിണറായിക്ക് ബിനീഷിന്റെ താക്കീത്. താന്‍ വിചാരിച്ചാല്‍ സ്വര്‍ണ്ണം വീണ്ടും പൊന്തി വരുമെന്ന സൂചനയാണ് ബിനീഷ് നല്‍കിയത്.
ഷാരൂഖ് ഖാനെ ഒതുക്കാന്‍ വേണ്ടി മകന്‍ ആര്യന്‍ഖാനെ ജയിലിലടച്ചു എന്ന പ്രചരണ ത്തിന്റെ മാതൃകയില്‍ കോടിയേരിയെയും സി പി എമ്മിനെയും ഒതുക്കാനായി ബിനീഷ് കോടിയേരിയെ കരുവാക്കി എന്ന തരത്തിലുള്ള പ്രചരണമായിരിക്കും വരും ദിവസങ്ങളില്‍ സി പി എം നടത്തുക. ഇതിന്റെ ഔപചാരികമായ ഉദ്ഘാടനമാണ് കഴിഞ്ഞ ദിവസം ബിനീഷ് കോടിയേരി ബാംഗ്ലൂരില്‍ നടത്തിയത്.
സത്യം ജയിക്കുമെന്നും അറസ്റ്റിലായശേഷമുള്ള മുഴുവന്‍ കാര്യങ്ങളും വിശദീകരിക്കുമെന്നും ബിനീഷ് കോടിയേരി പറഞ്ഞു.. ജയില്‍ മോചിതനായശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ബിനീഷ്. പിടിക്കപ്പെട്ട കേസിലെ കാര്യങ്ങളായിരുന്നില്ല ഇ.ഡി ചോദിച്ചത്.
കേരളത്തിലെ ചില കേസുകളുമായി ബന്ധപ്പെട്ട പലരുടെയും പേരുകള്‍ തന്നെകൊണ്ട് പറയിപ്പിക്കാന്‍ ശ്രമിച്ചു. ഇ.ഡി പറഞ്ഞതുപോലെ ചെയ്തിരുന്നെങ്കില്‍ പത്തു ദിവസത്തിനുള്ളില്‍ പുറത്തിറങ്ങാന്‍ കഴിയുമായിരുന്നു. കേരളത്തില്‍ എത്തിയശേഷം കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തും. ഭരണകൂടത്തിന് അനഭിമതനായതുകൊണ്ടാണ് വേട്ടയാടുന്നത്. കേസ് കെട്ടിച്ചമച്ചതല്ല എന്നതിന് ഇ.ഡിക്ക് തെളിവ് നല്‍കാനായിട്ടില്ലെന്നും തന്റെ പേരിനൊപ്പമുള്ള കോടിയേരിയാണ് പലര്‍ക്കും പ്രശ്‌നമെന്നും ബിനീഷ് പറഞ്ഞു.
കേരളത്തിലെ ഒരു കേസ് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് സ്വര്‍ണ്ണക്കുത്താണ്. അത് പിണറായിക്കുള്ള ഒരു സൂചനയാണ്. വേണ്ടി വന്നാല്‍ താന്‍ എല്ലാം പറയും എന്ന ദു:സൂചന. ബിനീഷ് ജയിലിലായപ്പോള്‍ ചിലര്‍ പിണറായിയെ സംശയിച്ചിരുന്നു. പിണറായി അറിയാതെ ബിനീഷ് ജയിലിലാവില്ല എന്നതായിരുന്നു പ്രചാരണം. ബിനീഷിനെ രക്ഷിക്കാന്‍ പിണറായി ശ്രമിച്ചില്ലെന്ന ആക്ഷേപവും നിലവിലുണ്ട്.
പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലെ തടവറ ജീവിതം ഒരു വര്‍ഷം തികയാന്‍ 11 ദിവസം കൂടി ബാക്കി നില്‍ക്കെയാണ് ബിനീഷിന്റെ ജയില്‍ മോചനം. ബംഗളൂരുവിലെ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനും പൊലീസ് ജീവനക്കാരനുമാണ് ജാമ്യം നിന്നത്. ഇവരുടെ ശമ്പള സ്ലിപ്പുകളും തിരിച്ചറിയല്‍ രേഖകളും ഉള്‍പ്പെടെയുള്ള ജാമ്യ സത്യവാങ്മൂലം ഇരുവരും കോടതിയില്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് സെഷന്‍സ് കോടതിയില്‍നിന്നും ലഭിച്ച വിടുതല്‍ ഉത്തരവ് ജയിലിലെത്തിച്ചശേഷമാണ് പുറത്തിറങ്ങിയത്. ബിനീഷിനെ സ്വീകരിക്കാന്‍ സഹോദരന്‍ ബിനോയ് കോടിയേരിയും സുഹൃത്തുക്കളും എത്തിയിരുന്നു.
2020 ഒക്ടോബര്‍ 29നാണ് ബിനീഷിനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിലായി 14 ദിവസത്തെ ഇ.ഡി കസ്റ്റഡിക്കുശേഷം നവംബര്‍ 11 മുതല്‍ ബംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു. ഏഴുമാസത്തെ വാദ പ്രതിവാദങ്ങള്‍ക്കൊടുവിലായിരുന്നു ജാമ്യം.
വ്യാഴാഴ്ച ഹൈകോടതിയില്‍നിന്ന് ഉപാധികളോടെ ജാമ്യം ലഭിച്ചെങ്കിലും ജയില്‍ മോചനം വൈകി. വെള്ളിയാഴ്ച വൈകിട്ടോടെ ബിനീഷ് പുറത്തിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, ജാമ്യം നില്‍ക്കാമെന്നേറ്റവര്‍ അവസാന നിമിഷം ഉപാധികളെ തുടര്‍ന്ന് പിന്‍മാറി. തുടര്‍ന്ന് മറ്റു രണ്ടു ജാമ്യക്കാരെ ഹാജരാക്കിയെങ്കിലും കോടതി സമയം വൈകിയതോടെ നടപടി പൂര്‍ത്തിയാക്കാനായിരുന്നില്ല. അഞ്ചു ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിന് പുറമെ സമാനമായ കുറ്റകൃത്യത്തിലേര്‍പ്പെടരുത്, തെളിവുകള്‍ നശിപ്പിക്കുകയോ സാക്ഷികളെ സ്വാധീനിക്കുകയോ ചെയ്യരുത്, ആവശ്യപ്പെടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകണം, വിചാരണ കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിട്ടു പോകരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
ഏതായാലും പിണറായിക്ക് കേന്ദ്ര സര്‍ക്കാരിലുള്ള സ്വാധീനം ബി നീഷിന്റെ കാര്യത്തില്‍ ഉപയോഗിക്കേണ്ടി വരും. ഇല്ലെങ്കില്‍ അരുതാത്തത് പലതും സംഭവിക്കും.
"
https://www.facebook.com/Malayalivartha
























