മുല്ലപ്പെരിയാർ ബേബി ഡാമിനരികിലെ മരങ്ങൾ മുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകിയ സംഭവത്തിൽ ഉന്നതതല യോഗത്തിന്റെ മിനുട്‌സ് വനംമന്ത്രിക്ക് ഇത് വരെയും കൈമാറിയിട്ടില്ല ;യോഗത്തിലുണ്ടായിരുന്നത് വനംവന്യജീവി പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹയും ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസും ;വിഷയം വിവാദമായപ്പോൾ മന്ത്രിക്ക് നൽകിയ റിപ്പോർട്ടിലും മിനുട്സ് ഉൾപ്പെടുത്തിയിരുന്നില്ല

മുല്ലപ്പെരിയാർ ബേബി ഡാമിനരികിലെ മരങ്ങൾ മുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകിയ സംഭവം വളരെ വിവാദമായിരുന്നു. ഒടുവിൽ സർക്കാർ തന്നെ ആ തീരുമാനം മരവിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന വിവരമനുസരിച്ച് ഉന്നതതല യോഗത്തിന്റെ മിനുട്‌സ് വനംമന്ത്രിക്ക് ഇത് വരെയും കൈമാറിയിട്ടില്ല എന്നതാണ് .
ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് വിളിച്ച യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അനുവാദം കൊടുത്തത് എന്നാണ് പുറത്ത് വരുന്ന വിവരം . വനംവന്യജീവി പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹയും ഈ യോഗത്തിൽ ഉണ്ടായിരുന്നു. പക്ഷേ യോഗത്തെയും തീരുമാനങ്ങളെയും പറ്റി അദ്ദേഹം മന്ത്രിയുടെ ഓഫീസിന് വിവരം കൊടുത്തിരുന്നില്ല .
സംഭവം വൻ വിവാദമായതോടെ മന്ത്രി വിശദീകരണം തേടി. എന്നാൽ അപ്പോൾ മന്ത്രിക്കു കൊടുത്ത റിപ്പോർട്ടിലും മിനുട്സ് ഉൾപ്പെടുത്തിയിരുന്നില്ല എന്നതാണ് പുറത്ത് വരുന്ന വിവരം . രണ്ട് അഡീഷണൽ ചീഫ് സെക്രട്ടറിമാർ പങ്കെടുത്ത യോഗമാണത് .അപ്പോൾ പിന്നെ മിനുട്സ് ഇല്ലാതിരിക്കാൻ വഴിയില്ല . മിനുട്സിലൂടെ മാത്രമേ നിർണായകതീരുമാനം ഈ യോഗത്തിലാണോ ഉണ്ടായതെന്ന് അറിയാൻ സാധിക്കൂ.
ബേബിഡാം ശക്തിപ്പെടുത്താൻ മരങ്ങൾ മുറിക്കണമെന്നതായിരുന്നു തമിഴ്‌നാട് ഉയർത്തിയ ആവശ്യം. ഇത് സുപ്രീംകോടതി പരിഗണിക്കാനിരിക്കവെയാണ് നിയമവശങ്ങൾ റിപ്പോർട്ട് ചെയ്യുക എന്ന ലക്ഷ്യത്തോടെ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ഫയൽ കൊടുത്തത് . ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയ യോഗത്തിലായിരുന്നു അനുവാദം നൽകുക എന്ന തീരുമാനത്തിലെത്തിയത് . എന്നാൽ ഉദ്യോഗസ്ഥതലത്തിൽ തീരുമാനമെടുത്താലും മന്ത്രിയെ അറിയിക്കാറുള്ളതാണ് . പക്ഷേ ഇവിടെ അങ്ങനെ സംഭവിച്ചില്ല
എന്നാൽ വിഷയം വിവാദത്തിലേക്ക് കടന്നതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരെ ക്രൂശിലാക്കി പ്രശ്നം ഒതുക്കാനാണ് ശ്രമം നടക്കുന്നത് . ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ് മന്ത്രി എ.കെ. ശശീന്ദ്രന് റിപ്പോർട്ട് നൽകിയിരുന്നു . അതിൽ പറയുന്നത് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മരംമുറിക്കാൻ അനുമതി ഉത്തരവ് ഇറക്കിയതെന്നാണ് .
അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സർക്കാരിനോട് പറയാതെ നയപരമായ വിഷയത്തിൽ ഉത്തരവ് ഇറക്കിയതിന് വനംവകുപ്പ് ഉദ്യോഗസ്ഥർ ഇപ്പോൾ പ്രതിസ്ഥാനത്ത് നിൽക്കുകയാണ് . ഐ.എഫ്.എസ്. ഉദ്യോഗസ്ഥനായതിനാൽ ഇദ്ദേഹത്തിനെതിരേ വകുപ്പുതല അച്ചടക്ക നടപടി വേണമെങ്കിൽ, സ്വീകരിക്കേണ്ടത് മുഖ്യമന്ത്രിയാണ്.
മരങ്ങൾ മുറിക്കാൻ അനുമതി നൽകി ഉത്തരവിറക്കിയ വനംവകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡൻറെ നടപടിക്രമങ്ങളിൽ ഗുരുതര പിഴവുള്ളതായി പരിശോധനയിൽ കണ്ടെത്തി. വകുപ്പിന്റെ താഴെത്തട്ടിൽനിന്നു കിട്ടിയ റിപ്പോർട്ടുകൾപോലും അവഗണിച്ചായിരുന്നു മരംമുറിക്കാൻ ബെന്നിച്ചൻ തോമസ് അനുവാദം കൊടുത്തത് .
https://www.facebook.com/Malayalivartha























