ചാച്ചി എനിക്കിട്ട് തന്നെ വച്ചുവല്ലേ... ഡോക്ടറേറ്റ് വിവാദത്തില്‍ വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാലിനെ പൊളിച്ചടുക്കി ബിന്ദു കൃഷ്ണ; അണ്ണാമലൈ യൂണിവേഴ്‌സിറ്റി വഴിയും ഖസാക്കിസ്ഥാനില്‍ പോകാല്ലോ എന്ന പരിഹാസവുമായി ബിന്ദുകൃഷ്ണ; കട്ടക്കലിപ്പില്‍ ഷാഹിദ കമാല്‍

കൊല്ലത്ത് നിന്നുള്ള രണ്ട് സൂപ്പര്‍ നേതാക്കളാണ് ബിന്ദു കൃഷ്ണയും ഷാഹിദ കമാലും. മാത്രമല്ല ഒരു കാലത്ത് ചക്കരയും ഈച്ചയുമായിരുന്നു. ഇരുവരും കോണ്‍ഗ്രസിലുണ്ടായിരുന്ന കാലത്ത് സിപിഎമ്മിനെതിരെ കൊല്ലം മുതല്‍ തലസ്ഥാനം വരെ നിരവധി സമരങ്ങളാണ് നടത്തിയത്. ബിന്ദുകൃഷ്ണ ആരാണെന്നും എത്രവരെ പോകുമെന്നും തിരികെ ഷാഹിദ കമാല്‍ ആരാണെന്നും എത്രവരെ പോകുമെന്നും ഇരുവര്‍ക്കും നന്നായറിയാം.
ഒരുപായില്‍ ഉണ്ടുറങ്ങിയ ഈ രണ്ട് നേതാക്കള്‍ തെറ്റാന്‍ തുടങ്ങിയത് രമേശ് ചെന്നിത്തല കോണ്‍ഗ്രസിന്റെ അമരക്കാരനായി എത്തിയതോടെയാണ്. ബിന്ദു കൃഷ്ണയ്ക്ക് അമിത പ്രാധാന്യം നല്‍കി മത്സരിക്കാന്‍ സീറ്റുകൊടുത്തു. തോറ്റ് തുന്നം പാടിയിട്ടും സീറ്റ് കൊടുത്തുകൊണ്ടേയിരുന്നു. എന്നാല്‍ ഷാഹിദ കമാലിനെ ഒതുക്കി മൂലയ്ക്കിരുത്തി. അതെങ്ങനെ സഹിക്കാന്‍ പറ്റും. ഷാഹിദ രണ്ടും കല്‍പിച്ച് ഇറങ്ങിയതോടെ സിപിഎം അവരെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് മാന്യമായ സ്ഥാനം നല്‍കി. ഇപ്പോള്‍ വനിത കമ്മീഷന്‍ അംഗമാണ്.
പഴയ കൂട്ടുകാരി ഷാഹിദ കമാല്‍ ഇപ്പോഴും പ്രതാപത്തിലാണ്. എന്നാല്‍ ബിന്ദുകൃഷ്ണയ്ക്ക് തോല്‍ക്കാന്‍ മാത്രമാണ് വിധി. ഇപ്പോള്‍ ഒരുവിധം എഐസിസി വരെയെത്തിയെങ്കിലും ഒരു നേട്ടവുമില്ല. അപ്പോഴാണ് ഡോക്ടറേറ്റ് വിവാദം കത്തുന്നത്. അതും പഴയ സുഹൃത്തിനെതിരെ. ഉടന്‍ യോദ്ധയിലെ ജഗതി ശ്രീകുമാറിനെ പോലെ രംഗത്തെത്തി. അതും ജഗതിയുടെ യോദ്ധയിലെ പടവുമായി.
ഡോക്ടറേറ്റ് വിവാദത്തില്‍ വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാലിന്റെ പുതിയ വിശദീകരണത്തില്‍ പരിഹാസവുമായി ഇന്നലെയാണ് ബിന്ദു കൃഷ്ണ രംഗത്തെത്തിയത്. 'അണ്ണാമലൈ യൂണിവേഴ്‌സിറ്റി വഴിയും ഖസാക്കിസ്ഥാനില്‍ പോകാല്ലോ...' എന്ന തലവാചകത്തോടെ യോദ്ധ സിനിമയിലെ ചിത്രം പങ്കുവെച്ചായിരുന്നു പരിഹാസം. നേരത്തെ വിയറ്റ്‌നാം യൂണിവേഴ്‌സിറ്റിയില്‍ നിന്നല്ല ഖസാക്കിസ്ഥാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് തന്റെ ഡോക്ടറേറ്റെന്ന ഷാഹിദ കമാലിന്റെ തിരുത്തിലാണ് പ്രതികരണം.
വ്യാജ ഡോക്ടറേറ്റുമായി ബന്ധപ്പെട്ട പരാതിയില്‍ ലോകായുക്തയില്‍ നല്‍കിയ വിശദീകരണത്തിലാണ് ഷാഹിദ കമാല്‍ താന്‍ ഡോക്ടറേറ്റ് നേടിയ യൂണിവേഴ്‌സിറ്റിയുടെ പേര് വീണ്ടും തിരുത്തിയത്. ഒപ്പം ബിരുദം ലഭിച്ചത് അണ്ണാമലൈ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണെന്നും ഷാഹിദ കമാല്‍ തിരുത്തിയിട്ടുണ്ട്. നേരത്തെ കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ബിരുദം ലഭിച്ചതെന്ന വാദമാണ് ഷാഹിത കമാല്‍ തിരുത്തിയത്. സത്യവാങ് മൂലത്തില്‍ പിഴവ് പറ്റിയതായും ഷാഹിത കമാല്‍ ലോകായുക്ത കോടതിയെ അറിയിച്ചു.
വിയറ്റ്‌നാമിലെ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ഡോക്ടറേറ്റ് ലഭിച്ചതെന്നായിരുന്നു ഷാഹിദ കമാല്‍ ആദ്യം അവകാശപ്പെട്ടിരുന്നത്. ആരോപണങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ സ്ത്രീ ശാക്തീകരണത്തിന്റെ പേരിലാണ് ഡോക്ടറേറ്റ് ലഭിച്ചതെന്ന് ഷാഹിദ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ വാദം തിരുത്തി, കസാഖിസ്ഥാന്‍ ആസ്ഥാനമായുള്ള ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ഓഫ് കോംപ്‌ളിമെന്ററി മെഡിസിനില്‍ നിന്നാണ് ഡോക്‌ടേറ്റ് ലഭിച്ചത് എന്ന പുതിയ വാദമാണ് ഷാഹിദ കമാല്‍ ഉന്നയിക്കുന്നത്.
പല പ്രമുഖര്‍ക്കും പ്രസ്തുത സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് ലഭിക്കുന്നുണ്ടെന്നും, അത്തരമൊരു ഡോക്‌ടേറ്റ് സ്വീകരിക്കുന്നതിലോ, പേരിനൊപ്പം വയ്ക്കുന്നതിലോ തെറ്റില്ലെന്നാണ് ഷാഹിദ കമാലിന്റെ വിശദീകരണം.
ഇതോടെയാണ് ബിന്ദുകൃഷ്ണ പഴയ കൂട്ടുകാരിയ്‌ക്കെതിരെ പേരുപറയാത്ത പോസ്റ്ററുമായി രംഗത്തെത്തിയത്. പേര് പറഞ്ഞില്ലെങ്കിലും ചൂണ്ടിക്കാണിച്ചു. ഷാഹിദ കമാലാണെന്ന്. ചേച്ചി പേടിക്കേണ്ട ഷാഹിദ കമാല്‍ അതറിഞ്ഞ് കഴിഞ്ഞു. ഇനിയെന്തുണ്ടാകുമെന്ന് കണ്ടറിയാം.
"
https://www.facebook.com/Malayalivartha























