തമിഴ്നാടും കേരളവും ഒന്നിച്ച് സ്ഥലത്ത് പരിശോധന നടത്തുക എന്ന നിർദേശം പാലിക്കാൻ സാധിക്കാത്തത് കേന്ദ്രം കാരണം; കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാട് നിർണ്ണായകം; മുല്ലപ്പെരിയാർ ബേബി ഡാമിനു താഴെയുള്ള മരം മുറി വിഷയത്തിൽ തമിഴ്നാട് നൽകിയ അപേക്ഷ ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിൽ

മുല്ലപ്പെരിയാർ ബേബി ഡാമിനു താഴെയുള്ള മരം മുറി വിഷയത്തിൽ കേരളം വല്ലാതെ വലയുകയാണ്. ചെകുത്താനും കടലിനും ഇടയ്ക്ക് എന്ന ഒരു സ്ഥിതിയിലാണ് ഇപ്പോൾ ഈ വിഷയത്തിൽ സർക്കാർ നിൽക്കുന്നത്. തമിഴ്നാട് നൽകിയ അപേക്ഷ ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിൽ ഒതുങ്ങി കൂടിയിരിക്കുകയാണ് . ഇത് വരെയും ഒരു തീരുമാനമായിട്ടില്ല .
കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയവും ഇത് വരെയും ഉത്തരവുകൾ നൽകിയിട്ടില്ല.2006, 2014 വർഷങ്ങളിൽ വന്ന വിധികളിൽ അണക്കെട്ട് ബലപ്പെടുത്താനുള്ള നടപടി ക്രമങ്ങളോട് സുപ്രീം കോടതി യോജിച്ചിരുന്നു. എന്നാൽ ഇതിനായി 23 മരങ്ങൾ മുറിക്കണമെന്ന വാദമായിരുന്നു 2017ൽ തമിഴ്നാട് ഉന്നയിച്ചത് . കേരളത്തിനു നോട്ടിസ് അയക്കുകയും ചെയ്തിരുന്നു .
എന്നാൽ പിന്നീട് കേസ് പരിഗണിച്ചിട്ടില്ല. എന്നാൽ അന്ന് കേരളം സ്വീകരിച്ച നിലപാട് മരം മുറിക്കുന്നതിനുള്ള അനുമതി നിഷേധിക്കുന്നതിനെ ന്യായീകരിച്ചുള്ളതായിരുന്നു . അണക്കെട്ട് ശക്തിപ്പെടുത്തുന്നതിന് എതിരല്ല. എന്നാൽ വനം, പരിസ്ഥിതി, വന്യജീവി സംരക്ഷണ നിയമങ്ങളുടെ കീഴിലുള്ള വിഷയമാണിതെന്നാണ് അന്ന് കേരളം പറഞ്ഞത് .
അന്നു മുതൽ കേസ് കോടതിയുടെ പരിഗണനയിലായിരുന്നു. ഈ കാര്യം കഴിഞ്ഞവർഷം തമിഴ്നാട് സർക്കാരും വ്യക്തമാക്കിയിരുന്നു . കോതമംഗലം സ്വദേശി ജോ ജോസഫ് നൽകിയ ഹർജിക്കുള്ള മറുപടിയിലാണ് ഈ കാര്യങ്ങൾ പറഞ്ഞിട്ടുള്ളത്. പക്ഷേ കേരളത്തിന്റെയും തമിഴ്നാടിന്റെയും പ്രതിനിധികൾ അംഗങ്ങളും കേന്ദ്ര ജലകമ്മിഷൻ പ്രതിനിധി ചെയർമാനുമായ മേൽനോട്ട സമിതി ഡാം ബലപ്പെടുത്തുന്നതിനുള്ള മാർഗമായി മരംമുറിക്കാൻ അനുവദിക്കണമെന്ന നിർദേശം കൊടുത്തിരുന്നു .
ഇതിന്റെ അടിസ്ഥാനത്തിൽ തമിഴ്നാടും കേരളവും ഒന്നിച്ച് സ്ഥലത്ത് പരിശോധന നടത്തുക എന്ന നിർദേശവും മുന്നോട്ട് വച്ചിരുന്നു . സ്ഥലം പെരിയാർ കടുവസങ്കേതത്തിന്റെ പരിധിയിലാണ്. അതുകൊണ്ടു കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വളരെ ആവശ്യമാണ്. കേന്ദ്ര, സംസ്ഥാന വന്യജീവി ബോർഡുകളുടെ പരിശോധനയ്ക്കും ശുപാർശയ്ക്കും ശേഷമേ സാധാരണഗതിയിൽ പരിസ്ഥിതി മന്ത്രാലയം ഉചിതമായ തീരുമാനമെടുക്കൂ.
ഇതുണ്ടായിട്ടില്ലെന്നാണു വനം–പരിസ്ഥിതി മന്ത്രാലയത്തിൽനിന്നും ലഭ്യമാകുന്ന വിവരം. അതേസമയം മുല്ലപ്പെരിയാർ ബേബി ഡാമിനരികിലെ മരങ്ങൾ മുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകിയത് സർക്കാർ തന്നെ മരവിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന വിവരമനുസരിച്ച് ഉന്നതതല യോഗത്തിന്റെ മിനുട്‌സ് വനംമന്ത്രിക്ക് ഇത് വരെയും കൈമാറിയിട്ടില്ല എന്നതാണ് .
ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് വിളിച്ച യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അനുവാദം കൊടുത്തത് എന്നാണ് പുറത്ത് വരുന്ന വിവരം . വനംവന്യജീവി പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹയും ഈ യോഗത്തിൽ ഉണ്ടായിരുന്നു. പക്ഷേ യോഗത്തെയും തീരുമാനങ്ങളെയും പറ്റി അദ്ദേഹം മന്ത്രിയുടെ ഓഫീസിന് വിവരം കൊടുത്തിരുന്നില്ല .
https://www.facebook.com/Malayalivartha























