എന്താണ് ബേബി ഡാം? മരങ്ങള്‍ ഭീഷണിയാകുന്നതെങ്ങനെ? ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്താന്‍ തമിഴ്‌നാടിനു മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി ബേബി ഡാമിന്റെ ബലക്ഷയമാണ്... എന്തു വിലകൊടുത്തും ബേബി ഡാം ശക്തിപ്പെടുത്താന്‍ തമിഴ്‌നാട് ശ്രമം

ബേബി ഡാമിന് സമീപം അപകടകരമായ നിലയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിക്കാതിരിക്കാന്‍ കേരളം എന്തു നിയമ തടസം ഉന്നയിച്ചാലും തമിഴ്‌നാട് മരം മുറിക്കും. മുറിച്ചു കാണിച്ചു തരാം എന്നാണത്രേ ചെന്നൈയിലെ മന്ത്രിമാര്‍ പറയുന്നത്. ഇതിനായി സുപ്രീം കോടതിയെയും സമീപിക്കും.
കേരള മുഖ്യമന്ത്രിയും മന്ത്രിസഭയും അറിഞ്ഞ് നടത്തിയ മരംമുറി ഇടപാട് വിവാദത്തെ തുടര്‍ന്നാണ് മരവിപ്പിക്കേണ്ടി വന്നതെന്ന് തമിഴ്‌നാട് രഹസ്യമായി സമ്മതിക്കുന്നുണ്ട്.
മുല്ലപ്പെരിയാറിലെ അണക്കെട്ടിനോടു ചേര്‍ന്നു പിന്നീടു നിര്‍മിച്ച ബേബി ഡാമിന് 240 അടി നീളവും 53 അടി ഉയരവും എട്ടടി വീതിയുമുണ്ട്. കരിങ്കല്ലും സിമന്റും കോണ്‍ക്രീറ്റും ചേര്‍ന്നു നിര്‍മിച്ച ഡാമിനു ശക്തമായ അടിത്തറയില്ലെന്നതാണ് വസ്തുത. യഥാര്‍ത്ഥത്തില്‍ ബേബി ഡാമിന്റെ കാര്യത്തില്‍ കേരളത്തിന് പണ്ടേ ചങ്കിടിയാണ്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 118 അടിയില്‍നിന്ന് ഉയര്‍ത്തുന്നതിനായാണ് ഇവിടെ ബേബി ഡാം നിര്‍മിച്ചത്. ആദ്യം ഷട്ടര്‍ നിര്‍മിക്കാനായിരുന്നു തമിഴ്നാടിന്റെ പദ്ധതി. ഇതിനായി മണ്ണുനീക്കിയെങ്കിലും പിന്നീട് ഈ ഭാഗത്തു പ്രത്യേക അടിത്തറ നിര്‍മിക്കാതെ ഡാം കെട്ടുകയായിരുന്നു.
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 118 അടി പിന്നിടുമ്പോഴാണ് ബേബി ഡാമിലേക്ക് വെള്ളം എത്തുന്നത്. ജലനിരപ്പ് 142 അടിയാകുമ്പോള്‍ 24 അടി വെള്ളമാണ് ബേബി ഡാമില്‍ സംഭരിച്ചിട്ടുണ്ടാവുക. 2011ലാണ് ബേബി ഡാമിന് ബലക്ഷയം കണ്ടുപിടിച്ചത്. ബേബി ഡാം ബലപ്പെടുത്തുന്നതിനായി തമിഴ്‌നാട് നിര്‍മിച്ച കുഴിയിലേക്ക് വെള്ളം ഉറവയായി എത്തിത്തുടങ്ങിയതും സ്വീപ്പേജ് വാട്ടര്‍ ലെവല്‍ ഉയര്‍ന്നതും ഡാമിന്റെ ബലക്ഷയത്തിന് സൂചനയായി . ഇതോടെയാണ് ബേബി ഡാം ശക്തിപ്പെടുത്താന്‍ തമിഴ്‌നാട് നീക്കങ്ങള്‍ ശക്തമാക്കിയത്. ജലനിരപ്പ് 136ന് മുകളിലേക്ക് കയറ്റണമെങ്കില്‍ ബേബി ഡാം ശക്തിപ്പെടുത്തണമെന്ന് അക്കാലത്ത് കമ്മിഷന്‍ റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. എന്നാല്‍ കേരളം ഇതിനെ എതിര്‍ക്കുന്നു.
ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്താന്‍ തമിഴ്‌നാടിനു മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി ബേബി ഡാമിന്റെ ബലക്ഷയമാണ്. അതിനാലാണ് എന്തു വിലകൊടുത്തും ബേബി ഡാം ശക്തിപ്പെടുത്താന്‍ തമിഴ്‌നാട് ശ്രമിക്കുന്നത്. ഇതിന് തമിഴ്‌നാടിനു മുന്നിലുള്ള ഒരു തടസ്സം ഡാമിനോട് തൊട്ടടുത്ത് നില്‍ക്കുന്ന 3 വന്‍മരങ്ങളും സമീപത്തായുള്ള 24ഓളം മറ്റ് മരങ്ങളുമാണ്. ബേബി ഡാമിനോട് ചേര്‍ന്ന് എന്തു നിര്‍മാണം നടത്തണമെങ്കിലും ആദ്യം പറഞ്ഞ ഈ 3 മരങ്ങള്‍ തടസ്സമാണ്. ബേബി ഡാം ബലപ്പെടുത്തുക എന്നതുകൊണ്ട് ഡാമിന്റെ വീതി കൂട്ടുക എന്നാണ് ഉദ്ദേശിക്കുന്നത്. ഇങ്ങനെ ഡാമിന്റെ വീതി കൂട്ടണമെങ്കില്‍ തൊട്ടടുത്ത് നില്‍ക്കുന്ന 3 മരങ്ങള്‍ നിര്‍ബന്ധമായും മുറിക്കേണ്ടി വരും.
താന്നി, വഴന, ഉന്നം മരങ്ങളാണ് ഇവ. ഈ 3 മരങ്ങളോട് അനുബന്ധിച്ചുള്ള 24 ഓളം മറ്റ് മരങ്ങള്‍ മുറിച്ചാല്‍ തമിഴ്‌നാടിന് സുഗമമായി ഡാമിന്റെ അടുത്തേക്ക് വാഹനങ്ങളും നിര്‍മാണ സാമഗ്രികളും എത്തിക്കുകയും ചെയ്യാം. ഒപ്പംതന്നെ ബേബി ഡാമിന്റെ തൊട്ടടുത്തുള്ള എര്‍ത്തന്‍ഡാമും ശക്തിപ്പെടുത്താം. ബേബി ഡാമും എര്‍ത്തന്‍ ഡാമും ബലപ്പെടുത്തിയാല്‍ പ്രധാന അണക്കെട്ടില്‍ അറ്റകുറ്റപ്പണിയില്ലാതെ ജലനിരപ്പ് 152 അടിയിലേക്ക് ഉയര്‍ത്താം എന്നതും തമിഴ്‌നാട് ലക്ഷ്യം വയ്ക്കുന്നു.
മരങ്ങള്‍ മുറിച്ചു മാറ്റി ബേബി ഡാം ശക്തിപ്പെടുത്തുകയല്ല, മറിച്ച് മുഖ്യ അണക്കെട്ട് പുതുക്കിപ്പണിയണം എന്നതാണ് കേരളത്തിന്റെ നിലപാട്. അതുകൊണ്ടുതന്നെ മരങ്ങള്‍ മുറിച്ച് ബേബി ഡാം പണി തുടങ്ങിയാല്‍ തമിഴ്‌നാടിന് ലഭിക്കുന്ന മേല്‍ക്കൈ തടയാന്‍ കേരളം മുന്‍പുതന്നെ ജാഗ്രത കാട്ടിയിട്ടുണ്ട്. ബേബി ഡാമിന് സമീപത്തെ മരങ്ങള്‍ മുറിക്കാന്‍ കേരളം അല്ല അനുവാദം കൊടുക്കേണ്ടത് എന്നതാണു മറ്റൊരു കാര്യം. മരങ്ങള്‍ സ്ഥിതി ചെയ്യുന്നത് തമിഴ്‌നാടിന്റെ പാട്ട ഭൂമിയിലും ബഫര്‍ സോണിലുമാണ്. അതുകൊണ്ടുതന്നെ കേന്ദ്ര വനം വന്യജീവി വകുപ്പാണ് മരം മുറിക്കാന്‍ അനുമതി നല്‍കേണ്ടത്.
മരം മുറിക്ക് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റാണ് കേരളം നല്‍കേണ്ടത്. പാട്ടക്കരാര്‍ പ്രകാരം തമിഴ്‌നാടിന് മരങ്ങള്‍ മുറിക്കാന്‍ അധികാരമുണ്ടെന്ന് കാട്ടിയാണ് നിലവില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിറക്കിയത്. എന്നാല്‍ ബഫര്‍സോണിലെ മരങ്ങള്‍ മുറിക്കുന്നതിന് മുന്‍പ് കേന്ദ്രത്തിന്റെയോ കേരളത്തിന്റെയോ അനുവാദത്തിന് സമര്‍പ്പിച്ചിട്ടും ഇല്ല.
നിയമത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ കോടതി ഉത്തരവിടുകയുള്ളു. അതാണ് തമിഴ്‌നാടിന്റെ ധൈര്യം.ബേബി ഡാം ശക്തിപ്പെടുത്തി മുല്ലപെരിയാര്‍ കൈയിലാക്കണം എന്നതാണ് ഐഡിയ.
"
https://www.facebook.com/Malayalivartha























