ഗൾഫിൽ ട്രാൻസ്ലേറ്ററാണെന്ന് പറഞ്ഞു;കൺസ്ട്രക്ഷൻ കമ്പനി ഉണ്ടെന്ന് പറഞ്ഞു;മരുമകൻ പക്കാ ഫ്രോഡ്; സിഐയും ആ പയ്യനും ഒറ്റക്കെട്ടാണ്; മോഫിയയുടെ മരണത്തിൽ ചങ്കു പൊട്ടി പിതാവ്

സി.ഐ മോശമായി പെരുമാറിയതിൽ മനംനൊന്ത് യുവതി തൂങ്ങി മരിച്ച സംഭവത്തിൽ പിതാവിന്റെ വെളിപ്പെടുത്തൽ പുറത്ത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; എന്നെയും മകളെയും പോലീസ് സ്റ്റേഷനിൽ വിളിച്ചിരുന്നു. ഞങ്ങൾ പോയിരുന്നു. സിഐയും മരുമകനും ഒറ്റക്കെട്ടാണ്. സിഐ മകളോട് വളരെ മോശമായിട്ടാണ് സംസാരിച്ചത്.
ഈ പയ്യൻ പക്കാ ഫ്രോഡ് ആണ് അവൻ ജോലിക്കൊന്നും പോകില്ല. കൺസ്ട്രക്ഷൻ കമ്പനി ഉണ്ടെന്ന് പറഞ്ഞാണ് മകളെവിവാഹം കഴിച്ചത്. പിന്നീട് അന്വേഷിച്ചപ്പോൾ അങ്ങനെ കമ്പനി ഒന്നുമില്ല. ഗൾഫിൽ ട്രാൻസ്ലേറ്റർ ആണെന്ന് പറഞ്ഞു ജോലിയും ഇല്ല. മകൾ വിശ്വസിച്ച് അങ്ങനെ ഞങ്ങളും വിശ്വസിച്ചു അങ്ങനെയാണ് വിവാഹത്തിലെത്തിയത്.
സി.ഐ മോശമായി പെരുമാറിയതിൽ മനംനൊന്ത് യുവതി തൂങ്ങി മരിച്ചതായി പരാതി ഉയർന്നതോടെയാണ് സംഭവം പുറത്ത് വന്നത്. എടയപുറത്ത് താമസിക്കുന്ന കക്കാട്ട് ദിൽഷാദിന്‍റെ മകൾ മോഫിയ പർവീനാണ് ആത്മഹത്യ ചെയ്തത്. ഭർത്താവ് സുഹൈലുമായി ദാമ്പത്യ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ആലുവ സി.ഐ തിങ്കളാഴ്ച്ച രാവിലെ മധ്യസ്ഥ ചർച്ചക്ക് വിളിച്ചിരുന്നു. ഭർത്താവ് ഒരു രാഷ്ട്രീയ നേതാവിനൊപ്പമാണത്രെ ചർച്ചക്കെത്തിയത്.അവിടെ വച്ച് സി.ഐ തന്നോട് മോശമായി പെരുമാറിയെന്ന് യുവതിയുടെ ആത്മഹത്യ കുറിപ്പിൽ ഉണ്ടായിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു.
പൊലീസ് സ്റ്റേഷനിൽ നിന്ന് തിരികെ എത്തിയ യുവതി വൈകീട്ട് മൂന്നു മണിയോടെ മുറിയിൽ കയറി കതകടച്ചു. ഏറെ നേരമായിട്ടും പുറത്തേക്ക് വരാതിരുന്നതിനെ തുടർന്ന് വീട്ടുകാർ വൈകീട്ട് ആറുമണിയോടെ വാതിൽ ചവിട്ടി തുറന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് എം.എൽ.എ ഇടപെട്ട് രാത്രി തന്നെ തഹസിൽദാറെ വരുത്തി ഇൻക്വസ്റ്റ് തയ്യാറാക്കി. തുടർന്നാണ് മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. യുവതിയുടെ മുറിയിൽ നിന്ന് ലഭിച്ച ആത്മഹത്യ കുറിപ്പും ഫോണും അധികൃതർ കൊണ്ടുപോയിട്ടുണ്ട്.
എന്നാൽ, പൊലീസ് ആരോപണം പൂർണമായും നിഷേധിച്ചു. യുവതി ഭർത്താവിനോട് മോശമായി പെരുമാറിയതോടെ അവരെ ശാസിക്കുക മാത്രമാണ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനു പിന്നാലെ ഗാർഹിക പീഡനത്തിന് ഭർതൃകുടുംബത്തിനെതിരെ കേസ് എടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























